Doha
ഗാസയിലേക്കു ഖത്തര്‍ എണ്ണ എത്തിച്ചുതുടങ്ങി
ദോഹ: യുദ്ധം താറുമാറാക്കിയ ഗാസയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറില്‍നിന്നുള്ള എണ്ണ ഗാസയിലേക്ക് എത്തിത്തുടങ്ങി. 10 ദിവസത്തിനകം 1.24 കോടി ലിറ്റര്‍ എണ്ണ എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇന്നലെ മുതല്‍ ഖത്തറില്‍നിന്നുള്ള എണ്ണ എത്തിത്തുടങ്ങിയത്. വെടിനിര്‍ത്തലിന്റെ തുടര്‍ച്ചയായി ഗാസക്ക് ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പ്രഖ്യാപിച്ച അടിയന്തര സഹായത്തിന്റെ ഭാഗമായാണ് ഇന്ധനം നല്‍കുന്നത്.
ലാന്റ് ബ്രിഡ്ജ് സ്ഥാപിച്ചാണ് എണ്ണ എത്തിക്കുകയെന്ന് ഖത്തര്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഈജിപ്തിനും ഗാസക്കുമിടയിലെ കരിം സലിം ക്രോസിങ് വഴി ആദ്യ ദിനമായ ഇന്നലെ 25 ട്രക്കുകളിലായി ഇന്ധനം എത്തിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.