National

സെവാഗും ആരതിയും വേര്‍പിരിയുന്നു; അഭ്യൂഹങ്ങള്‍ ശക്തം: ഇന്‍സ്റ്റഗ്രാമില്‍ പരസ്‌പരം അണ്‍ഫോളോ ചെയ്‌തു

മുംബൈ : വിവാഹമോചന വാർത്തകൾ പ്രചരിക്കുന്നതിനിടെ, ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും ഭാര്യ ആരതിയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ പരസ്‌പരം അൺഫോളോ ചെയ്‌തതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഇരുവരും 20 വർഷത്തെ ദാമ്പത്യത്തിന് വിരാമമിടാന്‍ ഒരുങ്ങുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. നിരവധി മാസങ്ങളായി സെവാഗും ആരതിയും വേർപിരിഞ്ഞ് കഴിയുകയാണെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ പരസ്‌പരം അണ്‍ഫോളോ ചെയ്‌തുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 2004-ലാണ് സെവാഗും ആരതിയും വിവാഹിതരാവുന്നത്. ദമ്പതികള്‍ക്ക് ആര്യവീർ, വേദാന്ത് എന്നുപേരുള്ള രണ്ട് ആണ്‍ മക്കളുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സെവാഗ് തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളിലൊന്നും തന്നെ ആരതി ഉണ്ടായിരുന്നില്ലെന്നത് ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. ഇത് ദമ്പതികളുടെ വേർപിരിയൽ അഭ്യൂഹങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടി. എന്നാല്‍ വാര്‍ത്തകളോട് ഇതുവരെ സെവാഗോ ആരതിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്നു സെവാഗ്. ആരെയും കൂസാത്തതായിരുന്നു വീരുവിന്‍റെ ബാറ്റിങ് ശൈലി. 104 ടെസ്റ്റുകളില്‍ നിന്ന് (180 ഇന്നിങ്‌സുകള്‍) 49.34 ശരാശരിയിൽ 23 സെഞ്ചുറികളും 32 അർധ സെഞ്ചുറികളും ഉൾപ്പെടെ 8586 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ ബാറ്റര്‍ കൂടിയാണ് താരം.

2004-ല്‍ പാകിസ്ഥാനെതിരെ മുള്‍ട്ടാനിലായിരുന്നു സെവാഗിന്‍റെ റെക്കോഡ് പ്രകടനം. 2008-ൽ ചെന്നൈയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മറ്റൊരു ട്രിപ്പിൾ സെഞ്ചുറിയും സെവാഗ് അടിച്ചിട്ടുണ്ട്. ഏകദിനത്തിൽ 251 മത്സരങ്ങളിൽ നിന്ന് (245 ഇന്നിങ്‌സുകള്‍) 15 സെഞ്ചുറികളും 38 അർധ സെഞ്ചുറികളും ഉൾപ്പെടെ 8273 റൺസാണ് സമ്പാദ്യം.

35.05 ശരാശരിയിലും 104.33 സ്ട്രൈക്ക് റേറ്റിലുമായിരുന്നു താരത്തിന്‍റെ പ്രകടനം. ടി20 യിൽ രണ്ട് അർധ സെഞ്ചുറികളടക്കം 394 റൺസും സ്വന്തമാക്കിയിട്ടുണ്ട്. 2007-ലെ ടി20 ലോകകപ്പ് വിജയത്തിലും 2011-ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും സെവാഗ് പ്രധാനിയായിരുന്നു.

അതേസമയം കഴിഞ്ഞ വര്‍ഷം അവസാനത്തിലായിരുന്നു ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വിവാഹമോചനം പ്രഖ്യാപിച്ചത്.

Related Articles

Back to top button
error: Content is protected !!