Sports

രോഹിത് ശാപം രഞ്ജിയിലും; മുംബൈക്ക് കനത്ത തോല്‍വി

ഗില്ലിന്റെയും പന്തിന്റെയും ടീമുകള്‍ തോറ്റു

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യന്‍ ശാപം രഞ്ജി ട്രോഫിയിലും. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെയുള്ള പ്രമുഖര്‍ അണി നിരന്ന ടീമുകളെല്ലാം രഞ്ജി ട്രോഫിയില്‍ ദയനീയമായി പരാജയപ്പെട്ടു. ഇതില്‍ മോശം പ്രകടനവുമായി രണ്ട് ഇന്നിംഗ്‌സുകളും കളിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മുംബൈ ടീമിന്റെ പരാജയം എടുത്തുപറയേണ്ടതാണ്.

രോഹിത്തിന് പുറമെ യശ്വസ്വി ജയ്‌സ്വാള്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ശിവം ദുബെ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ടീം മുംബൈ ജമ്മു കശ്മീരിനോട് അഞ്ച് വിക്കറ്റിന്റെ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യ ഇന്നിംഗ്‌സില്‍ മൂന്നും രണ്ടാം ഇന്നിംഗ്‌സില്‍ 28 റണ്‍സുമാണ് മുംബൈ ടീമിന് വേണ്ടി രോഹിത്ത് ശര്‍മയുടെ സംഭാവന. ആദ്യ ഇന്നിംഗ്‌സില്‍ 120ഉം രണ്ടാം ഇന്നിംഗ്‌സില്‍ 290 എടുത്ത മുംബൈ ടീമിനെതിരെ അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ ജമ്മു കശ്മീര്‍ വിജയം കണ്ടു.

രഞ്ജിയില്‍ ഇനിയുള്ള തങ്ങളുടെ അവസാനത്തെ ഗ്രൂപ് മത്സത്തില്‍ വിജയിച്ചാല്‍ തന്നെയും മുംബൈക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷയില്ല. പ്രമുഖര്‍ ബാറ്റ് തട്ടുമ്പോള്‍ ടീമിന് ഉജ്ജ്വല വിജയം ലഭിക്കുമെന്ന പ്രതീക്ഷയാണ് രോഹത്തും സംഘവും ഇല്ലാതാക്കിയത്.

അതിനിടെ, ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ തുകക്ക് വിറ്റുപോയ റിഷഭ് പന്ത് കളിച്ച ഡല്‍ഹി ടീം സൗരാഷ്ട്രക്കെതിരെ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി. രോഹിത്തിനെ പോലെ പന്തും രണ്ട് ഇന്നിംഗ്‌സിലും പൂര്‍ണ പരാജയമായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഒന്നും രണ്ടാം ഇന്നിംഗ്‌സില്‍ 17 റണ്‍സുമാണ് പന്തിന്റെ സംഭാവന. ക്വാര്‍ട്ടര്‍ പ്രവേശനത്തിന് ഈ കളിയില്‍ ഡല്‍ഹിക്ക് വിജയം അനിവാര്യമായിരുന്നു. വ്യാഴാഴ്ച സര്‍വീസുമായാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. ഇതില്‍ വീരാട് കോലി മത്സരിക്കുന്നുണ്ട്.

ശുഭ്മാന്‍ ഗില്‍ മത്സരിച്ച ഡല്‍ഹി ടീമും കനത്ത പരാജയം ഏറ്റുവാങ്ങി. കര്‍ണാടകക്കെതിരെയാണ് പഞ്ചാബിന്റെ തോല്‍വി. ഇതോടെ പഞ്ചാബ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ടീം പരാജയപ്പെട്ടെങ്കിലും ശുബ്മാന്‍ ഗില്ല് സെഞ്ച്വറി നേടിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ നാല് റണ്‍സിന് പുറത്തായ ഗില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 102 റണ്‍സ് എടുത്തെങ്കിലും ടീം ഇന്നിംഗ്‌സിലും 207 റണ്‍സിനും കര്‍ണാടകയോട് അടിയറവ് പറഞ്ഞു. കര്‍ണാടകയുടെ രവിചന്ദ്രന്റെ വിസ്മയകരമായ ഡബിള്‍ സെഞ്ച്വറിയില്‍ ടീം 475ന്റെ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്.

Related Articles

Back to top button
error: Content is protected !!