തണൽ തേടി: ഭാഗം 19
എഴുത്തുകാരി: റിൻസി പ്രിൻസ്
പിറ്റേന്ന് വാങ്ക് വിളി കേട്ടുകൊണ്ടാണ് അവൾ കണ്ണുതുറന്നത്. അതിന് ഉറങ്ങിയെന്ന് പറയാൻ സാധിക്കില്ലല്ലോ, രാത്രി മുഴുവൻ എന്തൊക്കെയോ ചിന്തകളിൽ ആയിരുന്നു. വെളുപ്പിന് എപ്പോഴും ആണ് കണ്ണുകൾ ഒന്നടച്ചത്…
പരിചയമില്ലാത്ത ഒരു വീട്ടിൽ കിടന്നത് കൊണ്ടാവാം ഉറക്കം വരാത്തത് എന്ന് അവൾ ഓർത്തു.
നോക്കിയപ്പോൾ സിനി നല്ല ഉറക്കമാണ്. അവളെ ഉണർത്തേണ്ടന്ന് കരുതി അവൾ എഴുന്നേറ്റു. ലൈറ്റ് ഇടാൻ നിന്നില്ല. കിടക്കുന്നതിനു മുൻപ് സിനി കട്ടിലിന്റെ അരികിൽ ഒരു ടോർച്ച് എടുത്ത് വച്ചത് ഓർത്തു, അത് എടുത്തു മുറി തുറക്കാൻ ശ്രമിച്ചു.
പഴയ വാതിൽ ആയതുകൊണ്ട് തുറന്നപ്പോൾ അതൊന്നു ഞെരങ്ങി
സെബാസ്റ്റ്യന്റെ ഒപ്പം ഒരിടത്ത് പോകണമെന്ന് തലേദിവസം തന്നെ സീനിയോട് ലക്ഷ്മി പറഞ്ഞിരുന്നു. എവിടെയാണ് എന്ന് അവള് ചോദിച്ചില്ല. ഒരുപക്ഷേ സെബാസ്റ്റ്യനൊപ്പം പോകുന്നു എന്ന് പറഞ്ഞതുകൊണ്ട് ആയിരിക്കും.
അവളുടെ ആ സ്വഭാവവും വല്ലാതെ തന്നെ ലക്ഷ്മിക്ക് ഇഷ്ടമായിരുന്നു.
കതക് തുറന്ന് പുറത്തിറങ്ങിയപ്പോൾ പുറത്ത് ഒരു മുറിയിൽ വെട്ടമുണ്ട്. ആ മുറിയിൽ നിന്നും കുഞ്ഞിന്റെ കരച്ചിലും കേൾക്കാം. അതുകൊണ്ടു തന്നെ അത് സിമിയുടെ മുറി ആയിരിക്കും എന്ന് അവൾക്ക് മനസ്സിലായി.
എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ നിന്നപ്പോഴാണ് തൊട്ടപ്പുറത്തെ മുറിയിലും ലൈറ്റ് വീണത്. ആ മുറിയിൽ ലൈറ്റ് വീണപ്പോൾ അവൾക്ക് ഒരു ആശ്വാസം തോന്നി മ് അത് സെബാസ്റ്റ്യന്റെ മുറിയാണെന്ന് ഇന്നലെ തന്നെ അവൾ കണ്ടിരുന്നു.
കുറച്ച് സമയങ്ങൾക്ക് ശേഷം മുറിക്ക് പുറത്തേക്ക് സെബാസ്റ്റ്യൻ ഇറങ്ങി വന്നു.
അവളെ കണ്ടതും അവൻ വല്ലാതെയായി.
കാരണമവൻ ഷർട്ട് ഇട്ടിട്ടുണ്ടായിരുന്നില്ല. അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചതിനു ശേഷം അവൻ അകത്തേക്ക് കയറി, ഒരു ഇന്നർ ബനിയൻ ഇട്ടതിനു ശേഷം പുറത്തേക്ക് ഇറങ്ങി വന്നു.
” താൻ നേരത്തെ എഴുന്നേറ്റോ
.?
അവളോട് അവൻ ചോദിച്ചു.
” നേരത്തെ എഴുന്നേൽക്കണം എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഉറങ്ങിയിരുന്നില്ല..
അവൾ മറുപടി പറഞ്ഞു..
” എങ്കിൽ പിന്നെ റെഡിയായ്ക്കോ.? കുളിമുറി വെളിയിലാ..
അവൻ അവൾക്ക് കുളിമുറി കാട്ടി കൊടുത്തു. രാത്രിയിൽ ഇന്നലെ സിനി കാണിച്ചു കൊടുത്തപ്പോൾ അത്ര ശ്രദ്ധിച്ചിരുന്നില്ല..
” തനിക്ക് മാറാൻ ഡ്രസ്സ് വല്ലതുമുണ്ടോ.?
” ഇന്നലെ ഇട്ടതുണ്ട്, എന്റെ ബാഗ് ആ ബസ്സിൽ എവിടെയോ മിസ്സായി പോയി…
അവൾ പറഞ്ഞു
” അത് എടുപ്പിക്കാനുള്ള സംവിധാനം ഞാൻ ചെയ്യാം.
അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി.
അവൻ തന്നെ സിനിയുടെ റൂമിൽ ചെന്ന് ഒന്നു കൊട്ടി. അവൾ പെട്ടെന്ന് ഉണർന്ന് വന്നു.
“എന്താണ് ചേട്ടായി
അവൾ ചോദിച്ചു
” ലക്ഷ്മിയുടെ ബാഗ് ബസ്സില് ആണ്. അത് എടുക്കാൻ പറ്റിയില്ല. ഞങ്ങളെ ഒരിടത്ത് പോവാ, നീ എന്തെങ്കിലും ഡ്രസ്സ് ഉണ്ടെങ്കിൽ ലക്ഷ്മിക്ക് പാകമാകുന്നത് ഒന്ന് എടുത്തുകൊടുക്ക്..പിന്നെ പുതിയ ബ്രഷ് കയ്യിലുണ്ടെങ്കിൽ ഒരെണ്ണം കൊടുക്ക്..
സീനിയോട് സെബാസ്റ്റ്യൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി സമ്മതിച്ചിരുന്നു. ലക്ഷ്മിക്ക് എന്തെങ്കിലും ആവശ്യമുള്ളത് കൊടുക്കാൻ പറയാൻ അവനു മടിയുണ്ടെന്ന് സിനിക്ക് തോന്നിയിരുന്നു.
താൻ എന്ത് കരുതും എന്ന് കരുതിയാണ്.
ചെറിയൊരു ചിരി സിനിയുടെ ചുണ്ടിൽ വിരിഞ്ഞുവെങ്കിലും അവൾ ഒന്നും മിണ്ടാതെ ലക്ഷ്മിയുടെ അടുത്തേക്ക് വന്നു..
” ചേച്ചിക്ക് എന്ന് വിളിക്കരുന്നില്ലേ..,?
” ഉറങ്ങുവല്ലേ എന്നോർത്ത ഞാൻ പിന്നെ വിളിക്കാതിരുന്നത്…
ലക്ഷ്മി പറഞ്ഞു
” നീയെല്ലാം ഒന്ന് അറേഞ്ച് ചെയ്തു കൊടുക്കു,
സിനിയോട് അത്രയും പറഞ്ഞ് ലക്ഷ്മിയെ ഒന്ന് നോക്കി സെബാസ്റ്റ്യൻ പുറത്തേക്ക് പോയപ്പോൾ സിനി ലക്ഷ്മിക്ക് ആവശ്യമുള്ളതെല്ലാം എടുത്തു കൊടുത്തിരുന്നു..പുതിയൊരു തോർത്തും അവൾക്ക് നൽകി
.
കുളികഴിഞ്ഞ് അവൾ ഇറങ്ങിവരുമ്പോൾ അടുക്കളയിൽ സാലിയുണ്ട് അടുത്തു തന്നെ സിനിയും നിന്ന് എന്തോ പച്ചക്കറിക്ക് അരിയുന്നുണ്ട്.
അടുക്കള വാതിൽ വഴി മാത്രമേ അകത്തേക്ക് കയറാൻ സാധിക്കു. സാലി അവളെ ഒന്ന് നോക്കുക കൂടി ചെയ്തില്ല
അതുകൊണ്ടു തന്നെ അവൾക്ക് എങ്ങനെ അകത്തേക്ക് കയറും എന്നുള്ള ഒരു ഭയം തോന്നിയിരുന്നു. അപ്പോഴാണ് കുളിക്കാനായി സെബാസ്റ്റ്യൻ ഇറങ്ങി വരുന്നത് കണ്ടത്. അത് കണ്ടപ്പോൾ അവൾക്ക് വല്ലാത്ത സമാധാനം തോന്നിയിരുന്നു..
” ആറേകാലിന് ഒരു ബസ്സുണ്ട് അതിനു പോണം വേഗം റെഡിയാകു
അവളോട് അത്രയും പറഞ്ഞു അവൻ ബാത്റൂമിന് അരികിലേക്ക് പോയപ്പോൾ അവൾ അകത്തേക്ക് നടന്നിരുന്നു.
പോകും വഴി അവൾ സാലിയേ ഒന്നു നോക്കി.
അവൾ നോക്കിയപ്പോൾ തന്നെ സാലി നോട്ടം മാറ്റി കളഞ്ഞിരുന്നു. അവൾക്ക് സങ്കടം തോന്നി
” എങ്ങോട്ടാടി രണ്ടുകൂടെ രാവിലെ തന്നെ…..
അവൾ അകത്തേക്ക് പോയ സമയം നോക്കി സിനിയോട് ആയി സാലി ചോദിച്ചു..
” അമ്മച്ചിക്ക് ചോദിച്ചൂടായിരുന്നോ.? അമ്മച്ചിയുടെ മരുമോളല്ലേ,
” പിന്നെ മരുമോൾ! എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട..
ദേഷ്യത്തോടെ സാലി പറഞ്ഞു.
ഒപ്പം തന്നെ കട്ടൻചായ എടുത്ത് ഗ്ലാസ്സിലേക്ക് ഒഴിച്ച് സിനിയുടെ കയ്യിൽ കൊടുത്തു..
” ആ പെണ്ണിന് കൊണ്ട് കൊടുക്ക്.
” അമ്മച്ചിക്ക് തന്നെയങ്ങ് കൊണ്ട് കൊടുക്കത്തില്ലേ.?
” നിനക്ക് പറ്റുമെങ്കിൽ ചെയ്യ് ഇല്ലെങ്കിൽ ഇവിടെ ഇരുന്നോട്ടെ, അവൻ വരുമ്പോൾ ഞാൻ കൊടുത്തു വിട്ടോളാം.
താല്പര്യമില്ലാതെ സാലി അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി പോയിരുന്നു. അവിടെ കൂട്ടിയിട്ടിരിക്കുന്ന കരിപാത്രങ്ങൾ ചാരത്തിൽ മുക്കി കഴുകുന്നതിനിടയിൽ അടുക്കളയിലേക്ക് ഒന്ന് പാളി നോക്കി.
സിനി ചായയും എടുത്തു കൊണ്ട് പോകുന്നത് കണ്ടപ്പോൾ അവർ വീണ്ടും തന്റെ ജോലി പൂർത്തീകരിച്ചു. ആ സമയത്ത് സെബാസ്റ്റ്യൻ കുളികഴിഞ്ഞ് ഇറങ്ങി വന്നിട്ടുണ്ടായിരുന്നു..
” എടാ പാതകത്തിൽ ചായ മൂടിവച്ചിട്ടുണ്ട്. എടുത്തു കുടിച്ചിട്ട് പോ..
സെബാസ്റ്റ്യനോട് ആയി അവർ പറഞ്ഞു. മറുപടി പറയാതെ അവൻ എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്നത് കണ്ടതും അവര് പറഞ്ഞു.
ആ പെണ്ണിനുള്ള ചായ ഞാൻ സിനിയുടെ കൈയ്യിൽ കൊടുത്തു വിട്ടിട്ടുണ്ട്.
അത് കേട്ടപ്പോൾ അവനിലും ഒരു ചിരി വിരിഞ്ഞിരുന്നു. അവൻ ചിരിയോടെ അകത്തേക്ക് ചെന്നു. പാതകത്തിൽ ഇരുന്ന കട്ടൻചായ എടുത്ത് കുടിച്ചുകൊണ്ട് മുറിയിലേക്ക് നടന്നു…….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…