തണൽ തേടി: ഭാഗം 22
എഴുത്തുകാരി: റിൻസി പ്രിൻസ്
” നമുക്ക് കുറച്ചു മാറി നിന്നാലോ..? ഇവിടെ ആളും ബഹളവും അല്ലേ അയാൾ വരുമ്പോൾ നമുക്കൊന്നും സംസാരിക്കാൻ പറ്റില്ല.
അവളോട് അവൻ ചോദിച്ചപ്പോൾ അവൾ അതേ എന്ന അർത്ഥത്തിൽ ഒന്ന് തലയാട്ടിയിരുന്നു.
അവർ അവിടെ നിന്ന് ഓട്ടോ കയറി ഒരു പള്ളിയിലേക്കാണ് പോയത്.
ആ പള്ളിയിൽ അധികം ആരും ഉണ്ടായിരുന്നില്ല.
” ഇത് എപ്പോഴും ഇങ്ങനെ തുറന്നിടും വിശ്വാസികൾക്ക് പ്രാർത്ഥിക്കാൻ ഒക്കെ ആയിട്ട്.
” ഇവിടെയാകുമ്പോൾ സ്വസ്ഥമായിട്ട് അയാൾ വരുമ്പോൾ നമുക്ക് ഇരുന്ന് സംസാരിക്കാനും പറ്റും.
അവൻ കുറച്ച് അപ്പുറത്ത് മാറി മുട്ടുകുത്തി പ്രാർത്ഥിക്കുന്നത് അവൾ കണ്ടു.
അവൾ ഉടൻ തന്നെ തന്റെ ഷോൾ എടുത്ത് തലയിലിട്ടു. ശേഷം മുട്ടുകുത്തി ഈശോയുടെ ക്രൂശിതരൂപത്തിന് മുൻപിൽ നോക്കി കണ്ണടച്ച് പ്രാർത്ഥിച്ചു..
” എന്റെ ജീവിതത്തിൽ ഞാൻ പോലും അറിയാത്ത വഴികളിലൂടെയാണ് ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. കുട്ടിക്കാലത്ത് എന്റെ അമ്മ എനിക്ക് നഷ്ടമായപ്പോൾ ഈശ്വരന്മാരോടുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടത് ആണ്. പിന്നീട് അത് വന്നിട്ടില്ല. ഇപ്പോൾ ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ, എനിക്ക് ആരുമില്ല എന്നെ സഹായിക്കാൻ ആരും ഇല്ല. എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല. ആകെയുള്ളത് ഈശ്വരൻ മാത്രമാണ് എന്നെ കൈ വെടിയരുതേ നാഥാ…. സമാധാനത്തോടെ ഉറങ്ങാൻ പറ്റുന്ന ഒരു ജീവിതം എനിക്ക് തരുമോ.?
അവൾ കരഞ്ഞു പോയിരുന്നു..
ഫോൺ ബെല്ലടിച്ചപ്പോഴാണ് സെബാസ്റ്റ്യൻ കണ്ണുതുറന്നത്. അപ്പോൾ കരഞ്ഞുകൊണ്ട് നിൽക്കുന്ന അവളെയാണ് അവൻ കണ്ടത്.
അത് കണ്ടതും അവന് വല്ലാതെ തോന്നി.. അവൻ പെട്ടെന്ന് അവൾക്ക് അരികിലേക്ക് ചെന്നു
” ഹേയ് എന്താടോ..? താൻ കരയാണോ..?
അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചപ്പോൾ അവൾ പെട്ടെന്ന് കണ്ണു തുടച്ച് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചിരുന്നു..
അപ്പോഴും ഫോൺ ബെൽ അടിക്കുകയാണ്..
അവൻ പെട്ടെന്ന് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു..
ശേഷം ഫോണുമായി പുറത്തേക്കിറങ്ങി,
അവൾ അപ്പോഴും കണ്ണുകൾ അടച്ച് പ്രാർത്ഥനയിൽ തന്നെയാണ്..
ഡിസ്പ്ലേയിൽ നോക്കിയപ്പോൾ വിവേകാണ്. സെബാസ്റ്റ്യൻ ഫോൺ എടുത്തു
“ഹലോ നിങ്ങൾ എവിടാ.?
താല്പര്യമില്ലാതെ വിവേക് ചോദിച്ചു
” താൻ എവിടെയാ? ബസ് സ്റ്റാൻഡിൽ വന്നോ
സെബാസ്റ്റ്യൻ ചോദിച്ചു
” ഇപ്പോൾ ബസ്റ്റാൻഡിലേക്ക് എത്തും. എവിടെയാണെന്നറിയാനാ.?
” എങ്കിൽ അവിടുന്ന് കുറച്ചു മുന്നോട്ടു വരുമ്പോൾ ഒരു പള്ളിയുണ്ട് ഞങ്ങൾ ആ പള്ളിയിലുണ്ട്.. അങ്ങോട്ട് പോര്
” ശരി..
അവൻ ഫോൺ കട്ട് ചെയ്തു.
വാട്സാപ്പിൽ ലൊക്കേഷൻ അവന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു സെബാസ്റ്റ്യൻ.
ശേഷം അവൻ പള്ളിയുടെ വാതിൽക്കൽ പോയി അവളെ നോക്കി. അവൾ അപ്പോഴും പ്രാർത്ഥനയിൽ തന്നെയാണ്. അവൻ അവളെ വിളിച്ചു നോക്കിയപ്പോൾ അവൻ കൈ വീശി പുറത്തേയ്ക്ക് അവളെ ക്ഷണിച്ചു..
ശേഷം ഒരു മരത്തിന്റെ ചുവട്ടിൽ ആയി ഇരുവരും വിവേകിനെ കാത്തിരുന്നു.
” ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു അല്ലേ..?
അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു…
” ഇല്ലടോ ഇതൊക്കെ ഒരു നിയോഗം ആയിട്ട് മാത്രമേ ഞാൻ കരുതിയിട്ടുള്ളൂ, പിന്നെ എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്. ആദ്യം മുതലേ പറയണമെന്ന് കരുതിയത് ആണ്..
” എന്താ..?
” താൻ ഇത്രയ്ക്ക് പാവമായിട്ടിരിക്കരുത്. നമ്മുടെ ജീവിതത്തിൽ നമ്മളെ രക്ഷിക്കാൻ ആരുമില്ലാതെ വന്നാൽ നമ്മുക്ക് സ്വന്തമായിട്ട് മുന്നോട്ട് വന്നേ പറ്റൂ, അതുകൊണ്ട് എന്ത് പ്രശ്നം വന്നാലും ധൈര്യമായിട്ട് ജീവിതത്തെ നേരിടണം. നാളെ വിവേകിന്റെ ഒപ്പം പോവുകയാണെങ്കിലും ഈ കാര്യം മനസ്സിൽ ഓർമിക്കണം..
അവൻ പറഞ്ഞപ്പോൾ അവൾ അവനെ നോക്കി നല്ല ഭംഗിയായി ഒന്ന് ചിരിച്ചു കാണിച്ചിരുന്നു….
തങ്ങൾ പരിചയം ആയി ഇത്രയും സമയത്തിന് ശേഷം ഇന്നാണ് അവളൊന്നു ചിരിക്കുന്നത് എന്ന് അവൻ ഓർത്തു.. അവളുടെ ചിരിക്ക് നല്ല ഭംഗിയുണ്ടെന്ന് അവനും തോന്നി.
.
അവൻ അവളെ നോക്കി മനോഹരമായ പുഞ്ചിരിച്ചു…
അപ്പോഴേക്കും വിവേകിന്റെ ബൈക്ക് പള്ളിയുടെ കോമ്പൗണ്ടിനുള്ളിലേക്ക് പ്രവേശിച്ചിരുന്നു…
വിവേകിനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഭയമാണ് ലക്ഷ്മിക്ക് തോന്നിയത്..അവൻ വണ്ടി പാർക്ക് ചെയ്ത് ഇരുവരെയും ഒന്ന് നോക്കി.
അവർക്ക് അരികിലേക്ക് നടന്നുവന്നു.. അവളെക്കാൾ രണ്ടോ മൂന്നോ വയസ്സ് കൂടുതൽ തോന്നും അവന്.. ഒരു പത്തിരുപത്തിയഞ്ച് വയസ്സിൽ കൂടുതൽ ഉണ്ടാവില്ല. സെബാസ്റ്റ്യൻ അവനെ തന്നെ നോക്കി. പക്വതയുള്ള ഒരു ചെറുപ്പക്കാരനെ പോലെ തോന്നിയില്ല അവനെ കണ്ടപ്പോൾ…
” ലക്ഷ്മി ഞാൻ ഇന്നലെ വിളിച്ചപ്പോൾ തന്നെ നിന്നോട് പറഞ്ഞതല്ലേ എന്റെ സിറ്റുവേഷൻ പിന്നെ ഇയാളെയും വിളിച്ചു കൊണ്ട് നീ എന്തിനാ എന്നെ തിരക്കി വീട്ടിലേക്ക് വരാൻ ഒരുങ്ങിയത്.?
താൻ അരികിൽ ഉണ്ട് എന്ന് പോലും നോക്കാതെ അവളോട് ദേഷ്യപ്പെടുന്ന അവന്റെ സ്വഭാവം കണ്ടപ്പോൾ വല്ലാത്തൊരു ദേഷ്യം ആണ് സെബാസ്റ്റ്യന് തോന്നിയത്.
അവൾ നിസ്സഹായമായി സെബാസ്റ്റ്യനേ നോക്കുകയാണ്..
” അവൾ വേറെ എങ്ങോട്ട് ആണ് പോകേണ്ടത്.? താനല്ലേ അവളെ പ്രേമിച്ചത്, പ്രേമിച്ചപ്പോൾ അറിയില്ലായിരുന്നോ കല്യാണം കഴിക്കണമെന്ന്..
സെബാസ്റ്റ്യൻ ചോദിച്ചപ്പോൾ ദേഷ്യത്തോടെ അവൻ സെബാസ്റ്റ്യന്റെ മുഖത്തേക്ക് നോക്കി..
” ഇവളെ കല്യാണം കഴിപ്പിക്കാനും ജീവിതം ഉണ്ടാക്കിക്കൊടുക്കാനും താനാരാ ഇവളുടെ രക്ഷകനോ.?
ദേഷ്യത്തോട് അവന്റെ മുഖത്തേക്ക് നോക്കി സെബാസ്റ്റ്യൻ അത് പറഞ്ഞപ്പോൾ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കാൻ ആണ് സെബാസ്റ്റ്യന് തോന്നിയത് പക്ഷേ അവൻ സംയമനം പാലിച്ചു.
” ഞാനാരുമായിക്കോട്ടെ അതല്ലല്ലോ ഇപ്പോഴത്തെ വിഷയം…
സെബാസ്റ്റ്യൻ പറഞ്ഞു
” ലക്ഷ്മി ഞാൻ ഓപ്പൺ ആയിട്ട് പറയാം ഇപ്പോൾ ഒരു കല്യാണം കഴിക്കാനും നിന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ഒന്നും എനിക്ക് പറ്റില്ല.
” ഞാൻ പിന്നെ എന്ത് ചെയ്യും വിവേക്..?
അവൾ കരഞ്ഞു പോയിരുന്നു
” അതിപ്പോ എനിക്കറിയോ.? ഞാൻ പറഞ്ഞിട്ടാണോ നീ ഇറങ്ങിവന്നത്.? അല്ലല്ലോ, നീ ഇറങ്ങി വരുമെന്ന് ഒരു സൂചന എങ്കിലും തന്നിരുന്നെങ്കിൽ ഞാൻ വേണ്ടെന്ന് മാത്രമേ പറയുള്ളായിരുന്നു. പിന്നെ ഇയാള് പറഞ്ഞതുപോലെ പ്രേമിച്ച കാര്യം, പ്രേമിച്ച സമയത്തും നിന്നെ ഉടനെ കല്യാണം കഴിച്ചോളാം എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ. നീ തൽക്കാലം തിരിച്ചു വീട്ടിൽ പോകു, വണ്ടികൂലി ഇല്ലെങ്കിൽ അത് ഞാൻ തരാം..
അവൻ അത്രയും പറഞ്ഞപ്പോഴേക്കും ലക്ഷ്മി കരഞ്ഞിരുന്നു. സെബാസ്റ്റ്യന് ദേഷ്യം പിടിച്ചു നിർത്തുന്നതിന് പരിധിയുണ്ടായിരുന്നു.
പരിധി വിട്ടതും സെബാസ്റ്റ്യൻ കൈയ്യ് ദേഷ്യത്തോടെ വിവേകിന്റെ കവിളിൽ പതിഞ്ഞു……തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…