2.7 കോടിയുടെ കള്ളനോട്ടുമായി മൂന്നു അറബ് വംശജര്‍ റാസല്‍ഖൈമയില്‍ പിടിയില്‍
റാസല്‍ഖൈമ: 2.7 കോടി ദിര്‍ഹം മൂല്യം കണക്കാക്കുന്ന വിദേശനിര്‍മിത കള്ളനോട്ടുകളുമായി മൂന്ന് അറബ് വംശജര്‍ പിടിയിലായതായി റാസല്‍ഖൈമ പൊലിസ് അറിയിച്ചു. വ്യാജനോട്ട് വിതരണം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ സെക്യൂരിറ്റി ആന്റ് ദ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവുമായി സഹകരിച്ചായിരുന്നു പൊലിസ് പ്രതികളെ പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ച ഉടന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. അതീവ രഹസ്യമായി നടത്തിയ ഓപറേഷനിലാണ് കള്ളനോട്ട് കണ്ടെത്താനും പ്രതികളെ വിദഗ്ധമായി പിടികൂടാനും സാധിച്ചത്. നിയമ നടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനും രാജ്യത്തിന്റെ സാമ്പത്തികമായ ആത്മവിശ്വാസത്തെ തകര്‍ക്കാനുമുള്ള നീക്കമാണ് പ്രതികള്‍ നടത്തിയതെന്നും എല്ലാതരം സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും ജനം കരുതിയിരിക്കണമെന്നും പൊലിസ് മുന്നറിയിപ്പ് നല്കി.