സഊദിയിലേക്ക് മഴ വീണ്ടും വരുന്നു; കൊടുങ്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
റിയാദ്: രാജ്യത്ത് വന്‍ ദുരിതം വിതച്ച് കാറ്റും മഴയും കടന്നുപോയിട്ട് അധികം നാളുകള്‍ ആവുന്നതിന് മുന്‍പ് വീണ്ടും പേമാരിയും കൊടുങ്കാറ്റും സ ഊദിയിലേക്ക് എത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റിയാദ്, അല്‍ ബഹ, മക്ക, അല്‍ ജൗഫ്്, അസീര്‍, ഖാസിം, ഹെയില്‍, വടക്കു കിഴക്കന്‍ മേഖലകളിലെ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളത്.
മഴക്കും കാറ്റിനുമൊപ്പം രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ആലിപ്പഴ വര്‍ഷവും വെള്ളപ്പൊക്കവും സംഭവിച്ചേക്കും. മണിക്കൂറില്‍ 50 മുതല്‍ 60 വരെ കിലോമീറ്റര്‍ വേഗത്തിലാവും കാറ്റടിക്കുക. ഇന്നലെ മുതല്‍ തിങ്കള്‍ വരെയാണ് അസ്ഥിരമായ കാലാവസ്ഥ രാജ്യത്ത് അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. ശനിയാഴ്ചവരെ മദീനയുടെ ഭാഗമായ അല്‍ മഹ്ദ്, അല്‍ ഹനാകിയ എന്നീ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയാണ് പ്രവചിക്കുന്നത്.
അസ്ഥിരമായ കാലാവസ്ഥ പ്രവചിക്കപ്പെടുന്ന സാഹചര്യത്തില്‍ വാദികള്‍, താഴ്വര പ്രദേശങ്ങള്‍, വെള്ളപ്പൊക്കം സംഭവിക്കാന്‍ ഇടയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കൊന്നും പൊതുജനം പോകരുതെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി ശ്രദ്ധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.