ബറോസ് ഇനി ഒടിടിയില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രം ബറോസ് ഒടിടിയിലേക്ക്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. തിയറ്ററുകളിലെത്തി 23-ാം ദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തും എന്നാണ് വിവരം. ഇപ്പോഴിതാ ഒടിടി റിലീസ് ഡേറ്റും പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രധാനമായും കുട്ടികളെ ഉദ്ദേശിച്ച് എടുത്ത ചിത്രം ബോക്സോഫീസില്‍ വലിയ തരംഗം ഉണ്ടാക്കിയിരുന്നില്ല. ജനുവരി 22 മുതലാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടി സ്ട്രീമിംഗിനായി എത്തുക എന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.
കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന് നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്റെ ആദ്യ സിനിമയാണ് ബറോസ്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. സന്തോഷ് ശിവന് ആണ് ഛായാഗ്രഹണം.