ഖത്തറില്‍ പ്രവാസിയായ ആന്ധ്ര സ്വദേശിയുടെ ലഗേജ് എത്തിയത് ഓട്ടോയില്‍; വൈറലായി പ്രവാസിയുടെ പോസ്റ്റ്
ദോഹ: സാമൂഹിക മാധ്യമമായ ലിങ്ക്ഡ്ഇന്നില്‍ ആന്ധ്ര സ്വദേശി പങ്കുവെച്ച ലഗേജ് ഓട്ടോയില്‍ വീട്ടിലെത്തിയ പോസ്റ്റാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ഓടുന്നത്. ദോഹയില്‍നിന്നും ജനുവരി 11ന് ഇന്‍ഡിഗോ വിമാനത്തില്‍ ഹൈദരാബാദിലേക്ക് പറന്ന മദന്‍കുമാര്‍ റെഡ്ഡി കോട്ടളയുടെ ലഗേജാണ് ഓട്ടോയില്‍ പിന്നീട് വീട്ടുപടിക്കലേക്ക് എത്തിയത്. വിമാനത്തിലെ സ്ഥലപരിമിതിയാല്‍ കമ്പനി തന്റെ ലഗേജ് ദോഹയില്‍ ഉപേക്ഷിച്ചെന്നും അതാണ് പിന്നീട് ഓട്ടോയില്‍ എത്തിയതെന്നും ലഗേജ് വന്ന ചിത്രം ഉള്‍പ്പെടെ പോസ്റ്റ്ചെയ്ത്് മദന്‍കുമാര്‍ പങ്കുവെച്ചിരുന്നു.
ഹൈദരാബാദില്‍ വിമാനം ഇറങ്ങിയപ്പോഴാണ് കമ്പനി അധികാരികള്‍ ലഗേജ് സ്ഥലപരിമിതിയാല്‍ കൊണ്ടുവന്നിട്ടില്ലെന്നും 24 മണിക്കൂറിനകം വീട്ടില്‍ എത്തിക്കുമെന്നും വ്യക്തമാക്കിയത്. എന്നാല്‍ ലഗേജ് എത്തിയതാവട്ടെ മൂന്നു ദിവസം കഴിഞ്ഞ്. അതായത് ജനുവരി 14ന് മാത്രമാണ് തനിക്ക് ലഗേജ് ലഭിച്ചതെന്നും വാച്ച് ഉള്‍പ്പെടെയുള്ള ചില വിലപിടിപ്പുള്ള സാധനങ്ങള്നഷ്ടമായതായും വിമാന കമ്പനി ജീവനക്കാരുടെ പെരുമാറ്റം മോശമായിരുന്നെന്നും അദ്ദേഹം പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. സംഭവത്തില്‍ ഇന്‍ഡിഗോ അധികൃതര്‍ പിന്നീട് യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ചിരുന്നു.