ലാ പെറൂസിൽ ഇന്ത്യയുടെ അഭിമാനമാവാന്‍ ഐഎൻഎസ് മുംബൈ; സംയുക്ത നാവികാഭ്യാസത്തിനായി ജക്കാര്‍ത്തയിലെത്തി
ജക്കാര്‍ത്ത: വിവിധ രാജ്യങ്ങളിലെ നാവിക സേനയുടെ സംയുക്ത അഭ്യാസമായ ലാ പെറൂസിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് മുംബൈ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ എത്തി. ഇന്ത്യ, ഫ്രാൻസ്, ഇന്തോനേഷ്യ, ഓസ്ട്രേലിയ, യുഎസ്, യുകെ, മലേഷ്യ, സിംഗപ്പൂർ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള നാവികസേനകളാണ് ഇതിന്റെ ഭാഗമാവുന്നത്.
സമുദ്ര നിരീക്ഷണം, സമുദ്ര ഇന്റർഡിക്ഷൻ പ്രവർത്തനങ്ങൾ, വ്യോമ പ്രവർത്തനങ്ങൾ എന്നിവയിലെ സഹകരണം വർധിപ്പിച്ച്, പുരോഗമന പരിശീലനവും വിവര കൈമാറ്റവും നടത്തുന്നതിലൂടെ പൊതുവായ സമുദ്ര സാഹചര്യ അവബോധം വികസിപ്പിക്കുക എന്നതാണ് അഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആസൂത്രണം, ഏകോപനം, വിവരങ്ങൾ പങ്കിടൽ എന്നിവയിൽ അടുത്ത ബന്ധം വികസിപ്പിക്കുന്നതിന് സമാന ചിന്താഗതിക്കാരായ നാവികസേനകൾക്ക് ഈ അഭ്യാസം അവസരം നൽകുന്നു.
ലാ പെറൂസിന്റെ നാലാമത്തെ പതിപ്പാണിതെന്നും ഇതു സംബന്ധിച്ച വാര്‍ത്താ കുറിപ്പില്‍ മന്ത്രാലയം വ്യക്തമാക്കി. സര്‍ഫസ് വാര്‍ഫെയര്‍, ആന്റി എയര്‍ വാര്‍ഫെയര്‍, ക്രോസ് ഡെക്ക് ലാൻഡിങ്, എന്നിവയുൾപ്പെടെ സങ്കീർണവും നൂതനവുമായ മൾട്ടി-ഡൊമെയ്ൻ അഭ്യാസങ്ങൾ, വിബിഎസ്എസ് (വിസിറ്റ്, ബോർഡ്, സെർച്ച് ആൻഡ് സീഷർ) പ്രവർത്തനങ്ങൾ പോലുള്ള കോൺസ്റ്റാബുലറി ദൗത്യങ്ങൾ എന്നിവയും ഈ അഭ്യാസത്തിൽ ഉൾപ്പെടുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.