National

സെറ്റിന്റെ സീലിങ് തകര്‍ന്നുവീണു; അര്‍ജുന്‍ കപൂറിന് പരിക്ക്: നിര്‍മ്മാതാവിനും സംവിധായകനും അടക്കം പരിക്ക്

ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്. ഷൂട്ടിങ് സെറ്റിന്റെ സീലിങ് തകര്‍ന്നുവീണതിനെ തുടര്‍ന്നാണ് താരത്തിന് പരിക്കേറ്റത്. മുംബൈയിലെ ഇംപീരിയല്‍ പാലസില്‍ ‘മേരെ ഹസ്ബന്‍ഡ് കി ബീവി’ എന്ന സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.

നടനും നിര്‍മ്മാതാവുമായ ജാക്കി ഭഗ്‌നാനി, സംവിധായകന്‍ മുദാസ്സര്‍ അസിസ് എന്നിവര്‍ക്കും സെറ്റിലുണ്ടായിരുന്ന ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. സൗണ്ട് സിസ്റ്റത്തില്‍ നിന്നുണ്ടായ വൈബ്രേഷനാണ് അപകടത്തിന് കാരണം എന്നാണ് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് (എഫ്.ഡബ്ല്യു.ഐ.സി.ഇ) അംഗം അശോക് ദുബെ പറയുന്നത്.

ഷൂട്ടിങ്ങിന് മുമ്പ് സെറ്റിന്റെ സുരക്ഷ ഉറപ്പുവരുത്താറില്ലെന്ന് കൊറിയോഗ്രാഫര്‍ വിജയ് ഗാംഗുലി വിമര്‍ശിച്ചു. ”ഞങ്ങള്‍ ഗാനരംഗം ചിത്രീകരിക്കുകയായിരുന്നു. ആദ്യ ദിനം നന്നായിരുന്നു. രണ്ടാം ദിവസം വൈകുന്നേരം 6 മണി വരെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഷോട്ട് എടുക്കുന്നതിനിടയില്‍ സീലിങ് തകര്‍ന്നുവീണു.

മുഴുവന്‍ സീലിങ്ങും ഞങ്ങളുടെ മേല്‍ തകര്‍ന്നു വീണിരുന്നെങ്കില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായേനെ. എന്നാലും കുറേപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്” എന്നാണ് വിജയ് ഗാംഗുലി പറയുന്നത്. അതേസമയം, ഫെബ്രുവരി 21ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അര്‍ജുന്‍ കപൂറിനൊപ്പം ഭൂമി പട്നേക്കറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!