National
സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമിക്കേസ്; 300 കോടിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമിക്കേസിൽ 300 കോടി രൂപ വിപണിമൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കൾ താത്കാലികമായി ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. കേസിൽ സിദ്ധരാമയ്യ ഒന്നാം പ്രതിയും ഭാര്യ പാർവതി രണ്ടാം പ്രതിയുമാണ്.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് നഷ്ടപരിഹാരം നൽകുന്നുവെന്ന പേരിൽ നിയമവിരുദ്ധമായി ഭൂമി അനുവദിച്ചതിൽ മുൻ മുഡ കമ്മീഷണർ ഡി ബി നടേഷിന്റെ പങ്ക് നിർണായകമാണെന്ന് ഇ ഡി പ്രസ്താവനയിൽ പറഞ്ഞു.
ഇതിന് പുറമെ 14 സൈറ്റുകൾ റിയൽ എസ്റ്റേറ്റ് ബിസിനസുകാർക്ക് നഷ്ടപരിഹാരമായി മുഡ അനധികൃതമായി അനുവദിച്ചെന്നും കണ്ടെത്തി. ഇതുവഴി കണക്കിൽപ്പെടാത്ത പണവും ഉണ്ടാക്കിയെന്ന് ഇഡി പറയുന്നു.