റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; പരേഡിൽ അണിനിരക്കാൻ ഇന്തൊനീഷ്യൻ കരസേനയും
ന്യൂഡൽഹി ∙ എഴുപ്പത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. റിപ്പബ്ലിക് ദിന പരേഡിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. കര- വ്യോമ- നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും. ഇത്തവണത്തെ പരേഡിനു ഇന്തൊനീഷ്യൻ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയം. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം ആർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ 10.30ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിനും തുടക്കമാകും. ദേശീയപതാക ഉയർത്തുന്നതിനു പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങും നടക്കും. ഇന്ത്യൻ കരസേന തദ്ദേശീമായി നിർമിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി സജ്ജമാണ്. വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങൾ ആകാശത്ത് വർണക്കാഴ്ച ഒരുക്കും. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെയും പരേഡ് സംഘവും അണിനിരക്കും. അയ്യായിരത്തിലധികം കലാകാരന്മാരും കർത്തവ്യപഥിൽ നടക്കുന്ന കലാവിരുന്നിന്റെ ഭാഗമാകും. റിപ്പബ്ലിക് ദിനാഘോഷപരിപാടികൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ്. വിവിധ നഗരങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിൽ ഇന്നലെ സൈനിക ക്യാംപിനു നേരെയുണ്ടായ വെടിവയ്പ്പിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
മുഖ്യാതിഥികൾക്കു പുറമെ ക്ഷണിക്കപ്പെട്ട പതിനായിരത്തോളം അതിഥികളും കർത്തവ്യ പഥിൽ നടക്കുന്ന പരേഡിനു സാക്ഷ്യം വഹിക്കും. രാജ്യത്തെ വിവിധയിടങ്ങളിൽനിന്നു 34 വിഭാഗത്തിൽപ്പെട്ടവർക്കാണ് പരേഡ് കാണുന്നതിനായി സർക്കാരിന്റെ ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതിൽ നിർമാണ തൊഴിലാളികളും ആശാ വർക്കർമാരും അങ്കണവാടി തൊഴിലാളികളും ഉൾപ്പെടുന്നുണ്ട്. ഇതിനു പുറമെ ഗ്രാമീണ സർപഞ്ചുമാർ, ദുരന്ത നിവാരണ പ്രവർത്തകർ, കമ്യൂണിറ്റി റിസോഴ്സ് പഴ്സൻ (കൃഷി സഖി, ഉദ്യോഗ് സഖി, മുതലായവ), പിഎം യശസ്വി പദ്ധതിയിലെ ഗുണഭോക്താക്കൾ, കൈത്തറി കലാകാരന്മാർ, കരകൗശല തൊഴിലാളികൾ, വിവിധ പദ്ധതികളിൽ ഉൾപ്പെട്ട ആദിവാസി ഗുണഭോക്താക്കള് തുടങ്ങിയവരും സർക്കാരിന്റെ അതിഥി പട്ടികയിലുണ്ട്.