ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് കോടതി സ്റ്റേ ചെയ്തു
അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തു. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് തുടർ നടപടികൾ സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെ്ന് കോടതി ചൂണ്ടിക്കാട്ടി
വ്യാഴാഴ്ച ഇതുസംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. നിലവിലുള്ള രീതിപ്രകാരം അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിന് നിരോധനം ഏർപ്പെടുത്തിയത്. അധികാരത്തിലെത്തി ആദ്യ ദിവസം തന്നെ ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കിയിരുന്നു
ഫെബ്രുവരി 20 മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരാനിരുന്നത്. ഇതിനിടെയാണ് കോടതിയുടെ നടപടി. പുതിയ ഉത്തരവ് പ്രകാരം അമേരിക്കൻ പൗരൻമാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കൾക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളു. വർഷം രണ്ടര ലക്ഷത്തോളം കുട്ടികലെ ഇത് ബാധിക്കുമെന്നായിരുന്നു കണക്ക്.