Kerala

കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി വീഡിയോ എടുത്തു; സി പി എമ്മിനെതിരെ ഗുരുതരമായ ആരോപണവുമായി കലാ രാജു

പാര്‍ട്ടിയില്‍ തുടരാനില്ലെന്നും കല

കൂത്താട്ടുകുളത്ത് അവിശ്വാസ പ്രമേയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പാര്‍ട്ടി കൗണ്‍സിലര്‍മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. തന്നെ തട്ടിക്കൊണ്ടുപോയ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കൗണ്‍സിലര്‍ കലാ രാജു. ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്നും ഇനി പാര്‍ട്ടിക്കൊപ്പം ഇല്ലെന്നും കലാ രാജു വെളിപ്പെടുത്തി.

കോലഞ്ചേരി മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കി പുറത്തിറങ്ങിയപ്പോഴാണ് കലാ രാജുവിന്റെ പുതിയ ആരോപണം. എസ്എഫ്ഐ നേതാവ് വിജയ് രഘു കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് വീഡിയോ ചിത്രീകരിച്ചത്. ഏരിയ സെക്രട്ടറി പി ബി രതീഷിന്റെ സന്നിധ്യത്തില്‍ ആയിരുന്നു ഭീഷണി. ഇതുവരെ സംരക്ഷണം നല്‍കാത്ത പാര്‍ട്ടിക്കൊപ്പം ഇനി തുടരാന്‍ ആകില്ല.

പാര്‍ട്ടി അംഗവും വിധവയുമായ 56 വയസുള്ള തന്നെ 1500ഓളം പേര് വരുന്ന സ്ത്രീയും പുരുഷന്‍മാരുമടങ്ങുന്ന സംഘം ആക്രമിച്ചപ്പോള്‍ ഈ പാര്‍ട്ടി എവിടെയായിരുന്നു. അപ്പോള്‍ അവര്‍ സംരക്ഷണം തന്നില്ലല്ലോ..? അതിനു ശേഷം ഇതുവരെ ഈ പാര്‍ട്ടി എവിടെയായിരുന്നു.

പൊലീസില്‍ വിശ്വാസമില്ല. താന്‍ പറഞ്ഞ ആളുകളെ അല്ല അറസ്റ്റ് ചെയ്തിരിക്കുന്നത്. പകരത്തിന് ആളെ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും കലാ രാജു പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ട് പോകും അവര്‍ വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!