രക്ഷകനായ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ട് സെയ്ഫ് അലി ഖാൻ; മനസ് നിറഞ്ഞ് ഭജൻ സിംഗ് റാണ
അക്രമിയുടെ കുത്തുകളേറ്റ് ഗുരുതര പരുക്കുകളോടെ ചോരയൊലിപ്പിച്ച് കിടന്ന തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കണ്ട് നടൻ സെയ്ഫ് അലി ഖാൻ. ചൊവ്വാഴ്ച ആശുപത്രി വിടും മുമ്പേയാണ് സെയ്ഫ് അലി ഖാൻ ഓട്ടോ ഡ്രൈവറായ ഭജൻ സിംഗ് റാണയെ കണ്ടത്. കൂടിക്കാഴ്ച അഞ്ച് മിനിറ്റ് നേരം നീണ്ടുനിന്നു
ലീലാവതി ആശുപത്രിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. റാണയെ ആശ്ലേഷിച്ച സെയ്ഫ് അദ്ദേഹത്തിന്റെ നല്ല മനസ്സിന് നന്ദി പറഞ്ഞു. ഒപ്പം നിന്ന് ചിത്രവും എടുത്ത ശേഷമാണ് സെയ്ഫ് ഭജൻ സിംഗ് റാണയെ മടക്കി അയച്ചത്. സെയ്ഫ് അലി ഖാന്റെ ഷർമിള ടാഗോറും ഭജൻ സിംഗിനോട് നന്ദി പറഞ്ഞു
ഉത്തരാഖണ്ഡ് സ്വദേശിയാണ് ഭജൻ. ജനുവരി 16ന് പുലർച്ചെ സെയ്ഫിന്റെ വീടിന് പുറത്ത് നിന്ന് ഒരു സ്ത്രീ കരയുന്നുണ്ടായിരുന്നുവെന്നും എന്നാൽ ആരും നിർത്താതെ പോകുന്നത് കണ്ടാണ് താൻ ഓട്ടോയുമായി അങ്ങോട്ടേക്ക് എത്തിയതെന്നും ഭജൻ സിംഗ് പറഞ്ഞിരുന്നു. ചോരയിൽ കുളിച്ച് കിടന്ന മനുഷ്യനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മാത്രമാണ് അത് സെയ്ഫ് അലി ഖാനാണെന്ന് മനസ്സിലായതെന്നും ഭജൻ പറഞ്ഞിരുന്നു