ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 65
[ad_1]
രചന: റിൻസി പ്രിൻസ്
ആ സമയം തന്നെയാണ് അവളുടെ ഫോണിലേക്ക് കോൾ വന്നത്, നോക്കിയപ്പോൾ സാം ആണ്. അവൾ ഫോൺ എടുത്തതും പള്ളിയുടെ പുറകിലേക്ക് വരാനാണ് അവൻ പറഞ്ഞത്.. രണ്ടും കൽപ്പിച്ച് അവൾ പള്ളിയുടെ പുറകിലേക്ക് നടന്നു.
അവിടേക്ക് നടക്കുമ്പോഴും അവൾക്ക് വേണ്ട എന്ന് തോന്നിയിരുന്നു ഇനി എന്തിനാണ് അവനെ കാണുന്നത്, കൂടുതൽ ഇനി എന്താണ് അവനോട് സംസാരിക്കാൻ ഉള്ളത്.? അവന്റെ മനസ്സിൽ താൻ ഇല്ലെന്ന് ഉറപ്പാണ്. ഇനിയും ചെയ്യാനുള്ളത് പതിയെ മനസ്സിൽ നിന്നും അവനെ മായ്ച്ചു കളയുക എന്നുള്ളതാണ്. അതിന് തനിക്ക് സാധിക്കണമെന്ന് മാത്രമാണ് ഇപ്പോഴുള്ള പ്രാർത്ഥന.. ഓരോന്ന് ചിന്തിച്ച് പള്ളിയുടെ പുറകിലെത്തിയപ്പോൾ അവൻ അവിടെയില്ലന്ന് മനസ്സിലാക്കിയത്… വീണ്ടും ഫോൺ എടുത്തു അവനെ വിളിച്ചു, അപ്പോഴേക്കും ആള് പാരിഷ് ഹാളിന്റെ അരികിൽ നിന്ന് കൈയാട്ടി വിളിക്കുന്നുണ്ട്, ചെറിയൊരു പുഞ്ചിരി ആൾക്ക് സമ്മാനച്ചെങ്കിലും അത് തിരികെ കിട്ടിയിരുന്നില്ല.. മുഖത്ത് ഗൗരവമാണ്.. കണ്ണുകൾ വല്ലാതെ ചുവന്നു കിടക്കുന്നു…
ഒരു കൈലിയും ഷർട്ടും ആണ് അണിഞ്ഞിരിക്കുന്നത്, പെരുന്നാളിന്റെ കാര്യമായ തിരക്കിലായിരുന്നു എന്ന് തോന്നുന്നു.. കയ്യാട്ടി തന്നെ വിളിച്ചതും താൻ അവന്റെ അരികിലേക്ക് നടന്നു. പാരിഷ് ഹാളിന്റെ അരികിൽ ധ്യാനം കഴിഞ്ഞ് എല്ലാവർക്കും കഴിക്കുവാനുള്ള സ്ഥലം അറേഞ്ച് ചെയ്തിട്ടുണ്ട്.. അവിടെ കുറെ അധികം കസേരകളും ഒക്കെ ഇട്ടിട്ടുണ്ട്, അവൻ അതിൽ ഒരു കസേരയിലായി ഇരുന്നു.. അവന്റെ ഓപ്പോസിറ്റ് ഒരു കസേര തനിക്ക് ഇരിക്കുവാൻ വേണ്ടി അവൻ ചൂണ്ടിക്കാണിക്കുകയും ചെയ്തു,
മുഖത്തു നിറഞ്ഞുനിൽക്കുന്ന ഗൗരവത്തിന്റെ അർത്ഥം എന്തെന്ന് മനസ്സിലാക്കാൻ അവർക്ക് സാധിച്ചിരുന്നില്ല, എങ്കിലും അവൻ പറഞ്ഞത് പോലെ അവൾ അനുസരിച്ചു…
” ചേച്ചി ഒക്കെ വന്നോ…?
“ആഹ്….
അവൻ അമർത്തി ഒന്ന് മൂളി..
” അവര് ധ്യാനത്തിന് വരുമോ..?
” അവര് കുറച്ചുകൂടി കഴിഞ്ഞിട്ട് വരത്തുള്ളൂ, തനിക്കെന്താ പറ്റിയത്…? ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തില്ലല്ലോ, താൻ ഇന്ന് വരുമെന്ന് കരുതി ഞാൻ രാവിലെ കുറെ നേരം കാത്തിരുന്നു…
അവൻ പറഞ്ഞു
” ഒരു മൂഡില്ലായിരുന്നു…
അവന്റെ മുഖത്തേക്ക് നോക്കാതെയാണ് അവൾ പറഞ്ഞത്…..
” നാളെ എപ്പോഴാ പോകുന്നത്…?
” എവിടെ…?
മനസ്സിലാവാതെ അവൻ ചോദിച്ചു,
“നാളെ പെണ്ണുകാണാൻ പോവാണ് എന്നല്ലേ പറഞ്ഞത്…
” പോണം…
അവൻ അലക്ഷ്യമായി മറ്റ് എവിടെയോ നോക്കി പറഞ്ഞപ്പോൾ വീണ്ടും അവളുടെ ഹൃദയം ഒന്ന് വേദനിച്ചിരുന്നു…
” കുറച്ചു മുന്നേ സഞ്ജീവേട്ടൻ വിളിച്ചിരുന്നു, ഇന്നും പറഞ്ഞു അജോയുടെ കാര്യം, തന്നെ കാണാൻ അവർ വരട്ടെ എന്ന് ആണ് ചോദിക്കുന്നത്.. ഞാനെന്താ പറയേണ്ടത് സഞ്ജീവേട്ടനോട്..?
” എന്നെ വിളിച്ച് സംസാരിക്കാൻ പറ, എന്റെ കല്യാണം അല്ലേ? അപ്പോൾ ഞാനല്ലേ സംസാരിക്കേണ്ടത്…? എന്നെക്കുറിച്ച് മറ്റുള്ളവരോട് ചോദിച്ചിട്ട് കാര്യമില്ലല്ലോ, എന്റെ തീരുമാനവും എന്നെ കാണാൻ വരട്ടെ എന്നും ചോദിക്കേണ്ടത് എന്നോടാണ്, എന്നെ വിളിച്ചത് ചോദിക്കുമ്പോൾ ഞാൻ അതിനുള്ള മറുപടി പറഞ്ഞോളാം…
ഗൗരവത്തോടെ തന്നെയാണ് അവളും മറുപടി പറഞ്ഞത് ഒരേസമയം അവന് വേദനയും സങ്കടവും തോന്നിയിരുന്നു..
” അപ്പോൾ തനിക്ക് ആ വിവാഹത്തിന് താല്പര്യമാണെന്നാണോ അതിനർത്ഥം…?
രണ്ട് കൽപ്പിച്ച് അവൻ ചോദിച്ചു
“അതിനെക്കുറിച്ച് ഒന്നും ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല,
“പിന്നെ ഇനി നീ എപ്പോൾ ചിന്തിക്കാൻ ഇരിക്കുകയാടി….
അവന് ദേഷ്യം തോന്നിയിരുന്നു അവന്റെ മുഖഭാവം മാറുകയും ചെയ്തു… ആ ഒരു ഭാവം അവളിൽ വല്ലാത്ത അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. ഇതുവരെ ചെറു ചിരിയോടെ അല്ലാതെ അവനെ കണ്ടിട്ടില്ല, ഇത് ആദ്യമായാണ് ഇത്രയും ദേഷ്യത്തിൽ അവന്റെ മുഖം കാണുന്നത്…
“പത്തിരുപത്തിനാല് വയസ്സ് ആയില്ലേ..? ഇനി കല്യാണത്തെപ്പറ്റി ചിന്തിച്ചിട്ടില്ലേ, അപ്പോൾ പിന്നെ നീ സന്യാസിക്കാൻ പോവണോ.? ഇത്രയും കാലത്തിനിടയ്ക്ക് ഒരാളെ കുറിച്ചോ വിവാഹ സങ്കല്പത്തെക്കുറിച്ച് നീയെന്താ ആലോചിക്കാതിരുന്നത്.? നീ ആരെയെങ്കിലും കാത്തിരിക്കുകയായിരുന്നോ.? അല്ലെങ്കിൽ നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ..?
ദേഷ്യപ്പെട്ട് അവൻ ചോദിച്ചപ്പോൾ ഇതെന്ത് മറിമായം എന്നൊരു അവസ്ഥയിലായിരുന്നു അവള്..
” ഉണ്ടെങ്കിലും ഇല്ലെങ്കിലും സന്യാസി ആയാലും ഇപ്പൊ എന്താ പ്രശ്നം…?
അവള് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല
” ദേ കൊച്ചെ സഹിക്കുന്നതിന് ഒരു പരിധിയുണ്ട്, കുറച്ചു ദിവസം ആയിട്ട് സമാധാനമില്ലാത്ത നിൽക്കാ ഞാൻ, നിനക്ക് എന്നോട് വല്ലതും പറയാനുണ്ടെങ്കിൽ ഇപ്പൊ പറയണം… ഈ നിമിഷം നിനക്ക് തുറന്നു പറയാം, എന്ത് കാര്യം വേണമെങ്കിലും പറയാം…
അവൾ മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി,
” എന്ത് പറയാനാ ഈ പറയുന്നേ…?
” നിനക്ക് എന്നോട് ഒന്നും പറയാനില്ലേ
സഹികെട്ടു അവൻ ചോദിച്ചു,
” എനിക്കൊന്നും മനസ്സിലാവുന്നില്ല, കുടിച്ചിട്ടാണോ എന്നോട് സംസാരിക്കുന്നത്…
അവന്റെ വായിൽ നിന്നും വന്ന മദ്യത്തിന്റെ ഗന്ധം അറിഞ്ഞുകൊണ്ട് മൂക്കിൽ കൈവച്ചുകൊണ്ട് അവൾ ചോദിച്ചു…
” ആഹ് കുടിച്ചിട്ടുണ്ട്..! രണ്ടെണ്ണം അടിച്ചിട്ട് തന്നെയാണ് സംസാരിക്കുന്നത്… എനിക്കൊരു ധൈര്യത്തിന് വേണ്ടിയാണ്, സ്വബോധത്തോടെ നിന്നോട് ഇങ്ങനെ സംസാരിക്കാൻ എനിക്ക് പറ്റത്തില്ല… മൂന്നാല് ദിവസം ആയി ഞാൻ ഉറങ്ങിട്ടു, ഇന്നു പറയും നാളെ പറയുമെന്ന് കരുതി ഇരിക്കുവാ.. ഇതിപ്പോൾ ഒരുമാതിരി ഗണപതി കല്യാണം പോലെ, പെണ്ണ് കാണാൻ പോകുന്നത് എന്നാണെന്ന് ചോദിക്കാൻ വന്നിരിക്കുന്നു…
അവൻ ദേഷ്യപ്പെട്ടപോൾ അവൾ അമ്പരന്ന് നിന്നു
” നോർമൽ ആയിട്ട് നമുക്ക് നാളെ സംസാരിക്കാം…
അവൾ പോകാൻ തുടങ്ങിയപ്പോൾ അവളുടെ കൈയ്ക്ക് പിടിച്ചു അവൻ നിർത്തിയിരുന്നു…
” ധ്യാനം തുടങ്ങാറായി ആരെങ്കിലും വന്ന് കണ്ടാൽ നാണക്കേടാ,
” ആര് വേണമെങ്കിലും വന്നോട്ടെ, വന്ന് കണ്ടോട്ടെ, ഇതിനു ഒരു തീരുമാനം ആവാതെ നിന്നെ ഇവിടുന്ന് വിടില്ല, ഞാനും പോവില്ല,
” എന്ത് കാര്യത്തിന് തീരുമാനം ആവുന്ന കാര്യമാ മനുഷ്യ നിങ്ങളീ പറയുന്നത്… എനിക്ക് മനസ്സിലാവുന്ന ഭാഷയിൽ പറ..
ശ്വേതയ്ക്ക് ദേഷ്യം വന്നു..
” നിനക്ക് ഞാൻ ഇത്രയും പറഞ്ഞിട്ട് മനസ്സിലായിട്ടില്ല അല്ലെ…?
” ഇല്ലെന്ന് മലയാളത്തിൽ അല്ലേ പറഞ്ഞത്
” എടി നിനക്ക് പണ്ട് എന്നോട് എന്തോ ഇഷ്ടമുണ്ടെന്ന് നീ പറഞ്ഞില്ലേ, അന്ന് ഫോൺ വിളിച്ച് വഴി തടഞ്ഞു നിർത്തി ഒക്കെ നീ എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടില്ലേ നിനക്ക് എന്നെ ഇഷ്ടമാണെന്ന്, ആ ഇഷ്ടം ഇപ്പോഴും നിന്റെ മനസ്സിൽ ഉണ്ടോ…?
ഒരു നിമിഷം അവളും ഞെട്ടി പോയിരുന്നു അവന്റെ തുറന്ന ചോദ്യത്തിന് മുമ്പിൽ..
” അതൊക്കെ അന്നല്ലേ അന്ന് ഞാൻ പറഞ്ഞപ്പോൾ തന്നെ എന്നോട് തിരിച്ചു പറഞ്ഞിരുന്നല്ലോ ഇഷ്ടമല്ലെന്ന്, പിന്നെ ഞാൻ ഒരിക്കലും അക്കാര്യം പറഞ്ഞു വന്നിട്ടില്ലല്ലോ…
” അന്നത്തെ കാര്യം അല്ല ഇന്നത്തെ കാര്യം ആണ് ചോദിക്കുന്നത്, ഇന്ന് നിനക്ക് എന്നോട് ഇഷ്ടം ഉണ്ടോ..? ഇല്ലയോ എന്ന്..?
” ബോധമില്ലാതെ ആണെന്ന് തോന്നുന്നു സംസാരിക്കുന്നത്,
അവൾ പോകാൻ തിരിഞ്ഞു
” എനിക്ക് നല്ല ബോധമുണ്ട്, രണ്ട് പെഗ് അടിച്ചതുകൊണ്ട് ബോധം പോകുന്ന ഒരാളൊന്നുമല്ല ഞാൻ. എനിക്കറിയാം നിനക്ക് ഇഷ്ട്ടമാ, അതുകൊണ്ടല്ലേ നിന്റെ മൊബൈലിൽ ഇപ്പോഴും എന്റെ പഴയ നമ്പർ മൈ ലവ് എന്ന് സേവ് ചെയ്തിരിക്കുന്നത്, അതുകൊണ്ടല്ലേ നീ ഇപ്പോഴും കല്യാണം കഴിക്കാതിരിക്കുന്നത്.? അതുകൊണ്ടല്ലേ എന്നെ കാണുമ്പോൾ ഇപ്പോഴും നിന്റെ കണ്ണിനൊരു തിളക്കം ഉള്ളത്, നിനക്ക് ഇപ്പോഴും എന്നെ ഇഷ്ടമല്ലേ ശ്വേതാ…! എനിക്കറിയാം ഇഷ്ടമാണെന്ന്, പക്ഷേ നീ അത് സമ്മതിച്ചു തരില്ല… അല്ലെങ്കിൽ തന്നെ എത്ര തവണ ഞാൻ നിന്നോട് ചോദിച്ചു, അപ്പോഴൊന്നും നീ സമ്മതിച്ചിട്ടില്ല… എനിക്കറിയാം അന്ന് ഞാൻ നിന്റെ ഇഷ്ടം നിരസിച്ചതിന് നീ എന്നോട് പ്രതികാരം ചെയ്യുന്നത് ആണ്… പക്ഷേ നീ എന്റെ ഭാഗത്ത് നിന്നും കൂടി ചിന്തിക്കണം, അന്ന് ഞാൻ ആത്മാർത്ഥമായിട്ട് ഒരു പെൺകൊച്ചിനെ സ്നേഹിക്കുകയായിരുന്നു, ആ സമയത്ത് വേറൊരു പെൺകുട്ടി വന്ന് എന്നോട് ഇഷ്ടമാണെന്ന് പറയുമ്പോൾ ആ പ്രണയത്തിൽ ആത്മാർത്ഥത കാണിച്ച ഏതൊരു വ്യക്തിയും ചെയ്യുന്നത് ഞാനും ചെയ്തിട്ടുള്ളൂ, വേണമെങ്കിൽ എനിക്ക് നിന്നെ ഫ്ലേർട്ട് ചെയ്യാമായിരുന്നു, ആരും അറിയില്ലായിരുന്നു… പക്ഷേ അതിനൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല… അവൾ പോയപ്പോൾ നിന്നെ തേടി വന്നതല്ലേ ഞാൻ, നിന്റെ കോളിറ്റികൾ കണ്ട് നിന്നെ എപ്പോഴൊക്കെ ഞാൻ ഇഷ്ടപ്പെട്ടു പോയി.. ഇതിനിടയിൽ നിന്നിൽ നിന്ന് തന്നെ ഇത്രയും കാലം നീ എന്നെ തന്നെ ഓർമിച്ചിരിക്കുകയായിരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ നിന്നെ കൂടുതൽ സ്നേഹിച്ചു, അന്ന് നിന്റെ ഫോണിൽ എന്റെ നമ്പർ നീ അടിച്ചിട്ടിരിക്കുന്നത് എങ്ങനെ ആണെന്ന് കണ്ടപ്പോൾ ഞാനെന്ത് സന്തോഷിച്ചു എന്നറിയോ? എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ശ്വേതാ..! ഒരിക്കൽ ഞാൻ നിന്റെ സ്നേഹം വേണ്ടെന്നു വച്ചതാണ് പക്ഷേ അന്ന് അതൊരു 15 കാരിയുടെ ചാപല്യമായി മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ, ആ സ്നേഹത്തെ നീ ഇത്ര സീരിയസ് ആയി എടുക്കുമെന്ന് ഞാൻ അറിഞ്ഞില്ല… 10 വർഷത്തോളം ആ സ്നേഹത്തിനു വേണ്ടി നീ കാത്തിരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല… എന്നെ ഇഷ്ടപ്പെടാനുള്ള നിന്റെ കാരണം അതുതന്നെ എന്നെ വല്ലാതെ അമ്പരപ്പെടുത്തി കളഞ്ഞു, ഇത്രയും വർഷം നിന്റെ മനസ്സിൽ എന്നോടുള്ള ഇഷ്ടം ഒട്ടും കുറയാതെ അങ്ങനെ ഉണ്ടെങ്കിൽ അതിന് അർത്ഥം നീ എന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ് എന്നല്ലേ…,? ഇത്രയും എന്നെ ആത്മാർത്ഥമായി സ്നേഹിച്ച ഒരാളെ ഞാൻ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കുന്നത്, നീ പോലും അറിയാതെ എപ്പോഴോ ഞാൻ നിന്നെയും സ്നേഹിച്ചുപോയി.. നീ ഇല്ലാത്ത ഒരു ജീവിതം അതിപ്പോ എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല, എന്തു വന്നാലും നീ എന്നോട് ഇഷ്ടമാണെന്ന് തുറന്നു സമ്മതിക്കില്ലെന്ന് തീരുമാനിച്ചിരിക്കുന്നു, അതുകൊണ്ട് ഞാൻ തന്നെ തോറ്റ് തരുക ആണ്… ഈ ടോം ആൻഡ് ജെറി കളി നമുക്കിവിടെ നിർത്താം, എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ശ്വേത, നീ ഇല്ലാതെ എന്റെ ജീവിതം പൂർണമാവില്ല… അവളുടെ ഇരുചുമലുകളിലും ശക്തിയായി പിടിച്ചുലച്ച് അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൻ കിതച്ചു പോയിരുന്നു…
മറുപടി എന്ത് പറയണം എന്ന് അറിയാതെ നിൽക്കുകയാണ് ശ്വേത……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]