ശബരിമല നട തിങ്കളാഴ്ച അടയ്ക്കും; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പോലീസ്
പത്തനംതിട്ട: ശബരിമല നട തിങ്കളാഴ്ച അടയ്ക്കും. ഇത്തവണത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയായി കൊണ്ട് ജനുവരി 20ന് നട അടയ്ക്കും. ഞായറാഴ്ച രാത്രി വരെയാണ് ദര്‍ശനം നടത്താന്‍ സാധിക്കുക. പമ്പയില്‍ നിന്ന് വൈകീട്ട് ആറ് മണി വരെ ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടും.
പരാതി രഹിതമായ സേവനം നല്‍കാന്‍ സാധിച്ചതില്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ച് കേരള പോലീസ് കോര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത് രംഗത്തെത്തി. പരാതിരഹിതവും സംതൃപ്തവും സുരക്ഷിതവുമായ ഉത്സവക്കാലം എല്ലാവരുടെയും ആത്മാര്‍ഥ സഹകരണത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 30ന് ഇത്തവണത്തെ മകരവിളക്ക് സീസണ്‍ ആരംഭിച്ചത് മുതല്‍ കഴിഞ്ഞ ദിവസം വരെ 19,00,789 അയ്യപ്പ ഭക്തരാണ് ദര്‍ശനത്തിന് എത്തിയത്. നവംബര്‍ 15ന് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ചപ്പോള്‍ മുതല്‍ ജനുവരി 17 വരെ ആകെ 51,92,550 പേരാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.
ദേവസ്വം ബോര്‍ഡ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, അയ്യപ്പ ഭക്തര്‍ തുടങ്ങി എല്ലാവരുടെയും സഹകരണമാണ് അനുഗ്രഹീതമായ നിലയില്‍ ഈ സീസണ്‍ സമാപിക്കാന്‍ കാരണമായത്. പോലീസിന് എല്ലാ കാര്യത്തിലും കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു.
അതിനോട് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അനുകൂലമായി പ്രതികരിച്ചു. അക്കാര്യം എടുത്ത് പറയേണ്ടത് തന്നെയാണ്. എല്ലാ വകുപ്പുകളും എണ്ണയിട്ട യന്ത്രം പോലെ ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്നതാണ് യാഥാര്‍ഥ്യം. ആ യന്ത്രത്തിന്റെ പാല്‍ചക്രത്തിലെ ഒരു പല്ല് മാത്രമായിരുന്നു പോലീസ്. അത് മികച്ചൊരു പല്ലായിരുന്നുവെന്ന് വേണം പറയാനെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും നന്ദി, പോലീസിന്റെ സേവനങ്ങള്‍ അതുപോലെ പുറംലോകത്തേക്ക് അറിയിച്ച മാധ്യമങ്ങള്‍ ചെയ്ത ജോലി വളരെ വലുതമാണ്. സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതിന് പോലീസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളൊക്കെയും സംസ്ഥാനത്തിന് പുറത്തുള്ള ഭക്തരിലേക്കും മാധ്യമങ്ങള്‍ വഴി എത്തി. മകരജ്യോതി ദര്‍ശനത്തിന് ശേഷം എത്രയും പെട്ടെന്ന് തന്നെ ഭക്തര്‍ വീടുകളിലേക്ക് എത്തിച്ചേരാന്‍ ശ്രമിക്കണമെന്ന അവസാനത്തെ അഭ്യര്‍ഥനും അവര്‍ ഉള്‍ക്കൊണ്ടു.
അതിനാല്‍, ഭക്തരുടെ തിരിച്ചുള്ള യാത്ര തിരക്കില്ലാതെ നിയന്ത്രിക്കാന്‍ പോലീസിന് സാധിച്ചു. ശബരിമലയിലെ ദര്‍ശനം സുഗമമാക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിര്‍ദേശിച്ച ക്രമീകരണങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ പോലീസിന് സാധിച്ചു.
ശബരിമലയിലേക്ക് ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന എല്ലാവരും ശരിയായ വിധത്തില്‍ ഈ നിര്‍ദേശങ്ങളെല്ലാം ഉള്‍ക്കൊണ്ട് കൃത്യമായി അവ പാലിക്കുകയും ചെയ്തത് കൊണ്ടാണ് ഈ മണ്ഡലകാലം മികച്ച രീതിയില്‍ സമാപിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു