ട്രാൻസ്‌ജെൻഡേഴ്‌സിനോട് കരുണ കാണിക്കണമെന്ന് ബിഷപ്; പ്രാർഥന മെച്ചപ്പെടുത്തണമെന്ന് ട്രംപ്
അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പരിസമാപ്തി കുറിക്കുന്ന പ്രാർഥനാ ചടങ്ങിൽ ട്രംപിനോട് അഭ്യർഥനയുമായി വനിതാ ബിഷപ്. ട്രാൻസ്‌ജെൻഡറുകൾക്കുള്ള പരിരക്ഷ എടുത്തു കളഞ്ഞതും കുടിയേറ്റക്കാർക്കെതിരായ നടപടിയും പുനഃപരിശോധിക്കണമെന്ന് എപ്പിസ്‌കോപ്പൽ ബിഷപ് റൈറ്റ് റവ. മരിയാൻ എഡ്ഗാർ ബുഡ്ഡേ ആവശ്യപ്പെട്ടുു
എൽജിബിടി സമൂഹത്തോടും കുടിയേറ്റക്കാരോടും കരുണ കാണിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു. സദസിന്റെ മുൻനിരയിൽ ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും അടക്കമുള്ളവർ ഇരിക്കവെയാണ് ബിഷപിന്റെ അഭ്യർതന. ഗൗരവമേറിയ മുഖത്തോടെയാണ് ട്രംപ് ബിഷപിന്റെ പ്രസംഗം കേട്ടുനിന്നത്. അതേസമയം വാൻസ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം
നമ്മുടെ വിളകൾ പറിക്കുകയും ആശുപത്രികളിലെ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുകയും, ഹോട്ടലുകൾ വൃത്തിയാക്കുന്നവരുമാണ് കുടിയേറ്റക്കാർ. കുടിയേറ്റക്കാർ ക്രിമിനലുകളല്ല. അവരും നികുതി അടയ്ക്കുന്നുണ്ട്. അവർ മികച്ച അയൽക്കാരുമാണ്. ്അന്യരോട് കരുണയുണ്ടാകണമെന്നാണ് ദൈവം പഠിപ്പിക്കുന്നത്. ഈ ലോകത്ത് നമ്മളും ഒരിക്കൽ അന്യരായിരുന്നുവെന്നും ബിഷപ് പറഞ്ഞു.
പ്രാർഥന ചടങ്ങിന് ശേഷം അഭിപ്രായം തേടിയ മാധ്യമങ്ങളോട് പ്രാർഥന ചടങ്ങ് അത്ര നല്ലതായി തോന്നിയില്ലെന്നും കുറച്ചുകൂടി മെച്ചപ്പെടുത്താമെന്നുമായിരുന്നു ട്രംപിന്റെ മറുപടി. ട്രംപിന്റെ ആദ്യ ഭരണകാലത്തും ബിഷപ് ബുഡ്ഡെ ട്രംപിനെ വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്