National

രാഹുലിന്‍റെ ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം കേട്ട് 250 രൂപയുടെ നഷ്‌ടമുണ്ടായി; കോടതിയില്‍ പരാതി

സമസ്‌തിപൂർ: രാഹുല്‍ ഗാന്ധി ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ചതിനെ തുടര്‍ന്ന് 250 രൂപ നഷ്‌ടമുണ്ടായതായി കോടതിയില്‍ പരാതി. സമസ്‌തിപൂർ ജില്ലയിലെ സോനുപൂർ ഗ്രാമത്തിൽ താമസിക്കുന്ന മുകേഷ് കുമാർ ചൗധരിയാണ് ബിഹാർ കോടതിയിൽ പരാതി ഫയൽ ചെയ്‌തത്.

ഡൽഹിയിൽ കോൺഗ്രസിന്‍റെ പുതിയ ആസ്ഥാനമായ ഇന്ദിരാ ഭവന്‍റെ ഉദ്ഘാടന വേളയിൽ രഹുല്‍ ഗാന്ധി നടത്തിയ പ്രസ്‌താവന തന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മാനസിക വിഷമം ഉണ്ടാക്കി എന്നും പരാതിയില്‍ പറയുന്നു.

പരിഭ്രാന്തിയിൽ കയ്യിലുണ്ടായിരുന്ന പാല്‍ ബക്കറ്റ് താഴെ വീണെന്നും ഇതുവഴി 250 രൂപയുടെ സാമ്പത്തിക നഷ്‌ടം ഉണ്ടായെന്നുമാണ് പരാതി. രാഹുല്‍ ഗാന്ധിയുടെ പരാമർശത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമസ്‌തിപൂരിലെ റോസേര സിവിൽ കോടതിയിലാണ് ഇദ്ദേഹം ഹർജി സമർപ്പിച്ചത്.

ടിവിയിൽ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കണ്ടതിനു ശേഷം ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ തനിക്ക് വളരെയധികം വേദനയുണ്ടായെന്ന് മുകേഷ് കുമാര്‍ പറഞ്ഞു.

‘രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ രാഷ്‌ട്രത്തിനെതിരായ പ്രസ്‌താവന കണ്ടപ്പോള്‍ എനിക്ക് വേദനയും പരിഭ്രാന്തിയും തോന്നി. ഇതുമൂലം അഞ്ച് ലിറ്റർ പാൽ നിറച്ച ഒരു പാത്രം എന്‍റെ കൈയിൽ നിന്ന് വഴുതിപ്പോയി. എനിക്ക് 250 രൂപ നഷ്‌ടം വന്നു. ആ പ്രസ്‌താവന എനിക്ക് അരക്ഷിതാവസ്ഥ തോന്നിക്കുകയും മാനസികമായി വേദനിപ്പിക്കുകയും ചെയ്‌തു’- മുകേഷ്‌ കുമാര്‍ ചൗധരി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന ഇങ്ങനെ:

കഴിഞ്ഞ ബുധനാഴ്‌ച (ജനുവരി 15) കോൺഗ്രസ് ആസ്ഥാനത്ത് രാഹുല്‍ പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് പരാമര്‍ശമുണ്ടായത്. ‘നമ്മൾ ന്യായമായ പോരാട്ടമാണ് നടത്തുന്നതെന്ന് കരുതരുത്. ഇതിൽ ന്യായമില്ല.

നമ്മൾ ബിജെപിയുമായോ ആർഎസ്എസുമായോ പോരാടുകയാണ് എന്നാണ് നിങ്ങൾ ധരിച്ചിരിക്കുന്നത് എങ്കിൽ, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടില്ല. ബിജെപിയും ആർഎസ്എസും ഓരോ സംവിധാനവും പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ നമ്മൾ ബിജെപിയുമായും ആർ‌എസ്‌എസുമായും പോരാടുകയാണ്, അതുകൊണ്ടു തന്നെ ഇന്ത്യൻ ഭരണകൂടത്തോടും…’- ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമം.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാ തീയതിയിലാണ് ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് എന്ന ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പ്രസ്‌താവനയെ വിമർശിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ ബിജെപിയും രംഗത്ത് വന്നിരുന്നു.

Related Articles

Back to top button
error: Content is protected !!