ആണുങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ സ്‌പേസ് വേണം; പുരുഷ കമ്മീഷന്‍ ആവശ്യം ശക്തമാക്കി രാഹുല്‍ ഈശ്വര്‍
പുരുഷന്മാര്‍ക്കെതിരെ വ്യാജ പരാതികള്‍ ഉയരുന്നു
വനിതാ കമ്മീഷന്‍ പോലെ രാജ്യത്ത് പുരുഷ കമ്മീഷന്‍ അനിവാര്യമാണെന്ന് രാഹുല്‍ ഈശ്വര്‍. ഗ്രീഷ്മയെ തൂക്കിക്കൊല്ലാന്‍ വിധിച്ച കേസില്‍ ആഘോഷ പ്രകടനം നടത്താന്‍ ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം ചെയ്യാനുള്ള നീക്കം പോലീസ് തടഞ്ഞതോടെയാണ് കേരള മെന്‍സ് അസോസിയേഷനില്‍ ഈശ്വര്‍ സജീവമാകുന്നത്.
ഈ സംഘടനയുടെ നേതൃത്വത്തിലുള്ള ആഘോഷ പ്രകടനത്തില്‍ മുഖ്യാതിഥിയായിരുന്നു രാഹുല്‍ ഈശ്വര്‍. ഇതോടെയാണ് പുതിയ ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയത്.
വനിതാ കമ്മീഷന് ബദലോ എതിരോ അല്ല പുരുഷ കമ്മീഷന്‍. പുരുഷന്മാരുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിന് വേണ്ടിയാണ്. പുരുഷന്മാരുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമാണ് കമ്മീഷന്‍. വിരമിച്ച ഹൈക്കോടതി ജഡ്ജി പാനലില്‍ വേണം. നമ്മുടെ അച്ഛന്, സഹോദരന്, മകന്, സുഹൃത്തിന് വേണ്ടി’ എന്നതാണ് പുരുഷ കമ്മീഷന്റെ ടാഗ് ലൈന്‍’, രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
നടി ഹോണി റോസിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പുരുഷ കമ്മീഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്. കമ്മീഷന്‍ ഫോര്‍ മെന്‍ ഇവിടെ ആവശ്യമുണ്ടെന്നും തന്നെപ്പോലൊരാള്‍ പ്രിവിലേജ്ഡ് ബാക്ക്ഗ്രൗണ്ടില്‍ നിന്ന് ആയതുകൊണ്ട് സപ്പോര്‍ട്ട് ചെയ്യാനാളുണ്ടെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.