അമിത ലാഭം വാഗ്ദാനം ചെയ്തു; ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പിന് ഇരയായി വൈദികനും, തട്ടിയത് 1.41 കോടി
കോട്ടയം കടുത്തുരുത്തിയിൽ ഓൺലൈൻ തട്ടിപ്പിന് ഇരയായി വൈദികനും. പ്രമുഖ ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷൻ്റെ വ്യാജ പതിപ്പിലൂടെയാണ് വൈദികനിൽ നിന്നും ഒരുകോടി 41 ലക്ഷം രൂപ തട്ടിയത്. 850 ശതമാനം ലാഭവും ഇതിലൂടെ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാർക്കു നൽകി. വാഗ്ദാനം ചെയ്ത രീതിയിൽ തന്നെ പണം തിരികെ ലഭിച്ചതോടെ പലരിൽ നിന്നായി സ്വരൂപിച്ച 1.41 കോടി വൈദികൻ വീണ്ടും നിക്ഷേപിക്കുകയായിരുന്നു. എന്നാൽ വലിയ തുക നിക്ഷേപിച്ചതോടെ ലാഭം തിരിച്ചു ലഭിച്ചില്ല. പിന്നീട് ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് തട്ടിപ്പാണെന്ന് വൈദികരെ മനസ്സിലായത്. പിന്നാലെ കടുത്തുരുത്തി പൊലീസിൽ മൂന്ന് ദിവസം മുൻപ് പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ നോർത്ത് ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തി. അക്കൗണ്ടിൽ നിന്ന് മറ്റു പല അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് മനസ്സിലായി. പരാതി ലഭിച്ച ഉടൻതന്നെ ഇടപെട്ടതിനാൽ 28 ലക്ഷം രൂപ ബാങ്കിൽ ഫ്രീസ് ചെയ്യിക്കാൻ പൊലീസിന് സാധിച്ചു. അക്കൗണ്ടുകൾ ഇതെല്ലാം പരിശോധിച്ചു വരികയാണ്. പണം നഷ്ടമായ കാസർഗോഡ് സ്വദേശിയായ വൈദികൻ കോതനല്ലൂറിലെ ഒരു പള്ളിയിൽ വൈദിക ശുശ്രൂഷ ചെയ്തു വരികയാണ്.