ആതിരയെ കൊലപ്പെടുത്തിയത് കൊല്ലം സ്വദേശി ജോൺസൺ; യുവതിയുടെ ചിത്രങ്ങൾ കാണിച്ച് പണവും തട്ടി
തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് കൊല്ലം സ്വദേശി ജോൺസൺ ഔസേപ്പ്. ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലം ദളവാപുരം സ്വദേശിയാണ് ഇയാൾ
കൊച്ചി ചെല്ലാനത്ത് നിന്ന് വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു. മൂന്ന് വർഷമായി ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയാണ്. കൊല്ലത്തെ സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയൽ രേഖയുപയോഗിച്ചാണ് ഇയാൾ സിം കാർഡ് എടുത്തിരിക്കുന്നത്. ആതിരയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാൾ എല്ലാ മാസവും ആതിരയെ കാണാനായി കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി
പെരുമാതുറയിലെ ലോഡ്ജിലാണ് ഇയാൾ തിരുവനന്തപുരത്ത് വരുമ്പോൾ താമസിക്കാറുള്ളത്. ആതിരയെ കൊല്ലുന്നതിന് മൂന്ന് ദിവസം മുമ്പ് തനിക്കൊപ്പം വരണമെന്നും അല്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ജോൺസണുമായുള്ള ബന്ധം ഭർത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തിൽ നിന്ന് പിന്നോട്ടു പോയിരുന്നു.
യുവതിയുമായി ഇയാൾക്ക് സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ ജോൺസൺ വാങ്ങി. കൃത്യത്തിന് മൂന്ന് ദിവസം മുമ്പ് 2500 രൂപയും വാങ്ങി. യുവതിയുടെ ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്താണ് പണം തട്ടിയിരുന്നത്.