ഗാസയിലെ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ മന്ത്രിസഭ; നാളെ മുതൽ പ്രാബല്യത്തിൽ
ഗാസയിലെ വെടിനിർത്തൽ കരാറിന് ഇസ്രായേൽ സമ്പൂർണ മന്ത്രിസഭയുടെ അംഗീകാരം. കരാർ നാളെ മുതൽ പ്രാബല്യത്തിൽ വരും. സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചശേഷമാണ് വെടിനിർത്തൽ കരാർ 33 അംഗ സമ്പൂർണ മന്ത്രിസഭയുടെ വോട്ടെടുപ്പിനായി കൈമാറിയത്.
24 പേർ കരാറിനെ അനുകൂലിച്ച് വോട്ടു ചെയ്തതോടെ കരാറിന് അംഗീകാരമായി. കരാർ വ്യവസ്ഥകളിൽ അവസാന നിമിഷം ഹമാസ് ചില മാറ്റങ്ങൾ വരുത്താൻ ശ്രമിപ്പിച്ചുവെന്നാരോപിച്ചാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ വെടിനിർത്തൽ കരാറിന് അംഗീകാരം വൈകിപ്പിച്ചത്.
കരാർ പ്രാബല്യത്തിൽ വന്നാൽ ബന്ദികളെ ഞായറാഴ്ച പുലർച്ചെ മുതൽ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു വ്യക്തമാക്കി. ബന്ദികളെ സ്വീകരിക്കാനും അവർക്കുവേണ്ട ചികിത്സാ സൗകര്യങ്ങളടക്കം ഇസ്രയേൽ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചു. യു.എസിന്റെ പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടത്തിയ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ സാധ്യമാകുന്നത്.