World

അവസാന നിമിഷം വെടിനിര്‍ത്തലില്‍ നിന്ന് പിന്‍മാറി ഇസ്രയേല്‍; ഗാസയില്‍ ആക്രമണം അഴിച്ച് വിട്ട് ഇസ്രയേല്‍: 8 മരണം

ഹമാസ് ബന്ദികളുടെ പട്ടിക നല്‍കാതെ വെടിനിര്‍ത്തല്‍ നിലവില്‍ വരില്ലെന്ന് നെതന്യാഹു:

ദെയ്‌ര്‍ അല്‍ ബലാഹ്: ഹമാസ് കൈമാറുന്ന ബന്ദികളുടെ പട്ടിക കൈമാറാതെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രാദേശിക സമയം രാവിലെ 8.30 അതായത് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നായിരുന്നു വെടിനിര്‍ത്തല്‍ തുടങ്ങേണ്ടിയിരുന്നത്. ഇതിന് തൊട്ടുമുമ്പാണ് പിന്‍മാറ്റ പ്രഖ്യാപനവുമായി നെതന്യാഹു രംഗത്ത് എത്തിയത്. തൊട്ടുപിന്നാലെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണവും അഴിച്ച് വിട്ടു. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹമാസ് പട്ടിക കൈമാറുന്നത് വൈകിപ്പിക്കുന്നത്. കഴിഞ്ഞാഴ്‌ച പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു.

ഇന്ന് തന്നെ മൂന്ന് ബന്ദികളെ കൈമാറാമെന്നാണ് ഹമാസ് വ്യക്തമാക്കിയിരുന്നത്. പകരം ഇസ്രയേലില്‍ തടവില്‍ കഴിയുന്ന നിരവധി പലസ്‌തീനികളെ മോചിപ്പിക്കണമെന്നായിരുന്നു ധാരണ. ഇതോടെ പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം ആകുമെന്ന കണക്കുകൂട്ടലിലായിരുന്നു ലോകം.

42 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതോടെ 33 ബന്ദികളെ ഹമാസ് കൈമാറുമെന്നായിരുന്നു ധാരണ. പകരം ഇസ്രയേലില്‍ കഴിയുന്ന നൂറ് കണക്കിന് പലസ്‌തീന്‍ തടവുകാരെ മോചിപ്പിക്കുമെന്നും. ഗാസയില്‍ നിന്ന് ഇസ്രയേല്‍ സേന പിന്‍മാറുമെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെ പലായനം ചെയ്‌ത നിരവധി പലസ്‌തീനികള്‍ക്ക് തിരികെ വരാനുള്ള സാഹചര്യവും ഒരുങ്ങിയേനെ. തകര്‍ക്കപ്പെട്ട മേഖലയില്‍ നിരവധിയിടങ്ങളില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

ഒരു കൊല്ലം മുമ്പ് ആരംഭിച്ച മധ്യസ്ഥ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇത്.

രണ്ടാഴ്‌ചയ്ക്കകം രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിക്കാനായിരുന്നു ധാരണ. അതേസമയം ആറാഴ്‌ചയ്ക്ക് ശേഷം വീണ്ടും യുദ്ധം തുടങ്ങുമോ എന്നൊരു ചോദ്യം അവശേഷിക്കുന്നുണ്ട്. ഗാസയില്‍ തടവില്‍ കഴിയുന്ന അവശേഷിക്കുന്ന നൂറോളം ബന്ദികളെ എങ്ങനെ മോചിപ്പിക്കുമെന്ന ചോദ്യവും ഉയരുന്നു.

ഇന്നലെയാണ് ഇസ്രയേല്‍ മന്ത്രിസഭ വെടിനിര്‍ത്തല് കരാറിന് അംഗീകാരം നല്‍കിയത്. മധ്യസ്ഥര്‍ രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ച കരാറായിരുന്നു. ചുമതലയൊഴിയുന്ന ബൈഡന്‍ ഭരണകൂടത്തില്‍ നിന്നും അധികാരമേല്‍ക്കാന്‍ പോകുന്ന ട്രംപ് ഭരണകൂടത്തില്‍ നിന്നും ഇരുപക്ഷത്തിനും കനത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു.

ആവശ്യമെങ്കില്‍ ഇസ്രയേല്‍ യുദ്ധം തുടരും

ഇതിനിടെ ആവശ്യമെങ്കില്‍ യുദ്ധം തുടരാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന പ്രഖ്യാപനവുമായി നേരത്തെ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു. ഇതിന് അമേരിക്കയുടെ പിന്തുണയുമുണ്ട്. പലസ്‌തീനിലുള്ള മുഴുവന്‍ ബന്ദികളെയും ഇസ്രയേലില്‍ എത്തിക്കാത്ത പക്ഷമാകും യുദ്ധം വീണ്ടും തുടങ്ങുക.

മുപ്പത്തി മൂന്ന് ബന്ദികളെയാണ് തങ്ങള്‍ക്ക് തിരികെ വേണ്ടതെന്നും നെതന്യാഹു കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് ആരംഭിക്കുന്ന 42 ദിവസത്തെ വെടിനിര്‍ത്തല്‍ ഒരു താത്ക്കാലിക കരാര്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം പുനരാരംഭിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായാല്‍ അതിലേക്ക് പോകും. യുദ്ധം ആരംഭിച്ച ശേഷം പശ്ചിമേഷ്യയുടെ മുഖം ആകെ മാറിയിരിക്കുകയാണ്. ഇസ്രയേലിന് തങ്ങളുടെ അധിനിവേശ ലക്ഷ്യങ്ങള്‍ സാധിക്കാനായില്ലെന്ന് ഹമാസ് പറഞ്ഞു. യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നതില്‍ മാത്രമാണ് അവര്‍ വിജയിച്ചതെന്നും ഹമാസ് ചൂണ്ടിക്കാട്ടുന്നു. ഇത് മാനവരാശിയുടെ അന്തസ് കെടുത്തുന്നതായിരുന്നുവെന്നും ഹമാസ് ചൂണ്ടിക്കാട്ടി.

Related Articles

Back to top button
error: Content is protected !!