ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; താര പ്രചാരകരുടെ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിൽ പങ്കെടുക്കുന്ന താര പ്രചാരകരുടെ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എംപി എന്നിവർ സ്ഥാനാർഥികൾക്കായുള്ള പ്രചാരണത്തിൽ പങ്കെടുക്കും.
അതേസമയം, ഇന്ത്യ സഖ്യത്തിൽ ഉൾപ്പെടുന്ന ആം ആദ്‌മി പാർട്ടി (എഎപി), കോൺഗ്രസ് പാർട്ടി എന്നിവർ വെവ്വേറെ മത്സരിക്കുകയും ബിജെപിയെപ്പോലെ പരസ്‌പരം നിരവധി വിഷയങ്ങളിൽ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ബിജെപി 70 സീറ്റുകളിൽ ഇതിനോടകം തന്നെ 68 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി രണ്ട് സീറ്റുകൾ ജനതാദൾ (യുണൈറ്റഡ്) പാർട്ടിയിലുള്ള ശൈലേന്ദ്ര കുമാറിനും ഡിയോളിയിലെ സീറ്റ് ലോക് ജനശക്തി പാർട്ടി സ്ഥാനാർഥി രാം വിലാസിനും നൽകി.
രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, കെസി വേണുഗോപാൽ, സച്ചിൻ പൈലറ്റ്, ഭൂപേന്ദ്ര ബാഗേൽ, ദീപേന്ദർ സിങ് ഹൂഡ, പവൻ ഖേര, കനയ്യ കുമാർ, അൽക ലംബ, സന്ദീപ് ദീക്ഷിത്, അമരീന്ദർ സിങ് രാജ വാറിങ്, ഇമ്രാൻ പ്രതാപ് ഗാർഹി, ഖാസി നിസാമുദ്ദീൻ, ഉദിത് രാജ് തുടങ്ങി നിരവധി മുതിർന്ന നേതാക്കളെയാണ് കോൺഗ്രസ് താര പ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കോൺഗ്രസ് വികസന പ്രശ്‌നങ്ങൾ ഉന്നയിക്കുമ്പോൾ ആം ആദ്‌മി പാർട്ടിയും ബിജെപിയും തമ്മിൽ തർക്കം തുടരുകയാണെന്ന് കോൺഗ്രസ് നേതാവ് അൽക ലംബ ഇന്നലെ (ജനുവരി 18) ആരോപിച്ചു. ഡൽഹിയിൽ ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കുന്നതായിരിക്കും. വോട്ടെണ്ണൽ ഫെബ്രുവരി 8ന്.