Sports

രോഹിത് ദുര്‍ബലന്‍; ബൗണ്ടറിയില്‍ ഫീല്‍ഡ് നിര്‍ത്തിയാല്‍ എതിര്‍ ടീമിന് അനായാസം റണ്ണെടുക്കാം: വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ താരം

ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് മുമ്പായി ഇന്ത്യയുടെ വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും മാനസികമായി കൂടി ഫിറ്റാകേണ്ടതുണ്ടെന്ന് മുന്‍ താരം സുരീന്ദർ ഖന്ന. ടൂര്‍ണമെന്‍റിന് മുന്നെ അവര്‍ തങ്ങളുടെ ഫോമിലേക്ക് തിരികെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും 68-കാരന്‍ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടാണ് സുരീന്ദർ ഖന്നയുടെ പ്രതികരണം.

ടീമിന്‍റെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ കൂടുതല്‍ കായികക്ഷമത നേടേണ്ടതുണെന്നും അദ്ദേഹം പറഞ്ഞു. “ക്യാപ്റ്റന്‍ ദുർബലനാണ്. രോഹിത് ശർമ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയാണെങ്കില്‍ ബാറ്റര്‍മാര്‍ക്ക് രണ്ട് റൺസ് എളുപ്പത്തിൽ എടുക്കാം. വിരാട് കോലി സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്നു, സർക്കിളിനുള്ളിൽ മാത്രമേ ഫീൽഡ് ചെയ്യുന്നുള്ളൂ.

എന്നാല്‍ എതിര്‍ ബാറ്റര്‍മാരെ റണ്‍സടിക്കാന്‍ അനുവദിക്കുന്നില്ല. സർക്കിളിൽ അദ്ദേഹം വളരെയധികം പരിശ്രമിക്കുന്നു. രണ്ട് പേരും മാനസികമായി കൂടി ഫിറ്റ്നസ് നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഫോമിലേക്ക് തിരിച്ചുവരുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” – സുരീന്ദർ ഖന്ന പറഞ്ഞു.

സമീപകാലത്തായി മോശം ഫോമിലാണ് രോഹിത്തും വിരാട് കോലിയും. അടുത്തിടെ അവസാനിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ദയനീയ പ്രകടനമായിരുന്നു ഇരുവരും നടത്തിയത്. മൂന്ന് മത്സരങ്ങളിലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും വെറും 31 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാന്‍ കഴിഞ്ഞത്. 6.20 മാത്രമാണ് ശരാശരി.

അഞ്ച് മത്സരങ്ങളിലെ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 23.75 ശരാശരിയില്‍ 190 റണ്‍സാണ് കോലി നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടുന്നുണ്ട്. പരമ്പരയിലുടനീളം ഔട്ട്‌സൈഡ്-ഓഫ്-സ്റ്റംപ് ട്രാപ്പിലാണ് കോലി കുരുങ്ങിയത്.

താരങ്ങളുടെ മോശം പ്രകടനം അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യയുടെ 3-1ന്‍റെ തോല്‍വിയില്‍ ഏറെ നിര്‍ണായകമായി. പരമ്പര കൈവിട്ടത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ വഴിയടക്കുകയും ചെയ്‌തു. ഇതാദ്യമായാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താതിരിക്കുന്നത്.

അതേസമയം ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുക. പാകിസ്ഥാനിലും യുഎഇയിലുമായാണ് ടൂര്‍ണമെന്‍റ് അരങ്ങേറുക. ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാന്‍ ബിസിസിഐ തയ്യാറാവാതിരുന്നതോടെയാണ് മത്സരങ്ങള്‍ക്ക് യുഎഇയും വേദിയായത്.

ബംഗ്ലാദേശ്, ന്യൂസിലാൻഡ്, പാകിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ പ്രാഥമിക ഘട്ടത്തില്‍ ഇറങ്ങുന്നത്. ബംഗ്ലാദേശിനെതിരെ ഫെബ്രുവരി 20-നാണ് ഇന്ത്യയുടെ ആദ്യം മത്സരം. 23 -ന് പാകിസ്ഥാനുമായും മാർച്ച് 2- ന് ന്യൂസിലൻഡുമായും രോഹിത്തും സംഘവും കളിക്കാനിറങ്ങും.

Related Articles

Back to top button
error: Content is protected !!