National

അജ്ഞാത രോഗത്തില്‍ ‘വിറച്ച്’ കശ്‌മീര്‍;16 പേര്‍ മരിച്ചു:കാരണം കണ്ടെത്താനായില്ല

രജൗരി: ജമ്മു കശ്‌മീരില്‍ അജ്ഞാത രോഗം ബാധിച്ച് 16 പേര്‍ മരിക്കുകയും 38 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചു. ബാദല്‍ ഗ്രാമത്തില്‍ ഡിസംബര്‍ 7 മുതല്‍ റിപ്പോര്‍ട്ട് ചെയ്‌ത അജ്ഞാത രോഗത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായില്ല. മൂന്നു കുടുംബങ്ങളിൽ നിന്നുള്ള പതിനൊന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഒരേ രോ​ഗലക്ഷണങ്ങളാൽ മരിച്ചത്. രോഗബാധയെ തുടര്‍ന്ന് ബാദല്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്‌ടിച്ചിട്ടുണ്ട്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) തുടങ്ങിയ മെഡിക്കൽ വിദഗ്‌ധരും സംഘടനകളും നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും രോഗത്തിന്‍റെ കാരണം അജ്ഞാതമായി തുടരുകയാണ്. ഇന്ന് (ജനുവരി 18) ബാദല്‍ ഗ്രാമത്തിൽ നിന്നുള്ള ഒരു സ്‌ത്രീക്ക് കൂടി രോഗ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഈ അജ്ഞാത രോഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് രജൗരി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ ഭരണകൂട അധികൃതരും ആരോഗ്യ വകുപ്പും പൊലീസും ഒരുമിച്ചാണ് അജ്ഞാത രോഗത്തിന്‍റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഡിസംബര്‍ 7 മുതലാണ് രജൗരി ജില്ലയില്‍ അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്‌തത്. ഇതിനുപിന്നാലെ പ്രദേശത്ത് വൈദ്യസഹായത്തിനായി മെഡിക്കല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

“സ്ഥിതിഗതികൾ ഞങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അജ്ഞാത രോഗവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ 8-10 ദിവസത്തിനുള്ളിൽ ലഭ്യമാകും. പ്രദേശത്ത് വൈദ്യസഹായം നൽകിയിട്ടുണ്ട്, വീടുതോറുമുള്ള കൗൺസിലിങ്ങും നിരീക്ഷണവും തുടരുന്നു. ഐസിഎംആർ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്, ഞങ്ങൾ ദിവസേന സാമ്പിളുകൾ എടുക്കുന്നുണ്ട്. ഡോക്‌ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്,” എന്ന് ഒരു മെഡിക്കല്‍ ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്താണ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍?

ഈ അജ്ഞാത രോഗം ബാധിച്ച് മരിച്ചവരില്‍ പനി, അമിതമായി വിയർക്കൽ, ഛർദി, നിർജലീകരണം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.

ആര്‍ക്കൊക്കെയാണ് രോഗം ബാധിച്ചത്?

ബാദല്‍ ഗ്രാമത്തിൽ പരസ്‌പരം ബന്ധമുള്ള മൂന്ന് കുടുംബങ്ങളെയാണ് രോ​ഗം നിലവിൽ ബാധിച്ചിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രോ​ഗലക്ഷണങ്ങൾക്ക് മുമ്പേ എല്ലാവരും ഒരേഭക്ഷണമായിരുന്നു കഴിച്ചതെന്നും കണ്ടെത്തിയിരുന്നു. എന്നിരുന്നാലും, എന്താണ് രോഗത്തിന്‍റെ കാരണമെന്ന് കണ്ടെത്താൻ ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ശ്രമങ്ങള്‍ തുടരുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അന്വേഷണത്തിന് പ്രത്യേക സംഘം

അജ്ഞാത രോഗം ബാധിച്ചുള്ള മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രജൗരി പൊലീസ്, പൊലീസ് സൂപ്രണ്ട് (ഓപ്പറേഷൻസ്) ബുധാൽ വജാത്ത് ഹുസൈന്‍റെ നേതൃത്വത്തിൽ 11 അംഗ എസ്‌ഐടി രൂപീകരിച്ചു. 16 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്, ഭൂരിഭാഗവും കുട്ടികളാണ്.

Related Articles

Back to top button
error: Content is protected !!