രാധയുടെ കുടുംബത്തിന് 11 ലക്ഷം ധനസഹായം, കുടുംബത്തിലെ ഒരാൾക്ക് ജോലി; കടുവയെ വെടിവെച്ച് കൊല്ലും
മാനന്തവാടി പഞ്ചാരകൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വനഭാഗത്ത് കാപ്പി പറിക്കാൻ പോയ രാധയെന്ന 45കാരിയെ കൊലപ്പെടുത്തിയ കടുവ നരഭോജിയാണെന്നും വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കിയതായും മന്ത്രി ഒ ആർ കേളു. സ്ഥലത്തെത്തിയ മന്ത്രിക്ക് നേരെ നാട്ടുകാരുടെ വലിയ പ്രതിഷേധമുണ്ടായിരുന്നു. മരിച്ച രാധയുടെ കുടുംബവുമായി സംസാരിച്ച ശേഷം പ്രതിഷേധക്കാർ ഉന്നയിച്ച ആവശ്യങ്ങളിലെടുത്ത തീരുമാനവും മന്ത്രി അറിയിച്ചു
മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. തുടർന്ന് രാധയുടെ മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചു. നരഭോജി വിഭാഗത്തിൽപ്പെടുത്തി കടുവയെ ഇന്ന് തന്നെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവാണ് ഇറക്കിയത്
മനുഷ്യനെ കൊന്ന് തിന്നുന്ന കടുവയാണിതെന്നാണ് നാട്ടുകാർ പറയുന്നത്. രാധയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. നാളെ മുതൽ ആളുകൾക്ക് ജോലിക്ക് പോകേണ്ടതാണ്. അതിനാൽ അവർക്ക് സുരക്ഷ ഒരുക്കേണ്ടതുണ്ട്. കടുവയെ വെടിവെക്കാൻ ആർആർടി ടീമിനെ നിയോഗിക്കും. മരിച്ച രാധയുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകും. കുടുംബത്തിന് ധനസഹായമായി 11 ലക്ഷം രൂപയും നൽകുമെന്ന് മന്ത്രി പറഞ്ഞു.