വടകരയില്‍ വീണ്ടും മത്സരയോട്ടം; സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
മരിച്ചത് ഹോട്ടല്‍, സ്റ്റേഷനറി കടകളുടെ ഉടമ
കോഴിക്കോട് – വടകര – കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കെ വടകര മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. കുഞ്ഞിപ്പള്ളിയിലെ ഹോട്ടലിന്റെയും മുക്കാളിയിലെ സ്റ്റേഷനറി കടയുടെയും ഉടമ വിനയനാഥാണ് മരിച്ചത്. ഇന്നുച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം.
കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗ്ളാസിയര്‍ ബസാണ് സ്കൂട്ടറില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനയനാഥിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം നാളെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഈ റൂട്ടിലൂടെയുള്ള സ്വകാര്യ ബസുകള്‍ അമിത വേഗത്തിലാണ് സഞ്ചരിക്കാറുള്ളതെന്ന് വടകര സ്വദേശി വ്യക്തമാക്കി. പോലീസ് എത്തി സ്ഥലം പരിശോധിച്ചു.