വിവാദങ്ങള്‍ക്കിടെ സഞ്ജുവിന്റെ പാട്ട്; ട്രോളോ അതോ റിലാക്‌സേഷനോ
വൈറലായി സൂര്യകുമാറിന്റെ കമന്റും
ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് സഞ്ജു പുറത്തായതിന്റെ കാരണം തേടുകയാണ് കേരളത്തിലെ മാധ്യമങ്ങള്‍. ചിലര്‍ സഞ്ജുവിനെ കുറ്റപ്പെടുത്തുമ്പോള്‍ മറ്റു ചിലര്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ കുറ്റപ്പെടുത്തുകയാണ്. എന്നാല്‍, ഈ വിവാദങ്ങള്‍ക്കിടയില്‍ സഞ്ജുവിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നു. ആവേശത്തോടെയാണ് ആരാധകര്‍ ആ പോസ്റ്റ് കണ്ടത്.
വിവാദങ്ങളോടുള്ള പ്രതികരണമോ നിലപാടോ ഒന്നുമായിരുന്നില്ല അത്. നല്ല അസ്സല് ഹിന്ദി പാട്ട് ആലപിക്കുകയായിരുന്നു താരം.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ആരംഭിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍ക്കൊപ്പം ഗാനം ആലപിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. സഞ്ജു തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയ്ക്കു താഴെ വന്ന സൂര്യകുമാര്‍ യാദവിന്റെ പ്രതികരണവും ഇപ്പോള്‍ വൈറലാവുകയാണ്.1991ലെ ‘ജോ ജീത്താ വഹി സിഖന്ദര്‍’ എന്ന ബോളിവുഡ് സിനിമയിലെ ‘പെഹ്ല നഷാ’ എന്ന പാട്ടാണ് ടീം അംഗങ്ങള്‍ക്കൊപ്പം ഇരുന്ന് സഞ്ജു പാടിയത്. കോച്ച് അഭിഷേക് നായര്‍ക്കൊപ്പം തന്റെ ഫോണില്‍ പാട്ടിന്റെ വരികള്‍ നോക്കിയാണ് സഞ്ജു പാടുന്നത്.
‘എടാ മോനേ, സഞ്ജു സാംസണ്‍’ എന്ന് ആവേശത്തോടെ വിളിച്ചുപറഞ്ഞാണ് സഞ്ജു വീഡിയോ അവസാനിപ്പിക്കുന്നത്.’അസാധ്യമായി ഒന്നുമില്ല. ഞാന്‍ പാടി. എനിക്കിനി മുംബൈയിലേക്ക് വരാന്‍ കഴിയുമോ?’, എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്.
സഞ്ജുവിന്റെ വീഡിയോയ്ക്ക് താഴെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനും സഞ്ജുവിന്റെ ഉറ്റസുഹൃത്തുമായ സൂര്യകുമാര്‍ യാദവും കമന്റുമായി എത്തി. ‘നിങ്ങള്‍ക്ക് മുംബൈയിലേക്ക് എത്താന്‍ കഴിയും. പക്ഷേ ചെന്നൈയിലെയും രാജ്കോട്ടിലെയും പൂനെയിലെയും ഓഡീഷനുകള്‍ക്ക് ശേഷം മാത്രം’, സൂര്യ ട്രോളി.