ഗ്രീഷ്മക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച
പാറശ്ശാല ഷാരോൺ വധകേസിലെ ശിക്ഷാവിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷമാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തോയ്ക്ക് മാറ്റിയത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽകുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ ഒരു കത്ത് ആണ് നൽകിയത്. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. 24 വയസ് മാത്രമാണ് പ്രായം. ശിക്ഷയിൽ ഇളവ് നൽകണമെന്നും കത്തിൽ പറയുന്നു
കത്തിനൊപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി. ഗ്രീഷ്മയുടെ ഭാഗം കേട്ട ശേഷം കോടതി പ്രോസിക്യൂഷന്റെ വാദം കേൾക്കുകയാണ്. കേസിൽ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു
പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണം. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ഗ്രീഷ്മക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.