ഗ്രീഷ്മക്ക് വധശിക്ഷ: ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം ചെയ്യുമെന്ന് മെന്‍സ് അസോസിയേഷന്‍
ആഹ്ലാദ പ്രകടനം രാഹുല്‍ ഈശ്വര്‍ ഉദ്ഘാടനം ചെയ്യും
ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതിയായ സ്ത്രീക്ക് വധശിക്ഷ വിധിച്ചതില്‍ ആഹ്ലാദ പ്രകടനം സംഘടിപ്പിക്കാന്‍ കേരള മെന്‍സ് അസോസിയേഷന്‍. ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനും ബുധനാഴ്ച രാവിലെ സെക്രട്ടേറിയേറ്റിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്താനും ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ (എകെഎംഎ) തീരുമാനിച്ചു.
പാലാഭിഷേകത്തെ കൂടാതെ പടക്കം പൊട്ടിച്ചും അസോസിയേഷന്‍ ആഘോഷം നടത്തും. അതേസമയം വിധിയെ എതിര്‍ത്ത ജസ്റ്റിസ് കെമാല്‍ പാഷക്കെതിരെയുള്ള പ്രതിഷേധവും സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്ത് നിയമം സ്ത്രീകള്‍ക്കൊപ്പമാണെന്നും സ്ത്രീകളും പുരുഷന്മാരും ഒരേകുറ്റം ചെയ്താല്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ ശിക്ഷയും പുരുഷന്മാര്‍ക്ക് വലിയ ശിക്ഷയും നല്‍കുന്ന രീതിയാണ് രാജ്യത്തുള്ളതെന്നുമുള്ള അഭിപ്രായമാണ് സംഘടനക്കുള്ളത്. ഈ സാഹചര്യത്തിലാണ് സംഘടന ഗ്രീഷ്മക്ക് വധശിക്ഷക്ക് വിധിച്ച വിധിയെ വലിയ ആഹ്ലാദമായി കൊണ്ടാടുന്നത്.