ആലപ്പുഴയിൽ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല.
കുഞ്ഞിന് വീണ്ടും ശ്വാസ തടസ്സം അനുഭവപെട്ടിരുന്നു. തിങ്കളാഴ്ച മെഡിക്കൽ ബോർഡ് ചേർന്ന ശേഷം, ചികിത്സരീതിയിൽ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ആരോഗ്യ സ്ഥിതി മോശമായതിനെ വിദഗ്ദ ചികിത്സയ്ക്കായി കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്.
കുഞ്ഞിന്റെ ശരീരത്തിൽ ഓക്സിജന്റെ അളവ് നന്നേ കുറവായതിനാൽ അന്ന് തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അണുബാധ മൂലമുള്ള സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയായിരുന്നു കുഞ്ഞിന്റേത്.
ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് അസാധാരണ വൈകല്യവുമായി കുഞ്ഞ് പിറന്നത്. സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്.
ഗർഭകാലത്തെ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന അനീഷ് – സുറുമി ദമ്പതികളുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. സ്കാനിങ്ങിൽ കുഴപ്പമില്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. പ്രസവം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് കുഞ്ഞിനെ കാണിച്ചതെന്നും പരാതിയിൽ പറയുന്നു.