National

റണ്ണിങ് അലവന്‍സ് നിഷേധിക്കുന്നു; രാജ്യത്തെ ലോക്കോ പൈലറ്റുമാര്‍ 22ന് പ്രതിഷേധിക്കും

ന്യൂഡല്‍ഹി: റണ്ണിങ് അലവന്‍സ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ ലോക്കോ പൈലറ്റുമാര്‍ ബുധനാഴ്‌ച രാജ്യ വ്യാപകമായി പ്രതിഷേധിക്കുന്നു. മറ്റ് അലവന്‍സുകളും 25ശതമാനം വര്‍ദ്ധിപ്പിക്കുകയും ഡിഎ അന്‍പത് ശതമാനവും വര്‍ദ്ധിപ്പിച്ചു. എന്നാല്‍ റണ്ണിങ് അലവന്‍സില്‍ മാത്രം യാതൊരു വര്‍ദ്ധനയും വരുത്തിയിട്ടില്ല. ഇതിനെതിരെയാണ് ലോക്കോ ജീവനക്കാര്‍ പ്രതിഷേധിക്കുന്നതെന്ന് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ കേന്ദ്ര പ്രസിഡന്‍റ് രാംചരൺ പറഞ്ഞു.

കിലോമീറ്റര്‍ അലവന്‍സ് ഒരു ക്ഷാമബത്തയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് നിഷേധിച്ചിരിക്കുന്നതെന്ന് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ കെ സി ജെയിംസ് പറഞ്ഞു. ഇത് റെയില്‍വേ ബോര്‍ഡിന്‍റെ ചിറ്റമ്മ നയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ട്രെയിനോടിക്കുന്നവരുടെ ആത്മാഭിമാനത്തെയാണ് ഇവര്‍ വെല്ലുവിളിക്കുന്നത്. പ്രതിമാസം നാലായിരം മുതല്‍ ഏഴായിരം രൂപ വരെ നഷ്‌ടമാണ് ഇതിലൂടെ ലോക്കോ പൈലറ്റുമാര്‍ക്ക് ഉണ്ടാകുന്നത്. ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്ന ആറ് ലക്ഷം വരെ ലോക്കോ പൈലറ്റുമാരെയും അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമാരെയും ഇത് ബാധിക്കുന്നു.

മുന്‍കാലങ്ങളില്‍ ഒരു ശമ്പള കമ്മീഷന്‍റെയും ശുപാര്‍ശയോ ധനമന്ത്രാലയത്തിന്‍റെ ഉത്തരവോ ഇല്ലാതായിരുന്നു ഇത് നടപ്പാക്കിയിരുന്നത്. 2018ല്‍ അലവന്‍ 525 രൂപ വര്‍ദ്ധിപ്പിച്ചപ്പോള്‍ ഒരു പേ കമ്മീഷന്‍റെയും ശുപാര്‍ശ ഉണ്ടായിരുന്നില്ല. 2008ലും അങ്ങനെ തന്നെ ആയിരുന്നു. 2012ലും 2014ലും റണ്ണിങ് അലവന്‍സ് 25 ശതമാനം എന്ന തോതിലാണ് വര്‍ദ്ധിപ്പിച്ചത്.

രണ്ട് മാസം മുമ്പ് തന്നെ തങ്ങള്‍ രാജ്യവ്യാപകമായി അതത് സോണുകളിലെ ജനറല്‍ മാനേജര്‍മാരുടെ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്ന് റെയില്‍വേ അധികൃതരെ അറിയച്ചിരുന്നതാണ്. അലവന്‍സ് വര്‍ദ്ധനയ്ക്ക് പുറമെ ഡ്യൂട്ടി സമയ ക്രമീകരണവും വിശ്രമവും അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. ടിഎ 25 ശതമാനം വര്‍ധിക്കുമ്പോള്‍ ഇതിന് ആനുപാതികമായി ട്രാവല്‍ അലവന്‍സിലും ഇതേ വര്‍ദ്ധനയുണ്ടാകണമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ റെയില്‍വേ അധികൃതര്‍ ഇത് നിഷേധിച്ചിരിക്കുകയാണ്. ഇത് ലോക്കോ ജീവനക്കാരുടെ ഇടയില്‍ കടുത്ത അതൃപ്‌തിക്ക് കാരണമായിട്ടുണ്ടെന്നും ജീവനക്കാരുടെ പ്രതിനിധികള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button
error: Content is protected !!