കേരളാ പോലീസിനെ അഭിനന്ദിച്ച് കോടതി; ഗ്രീഷ്മ സമർഥയായ ക്രിമിനൽ
പാറശാല ഷാരോൺ രാജ് വധക്കേസിൽ കേരളാ പോലീസിനെ അഭിനന്ദിച്ച് കോടതി. പ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ചു കൊണ്ടുള്ള വിധി പ്രസ്താവത്തിനിടെയാണ് പോലീസിന്റെ അന്വേഷണത്തെ കോടതി അഭിനന്ദിച്ചത്. മാറിയ കാലത്തിന് അനുസരിച്ചുള്ള അന്വേഷണം പോലീസ് നടത്തിയെന്നും പിടിച്ചുനിൽക്കാനുള്ള ഗ്രീഷ്മയുടെ എല്ലാ ശ്രമങ്ങളും പോലീസ് അന്വേഷണത്തിൽ പൊളിഞ്ഞെന്നും കോടതി അഭിനന്ദിച്ചു.
ഗ്രീഷ്മ സമർഥയായ ക്രിമിനലാണെന്നും കോടതി വിശേഷിപ്പിച്ചു. ഗ്രീഷ്മയുടെ പ്രായം കണക്കിലെടുക്കാൻ ആകില്ല. സമർഥമായ കൊലപാതകമാണ് നടന്നത്. അന്വേഷണത്തെ വഴി തെറ്റിക്കാനും പ്രതി ശ്രമിച്ചു. ഷാരോൺ മരിച്ച ശേഷവും യുവാവിനെ വ്യക്തിഹത്യ നടത്താനാണ് പ്രതി ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി
ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ തെളിവുകളുമാണ് കേസിൽ നിർണായകമായത്. എങ്ങനെ കൊലപാതകം നടത്താമെന്ന് ഗ്രീഷ്മ ഇന്റർനെറ്റിൽ തെരഞ്ഞതും കേസിൽ നിർണായകമായ തെളിവായി മാറി. പൈശാചികമായ മനസ്സാണ് ഗ്രീഷ്മക്കെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ചത്.