ഹജ്ജ് കരാര്‍: ഒപ്പുവെയ്ക്കല്‍ അടുത്ത വര്‍ഷം 14ന് അവസാനിക്കും
മക്ക: ഹജ്ജിനുള്ള കരാര്‍ വിദേശരാജ്യങ്ങളുമായി ഒപ്പിടുന്നതിനുള്ള അവസാന തിയതി അടുത്ത മാസം 14 ആയിരിക്കുമെന്ന് സഊദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് ആയിരുന്നു ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായത്. ഇതാണ് ഫെബ്രുവരി 14 ഓടെ അവസാനിപ്പിക്കാന്‍ സഊദി ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളുടെ ഹജ്ജിനായുള്ള ഓഫീസുകളുമായാണ് സഊദി കരാര്‍ ഒപ്പുവെക്കുക.
അവസാന തിയതി അവസാനിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട് കരാറുകളൊന്നും സ്വീകരിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കരാര്‍ ഒപ്പിടല്‍ പൂര്‍ത്തിയാവുന്നതോടെയാണ് ഓരോ രാജ്യത്തിനും അനുവദിക്കുന്ന ഹജ്ജ് ക്വാട്ട നിശ്ചയിക്കുക. ഇത് പൂര്‍ത്തിയാവുന്നതോടെ വിസ അനുവദിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രാലയം തുടക്കമിടും. ഹജ്ജ് തീര്‍ഥാടകരായി എത്തുന്നവര്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതിനായാണ് കരാര്‍ ഒപ്പിടുന്നത്.