യെസ് യുവർ ഓണർ: ഭാഗം 27
[ad_1]
രചന: മുകിലിൻ തൂലിക
അച്ഛേടെ മോൻ വേഗം വായോട്ടാ.. അച്ഛന് എന്റെ മോനേ കാണാൻ കാത്തിരിക്കുകയാണ്.. ” കല്ല്യാണി സന്തോഷം കൊണ്ട് തുള്ളി പിടയ്ക്കുന്ന മനസ്സുമായി നിറ കണ്ണുകളോടെ ആ കാഴ്ച കണ്ട് നിന്നു.. ഉറങ്ങാൻ നേരവും അവളുടെ വയറിൽ തലോടി സായന്ത് കുഞ്ഞിനോട് സംസാരത്തിൽ ആയിരുന്നു.. അവളെ പരിഗണിക്കാത്തതിൽ കല്ല്യാണിക്ക് ചെറിയൊരു പരിഭവം തോന്നി എങ്കിലും.. അവളും സായന്തിന്റെ സംസാരവും കുഞ്ഞിനോടുള്ള വാൽസല്യവും നോക്കി കിടന്ന് ഇരുവരും പതിയെ ഉറക്കത്തിലേക്കു വഴുതി വീണു.. ##############################
കാതടപ്പിക്കുന്ന ശബ്ദത്തിൽ ബുള്ളറ്റ് വന്ന് വീടിന്റെ മുൻപിൽ നിർത്തുന്ന ശബ്ദം കേട്ട് കൊണ്ടാണ് കല്ല്യാണി ജനലിലൂടെ പുറത്തേക്ക് നോക്കിയത്.. ആളെ കണ്ടതും കല്ല്യാണിയുടെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി.. ” സായന്ത് ” ഈശ്വര ഇതിനി എന്തിനുള്ള പുറപ്പാടാണെന്ന് മനസ്സിലോർത്തു കൊണ്ട് കല്ല്യാണി മുറിയിൽ നിന്ന് പുറത്തേക്ക് കുതിക്കുകയായിരുന്നു.. ഗോവണി ഇറങ്ങുമ്പോൾ തന്നെ മേനോന്റെ ദേഷ്യത്തോയുള്ള ചോദ്യം അവളുടെ കാതിൽ പതിഞ്ഞിരുന്നു..
” ആരോട് ചോദിച്ചിട്ടാടാ നീ എന്റെ വീടിന്റെ മുറ്റത്ത് വന്ന് നിൽക്കുന്നത്” ” എന്തിനാണെന്ന് തന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല മേനോനേ.. അകത്ത് ഞാൻ താലി കെട്ടിയവൾ ഉണ്ട്.. എന്റെ കുഞ്ഞിനെ ഗർഭം ധരിച്ചവൾ.. അവളെ കൂട്ടി കൊണ്ട് പോകാനാ ഞാൻ വന്നത്” സായന്ത് അകത്തേക്ക് നോക്കി ഉറക്കെ ” കല്ല്യാണി ഇറങ്ങി വായോ നിന്നെ കൂട്ടി കൊണ്ട് പോകാനാ ഞാൻ വന്നിരിക്കുന്നത്” അവന്റെ ചങ്കൂറ്റത്തോടെയുള്ള വിളി കേട്ടതും നിർമ്മലയ്ക്ക് സന്തോഷമായി.. അവർ കല്ല്യാണിയെ നോക്കി ആനന്ദാശ്രു പൊഴിച്ചു.. അമ്മയുടെ മൗനാനുവാദത്തോടെ കല്ല്യാണി സായന്തിന്റെ അരികിലേക്ക് ഓടിയതും മേനോൻ തന്റെ കൈ നീട്ടി അവളുടെ മുൻപിലൊരു തടസം തീർത്തു..
എന്നിട്ടവളെ ഒരു താക്കീത്തെന്നോണം നോക്കി.. കല്ല്യാണി നിസ്സാഹായത്തോടെ സായന്തിന്റെ മുഖത്തേക്ക് നോക്കി ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ സായന്ത് അവളെ തടഞ്ഞ അയാളുടെ കൈ ബലമായി പിടിച്ച് പുറകിലേക്ക് തിരിച്ച് കല്ല്യാണിയോടായി ” ഒരാളുടേയും ഉമ്മാക്കി കണ്ട് നീ പേടിക്കേണ്ട കാര്യമില്ല കല്ല്യാണി.. ഏത് രാവണൻ വന്ന് എതിർത്താലും ആ പത്ത് തലേം അരിഞ്ഞിട്ട് നിന്നെ ഞാൻ കൊണ്ട് പോകും.. മേനോനെ പ്രായത്തെ മറന്നുള്ള ഷോ ഓഫ് കാണിക്കാതെ അങ്ങ് മാറി നിൽക്കെടോ..” സായന്ത് ഒരൂക്കോടെ മേനോനെ പുറകിലേക്ക് തള്ളി കല്ല്യാണിയുടെ കയ്യിൽ പിടിച്ച് പുറത്തേക്ക് നടന്നു
” ഡാ.. നിനക്കറിയില്ല ഈ മേനോൻ ആരാണെന്ന്.. ഇത് നിന്റെ അവസാനത്തേക്കുള്ള കളിയാണ്.. ” ” ഒന്ന് പോടോ കാർന്നോരേ.. ഇത് സായന്താണ് വെറുതെ എന്റെ കയ്യിക്ക് പണിയുണ്ടാക്കാതെ അടങ്ങിയൊതുങ്ങി ജീവിച്ചാൽ നിനക്ക് നല്ലത്.. അല്ലെങ്കിൽ ഉണ്ടല്ലോ..” സായന്ത് തന്റെ ചൂണ്ടുവിരൽ ഉയർത്തി താക്കീത് നൽകി.. സായന്തിന്റെ കണ്ണിലെ അഗ്നി കണ്ട് അയാളൊന്ന് ഭയന്നു.. സായന്ത് വാതിലിനു മറവിൽ നിന്നിരുന്ന നിർമ്മലയെ നോക്കി കൊണ്ട് ” നിർമ്മലാമ്മേ ഇറങ്ങി വായോ.. മതി ഇയാളുടെ കൂടെ ഇങ്ങനെ നരകിച്ച് ജീവിച്ചത്.. ” നിർമ്മല ഭയത്തോടെ മേനോനെ നോക്കി കൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി നിന്നു..
മേനോൻ അവരെ ദഹിപ്പിക്കും വിധത്തിൽ ദേഷ്യത്തോടെ നോക്കുന്നുണ്ട്… നിർമ്മല അയാളെ ഭയത്തോടെ പാളി നോക്കി കൊണ്ട് ” അമ്മ ഇല്ല മോനേ.. എത്ര ദുഷ്ടനാണെങ്കിലും എന്റെ കഴുത്തിൽ താലി കെട്ടിയത് അല്ലേ.. എന്നോട് ഒരിക്കൽ പോലും സ്നേഹം കാണിച്ചിട്ടില്ലെങ്കിലും എനിക്ക് അത് മറന്ന് പ്രവർത്തിക്കാൻ സാധിക്കില്ല.. ഈ നരകത്തിൽ നിന്ന് എന്റെ മോളെ എങ്കിലും രക്ഷിച്ച് കൊണ്ട് പോയിക്കോ മോനേ.. നിങ്ങൾ നന്നായി ഇരുന്നാൽ അത് മതി ഈ അമ്മയ്ക്ക്” ശേഷം കല്ല്യാണിയുടെ അരികിലേക്ക് ചെന്ന് നിന്ന് കണ്ണുകൾ നിറച്ച് ” എന്റെ മോൾക്ക് നല്ലത് മാത്രമേ വരൊള്ളു.. ചെല്ല് മോന്റെ കൂടെ ചെല്ല്.. “
അവർ നിറ കണ്ണുകളോടെ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി.. കല്ല്യാണി അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടി കരഞ്ഞു.. കല്ല്യാണിയെ അടർത്തി മാറ്റി അവളുടെ വലത് കരം സായന്തിന്റെ വലത് കരത്തിൽ ചേർത്ത് വെച്ച് ” പരസ്പരം തണലായി മനസ്സിലാക്കി ഒരു മെയ്യും മനസ്സുമായി ജീവിക്കാ.. പൊയിക്കോ.. അമ്മേനേ ഓർത്ത് വിഷമിക്കരുത്” അവരുടെ സ്നേഹ പ്രകടനം കാണും തോറും മേനോന്റെ ഉള്ളിൽ പക ആളി കത്താൻ തുടങ്ങി.. പക്ഷേ സായന്തിന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് അയാൾ ആ കാഴ്ച കണ്ട് പല്ല് ഞെരിച്ചു നിൽക്കുകയാണ് ചെയ്തത്.. സായന്ത് അമ്മയെ സ്നേഹത്തോടെ നോക്കി കൊണ്ടും,
മേനോനെ നോക്കി ദഹിപ്പിച്ച് വണ്ടിയിൽ കയറി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് കല്ല്യാണിയോട് ബുള്ളറ്റിൽ കയറാൻ പറഞ്ഞു.. കല്ല്യാണി വണ്ടിയുടെ പുറകിൽ കയറി ഇരുന്ന് അമ്മയോട് കണ്ണുകൾ കൊണ്ട് യാത്ര ചോദിച്ചു.. അവർ നിറഞ്ഞ് തൂവിയ കണ്ണുകൾ അമർത്തി തുടച്ച് അവർക്ക് മൗനാനുവാദം നൽകി.. അവർ കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു.. വീടിനകത്തേക്ക് കയറാൻ ഒരുങ്ങിയതും നിർമ്മലയെ തന്നെ നോക്കി അടിമുടി ദേഷ്യത്തിൽ നിന്ന് വിറയ്ക്കുകയാണ് മേനോൻ.. അയാൾ പാഞ്ഞ് ചെന്ന് നിർമ്മലയുടെ മുടി കുത്തിൽ പിടിച്ച് അവരെ അകത്തേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി..
ഹാളിലെ സോഫയിലേക്ക് ഊക്കോടെ നിർമ്മലയെ തള്ളി ദേഷ്യത്തോടെ അവരുടെ മുടി കുത്തിൽ പിടിച്ച് അവരുടെ മുഖം മേനോൻ തന്റെ മുഖത്തേക്ക് അടുപ്പിച്ചു.. നിർമ്മല വേദനയോടെ കിടന്ന് പുളയുകയാണ് ” നീ എന്ത് കരുതിയടി ഈ മേനോൻ നിന്റെ മോളെയും മറ്റവനേയും സുഖിച്ച് ജീവിക്കാൻ വിടുമെന്നോ.. അവന്റെ അവസാനം എന്റെ കയ്യ് കൊണ്ടാണ്.. അണയാൻ പോകുന്ന ദീപം ആളി കത്തുമെന്ന് കേട്ടിട്ടില്ലേടി നീ.. അത്തരത്തിലൊരു ആളി കത്തൽ മാത്രമാണ് അവൻ കുറച്ച് നേരം മുന്പ് ഇവിടെ കാട്ടി കൂട്ടിയത്.. അത് എന്നന്നേക്കുമായി ഈ മേനോൻ അണയ്ക്കും..അവന്റെ അച്ഛനെയും അമ്മയെയും തീർത്തത് പോലെ”
അയാളുടെ അവസാന വാക്കുകൾ കേട്ട് നിർമ്മല നടുങ്ങി വിറച്ചു.. സായന്തിന്റെ അച്ഛനേയും അമ്മയേയും ഈ ലോകത്ത് നിന്ന് പറഞ്ഞ് വിട്ടതിനു പിൻ മേനോന്റെ കരങ്ങൾ ആയിരുന്നു.. നിർമ്മല ഞെട്ടലോടെ അയാളെ നോക്കി ” എന്താടി നിനക്ക് വിശ്വാസമില്ലേ. ഈ മേനോന് മുകളിൽ ഒരു പരുന്തും പറക്കില്ല.. പറക്കാൻ അനുവദിക്കില്ല കേട്ടോടി ചൂലേ” മേനോൻ അവരുടെ മുഖത്ത് ആഞ്ഞടിച്ച് നിർമ്മലയെ അടുത്തുള്ള മുറിയിലേക്ക് തള്ളി ഡോർ ലോക്ക് ചെയ്തു.. ###############################
സായന്തിനൊപ്പം വീട്ടിലേക്ക് എത്തിയ കല്ല്യാണിയെ സായുവും കുട്ടികളും ആഹ്ളാദത്തോടെയാണ് വരവേറ്റത്.. തങ്ങളുടെ കല്ലു ചേച്ചിക്കും സച്ചുചേട്ടനും കുഞ്ഞാവ വരാൻ പോകുന്നുവെന്ന സന്തോഷ വാർത്ത കൂടി കേട്ടതോടെ അവരുടെ ആഹ്ളാദത്തിന് ഇരട്ടിമധുരം ലഭിച്ചു.. കല്ല്യാണി വീട്ടിലേക്ക് എത്തിയതോടെ കുട്ടികൾ അവളെ വിടാതെ ഇടവും വലവും ഉണ്ട്.. ഉച്ചയ്ക്കു ഫുഡ് കഴിക്കാൻ നേരത്തും ഒഴിവ് നേരമെല്ലാം കുട്ടികൾ കല്ല്യാണിയെ എവിടേം വിടാതെ കൂടെ തന്നെ ഉണ്ടായിരുന്നു.. അവളെയൊന്ന് സ്വസ്ഥമായി അടുത്ത് കിട്ടാൻ സായന്ത് അവളുടെ ചുറ്റുവട്ടത്ത് കറങ്ങി നടന്നു..
അവന്റെ ഒളിഞ്ഞ് നോട്ടവും ചുറ്റി കളിയും കണ്ട് കല്ല്യാണി ചിരിക്കുന്നുണ്ട്.. അത്താഴം കഴിഞ്ഞിട്ടും അവളെ വിട്ട് കിട്ടാൻ ഒരു വഴിയും ഇല്ലാന്ന് കണ്ടതും പ്രശ്നം പരിഹരിക്കാൻ സായന്ത് മുന്നിട്ടിറങ്ങി.. ഉറങ്ങാൻ പോകാമെന്ന് പറഞ്ഞ് രണ്ടും കൽപ്പിച്ച് കല്ല്യാണിയെ കുട്ടികളുടെ അടുത്ത് നിന്ന് വലിച്ചെടുത്ത് കൊണ്ട് പോകേണ്ടി വന്നു സായന്തിന്.. കുഞ്ഞി കല്ല്യാണിയുടെ കൂടെ കിടക്കാൻ വാശിപിടിച്ചു.. അതിന് സായന്തിനെ സഹായ ഹസ്തവുമായി എത്തിയത് സായു ആയിരുന്നു.. കുഞ്ഞിക്ക് കഥ പറഞ്ഞ് തരാമെന്നും പറഞ്ഞ് സായു കുട്ടികളെയും കൂട്ടി അവളുടെ റൂമിലേക്ക് പോയി..
എല്ലാ തിരക്കും ഒഴിഞ്ഞ് കല്ല്യാണിയെ കയ്യിൽ കിട്ടിയ സന്തോഷത്തിൽ സായന്ത് അവളേയും കയ്യിൽ കോരിയെടുത്ത് തന്റെ മുറിയിലേയ്ക്ക് വച്ച് പിടിച്ചു.. മുറിയിൽ എത്തിയതും കല്ല്യാണിയെ താഴെ നിർത്തി അവൻ എളിയിൽ കൈകുത്തി കുത്തി നിന്ന് അണച്ചു..കല്ല്യാണി അവനെ നോക്കി ചിരിച്ച് കൊണ്ട് ” എന്റെ ഏട്ടാ എന്തിനാ ഈ വയ്യാത്ത പണിക്ക് പോയത്… ഞാനിങ്ങ് നടന്ന് കയറി വരില്ലേ” ” ഇനിയും റിസ്കെടുക്കാൻ വയ്യ മോളേ.. കുട്ടിപ്പട്ടാളം മനസ്സ് മാറി വാശി പിടിച്ച് വന്നാൽ എനിക്ക് പണിയാകും..” അവന്റെ ആ സംസാരവും നിൽപ്പും കണ്ടതും കല്ല്യാണി ചിരിക്കാൻ തുടങ്ങി.. ശേഷം റൂമിലാകെ കണ്ണോടിച്ച് കൊണ്ട് ” ഇതാണോ ഏട്ടാ നമ്മുടെ മുറി “
” അതേലോ.. എന്റെ പെണ്ണിന്റെ വരവിനായി ഈ റൂം തന്റെ വാതിലും ജാലകങ്ങളും മലർക്കെ തുറന്നിട്ട് കാത്ത് കിടക്കാൻ തുടങ്ങിയിട്ട് എത്ര നാളായിന്നോ കല്ലു” റൂമിലെ ഓരോന്നും വിടർന്ന കണ്ണുകളാൽ സാകൂതത്തോടെ വീക്ഷിക്കുന്ന കല്ല്യാണിയെ അവൻ പുറകിലൂടെ കെട്ടിപ്പിടിച്ച് അവളുടെ തോളിൽ അവന്റെ താടിയൂന്നി ” മുറി ഇഷ്ടായോ എന്റെ പെണ്ണിന് ” ” ഉം…ഒരുപാട് ഇഷ്ടമായി.. നല്ല മുറിയാണ്.. ” ” നമ്മുടെ വിവാഹ ഫോട്ടോ എടുത്തിട്ടില്ലലോ കല്ലു.. നമ്മുക്കേ നാളെ തന്നെ പോയി കുറച്ച് കപ്പിൾ ഫോട്ടോ എടുത്ത് മുറയിലാകെ ഫ്രെയിം ചെയ്ത് വെയ്ക്കണം ” സമ്മതഭാവത്തിൽ കല്ല്യാണി തന്റെ തോളിൽ വെച്ചിരിക്കുന്ന സായന്തിന്റെ മുടിയിൽ തഴുകി..
” ഈ മുറിയിലാകെ മുല്ലപ്പൂക്കളുടെ ഗന്ധമാണല്ലോ ഏട്ടാ ” അതിനു മറുപടി പറയാതെ അവളെ നോക്കി ചിരിച്ച് അവളുടെ കയ്യിൽ പിടിച്ച് അവളേയും കൂട്ടിയവൻ ബാൽക്കണിയിലേക്ക് നടന്നു.. ബാൽക്കണിയുടെ ഡോർ തുറന്ന് സായന്തിനൊപ്പം അവിടേക്ക് കടന്ന് ചെന്ന് കല്ല്യാണിയുടെ മുഖം അൽഭുതത്തോടെയും ആഹ്ളാദത്തോടെയും വിടർന്നു.. ബാൽക്കണി നിറയെ മുല്ല ചെടികൾ ചുറ്റി പടർന്ന് കയറി പൂത്ത് നിൽക്കുന്നു.. കല്ല്യാണി ഒരു ചെറിയ കുട്ടിയുടെ ഉൽസാഹത്തോടെ അതിനരികിലേക്ക് ഓടിയതും സായന്ത് ” എടി പെണ്ണേ പതുക്കെ.. എന്റെ മോൻ ഉള്ളതാ അത് മറക്കണ്ട.. ” കല്ല്യാണി അബദ്ധം പറ്റിയത് പോലെ നാവ് കടിച്ച് തിരിഞ്ഞ് അവനെ നോക്കി ചിരിച്ച് ” സോറി വക്കീലച്ഛാ” എന്നും പറഞ്ഞ് കൊണ്ട് അവൾ മുല്ലപ്പൂക്കളെ നോക്കി നിന്നു..
സായന്ത് അവൾക്കരികിൽ ചെന്ന് നിന്ന് തന്റെ കയ്യിൽ കരുതിയ ഒരുപിടി മുല്ലപ്പൂക്കൾ അവളുടെ ശിരസിലൂടെ ഇട്ടു .. കല്ല്യാണി അമ്പരന്ന് അവനെ നോക്കി.. ” ഈ പൂക്കളെല്ലാം എന്റെ പെണ്ണിനാണ്.. ഈ കാലമത്രയും ഒരു പൂ പോലും പറിക്കാതെ ഞാനിത് സൂക്ഷിച്ച് കൊണ്ട് നടന്നത് എന്റെ പെണ്ണിന് തരാനായിരുന്നു.” ശേഷം അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് ബാൽക്കണിയിലെ ചാരുപടിയിലേക്ക് ഇരുന്ന് അവളുടെ മടിയിലേക്ക് കിടന്നു.. കല്ല്യാണി ചൂണ്ടിൽ നറുപുഞ്ചിരിയും കണ്ണിൽ അവനോടുള്ള അടങ്ങാത്ത പ്രണയവും തെളിയിച്ച് കൊണ്ട് അവന്റെ മുടിയിഴകളിൽ തലോടി.
” ഈ നിമിഷം ഞാൻ എത്ര ആഗ്രഹിച്ചതാണെന്ന് അറിയോ കല്ലു.. ” ” ഞാനും ഏട്ടാ.. ഏട്ടന്റെ അടുത്ത് നിന്ന് പിരിഞ്ഞ് നിന്ന ദിവസങ്ങൾ ഉറങ്ങിയിട്ടില്ല ഞാൻ.. എന്നും ജനലോരം വന്ന് നോക്കി നിൽക്കും ഏട്ടൻ വരുന്നതും കാത്ത്.. ” സായന്ത് അവളുടെ വാക്കുകൾക്കായി കാത്തോർത്ത് അവളെ നോക്കി കിടക്കുകയായിരുന്നു.. ” എനിക്കറിയാം എന്നെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഏട്ടൻ ഓടിയെത്തുമെന്ന്.. ” ” നീയീല്ലാതെ നിന്നെ കുറിച്ച് അറിയാതെ ഓരോ ദിവസവും ഞാൻ തള്ളി നീക്കിയത്..ഓഹ് ആ ദിവസങ്ങൾ ഓർക്കാൻ വയ്യ കല്ലു.. അന്ന് ഹോട്ടലിൽ വച്ച് നിന്നെ കണ്ടതും കാലങ്ങളായി ഇരുട്ടിൽ കഴിഞ്ഞവന് മുമ്പിലേക്കുള്ള ജീവിതത്തിലേക്ക് വെളിച്ചം കിട്ടിയത് പോലെ ആയിരുന്നു..
പക്ഷേ നീ എന്നെ അറിയില്ലെന്ന് പറഞ്ഞപ്പോൾ എന്റെ ചങ്ക് പൊടിഞ്ഞു.. ” ” അത് പറഞ്ഞപ്പോഴാ ആ കോഴിക്ക് നല്ലത് കൊടുത്തൂലേ ” കല്ല്യാണി ചിരിച്ചു കൊണ്ടാണത് ചോദിച്ചത്.. “അത് നീ എങ്ങനെ അറിഞ്ഞു” സായന്ത് അമ്പരപ്പോടെ അവളുടെ മടിയിൽ നിന്ന് തലയുയർത്തി കൊണ്ട് ചോദിച്ചു ” ഞാൻ കണ്ടു ആ പാവത്തിനെ ഇടിച്ചു ചവിട്ടി ചുരട്ടി കൂട്ടുന്നത്.. അയാള് എന്റെ അടുത്ത് അനാവിശ്യ സ്വാതന്ത്ര്യവും അടുപ്പവും കണിക്കുമ്പോഴും എന്റെ പ്രാർത്ഥന അയാൾക്ക് വേണ്ടിയായിരുന്നു.. ” അതെന്തിന്..? “എന്നോട് ഈ ചെയ്തതിനൊക്കെ ഏട്ടൻ അവനെ അടിച്ച് എല്ല് നുറുക്കുമെന്ന് എനിക്കറിഞ്ഞൂടെ.. ഏട്ടന്റെ മുഖത്തെ ദേഷ്യം കൂടി കണ്ടതോടെ എനിക്ക് ഉറപ്പായി..
അത് എപ്പോൾ ആയിരിക്കുമെന്ന് മാത്രം അറിഞ്ഞാൽ മതിയായിരുന്നു.. ” ” പിന്നെ അല്ലാ.. ഒന്നാമത്തേത് നീ എന്നെ അറിയില്ലെന്ന് പറഞ്ഞ് നാടകം കളിക്കുന്നേന്റെ ഭ്രാന്തിൽ ആയിരുന്നു ഞാൻ.. അതിനിടയ്ക്കാണ് അവന്റെ ഒരു ആളാവലും നിന്നോടുള്ള കുറുകലും കൊഞ്ചലും.. അവനെ കൊല്ലാതെ വിട്ടത് അവന്റെ കുടുംബത്ത് ഉള്ളോരുടെ പ്രാർത്ഥന അല്ലേൽ ഉണ്ടല്ലോ..” സായന്ത് തന്റെ കൈകൾ രണ്ടും അമർത്തി തിരുമി കല്ല്യാണി അവന്റെ ഭാവം കണ്ട് ചിരിക്കാൻ തുടങ്ങി.. സായന്ത് അവളെ തന്നെ നോക്കി കൊണ്ട് പതിയെ അവളുടെ വയറിൽ തടവി ” നമുക്ക് ഡോക്ടറെ കാണാൻ പോകണ്ടേ.. ” ” വേണം ഏട്ടാ… “
” എങ്കിൽ നാളെ രാവിലെ തന്നെ നമുക്ക് നല്ലൊരു ഗൈനക്കോളജിസ്റ്റിനെ പോയി കാണാം” സായന്ത് അവളുടെ മൂക്കിൻ തുമ്പിലൊന്ന് വലിച് കൊണ്ട് പറഞ്ഞു.. സമ്മതമെന്ന ഭാവത്തിൽ കല്ല്യാണി അവന്റെ മുടിയിലൂടെ തഴുകി തലയാട്ടി ചിരിച്ചു. ശേഷം സായന്ത് ഒന്ന് തിരിഞ്ഞു കിടന്ന് അവളുടെ വയറിൽ പതിയെ ഉമ്മ വച്ച് കുഞ്ഞിനോടായി ” അച്ഛേടെ മോനറിയോ.. ഈ ലോകത്തെ ഏറ്റവും ഭാഗ്യവാനും സന്തോഷവാനുമായ മനുഷ്യൻ ആരാണെന്ന്… മോന്റെ ഈ അച്ഛനാണ്.. അതിന്റെ കാരണം എന്താണെന്ന് അറിയോ മോന്.. നിന്റെ ഈ പാവം പിടിച്ച അമ്മയെ എനിക്ക് കിട്ടിയത് കൊണ്ട്” സായന്തിന്റെ വാക്കുകൾ കല്ല്യാണിയുടെ മനസ്സ് നിറച്ചു..
അവൾ കണ്ണുകൾ നിറച്ച് അവന്റെ നെറ്റിയിലും കണ്ണുകളിലും മാറി മാറി ചുംബിച്ചു..സായന്ത് അവളുടെ കൈയിൽ തടവി കൊണ്ടിരുന്നു.. കുറച്ച് നേരത്തേക്ക് അവർക്കിടയിൽ മൗനം തളംകെട്ടി നിന്നു.. ശേഷം സായന്ത് ” എന്താ എന്റെ പെണ്ണൊന്നും മിണ്ടാത്തെ” ” ഞാൻ അമ്മയെ കുറിച്ച് ഓർക്കായിരുന്നു.. ആ ദുഷ്ടൻ എന്റെ അമ്മയെ എന്തെങ്കിലും ചെയ്ത് കാണോ.. എനിക്കാകെ പേടിയാകുന്നു” കല്ല്യാണിയുടെ മുഖത്തൊരു പരിഭ്രമം തെളിഞ്ഞു..
” നീ ധൈര്യമായി ഇരിക്ക് കല്ലു.. അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല.. നമ്മളോടൊപ്പം വരാൻ പറഞ്ഞ് വിളിച്ചിട്ട് അമ്മ വരാൻ കൂട്ടാക്കാതെ അല്ലേ.. നീ വിഷമിക്കാതെയിരിക്ക് എന്ത് ചെയ്തിട്ടാണെങ്കിലും നമ്മുക്ക് അമ്മയേ കൂട്ടി കൊണ്ട് വരാം..” സായന്ത് അവളുടെ കവിളിൽ തലോടി ശേഷം ” ഇവിടിങ്ങനെ ഇരുന്നത് മതി നമുക്കിനി റൂമിലേക്ക് പോകാം.. നല്ല മഞ്ഞുണ്ട്.. ” ഇരുവരും മുറിയിലേക്ക് കയറി.. അതേസമയം ഒരു വെളുത്ത ഓംനി വാനിൽ കുറച്ച് പേർ കല്ല്യാണിയേയും സായന്തിനേയും നിരീക്ഷിച്ചു കൊണ്ട് വീടിന് ഗേറ്റിന് സമീപം നിന്നിരുന്നു.. ആ കൂട്ടത്തിൽ തലവനെന്ന് തോന്നിക്കുന്ന ഒരുവൻ ഫോണെടുത്ത് ആരെയോ വിളിച്ചു കൊണ്ട് ” സാർ.. അവളും കുട്ടികളും ഇവിടെയുണ്ട്.. ” ….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]