Kerala
എസ് എഫ് ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകം: വിചാരണ നടപടികൾ ഇന്നാരംഭിക്കും
മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസിൽ പ്രോസിക്യൂഷന്റെ പ്രാഥമിക വാദമാണ് ഇന്ന് തുടങ്ങുന്നത്.
2024 ഒക്ടോബറിലാണ് പ്രാരംഭ വാദം തുടങ്ങാൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകൾ ലഭ്യമാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതോടെ കേസ് മാറ്റിവെക്കുകയായിരുന്നു. ജി മോഹൻരാജാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.
2018 ജൂലൈ രണ്ടിനാണ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊന്നത്. 2018 സെപ്റ്റംബർ 26ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ തുടങ്ങാനിരിക്കെ കേസിലെ ചില നിർണായക രേഖകൾ കോടതിയിൽ നിന്ന് നഷ്ടപ്പെട്ടു. പ്രോസിക്യൂഷൻ ഇവ പിന്നീട് പുനഃസൃഷ്ടിക്കുകയായിരുന്നു.