Kerala
നെന്മാറ ഇരട്ടക്കൊലപാതകം: നെന്മാറ എസ് എച്ച് ഒയ്ക്ക് വീഴ്ച പറ്റിയെന്ന് എസ് പിയുടെ റിപ്പോർട്ട്
നെന്മാറ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നെന്മാറ എസ് എച്ച് ഒ എം മഹേന്ദ്രസിംഹന് പിഴവ് പറ്റിയെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്. ഉത്തരമേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് എസ് എച്ച് ഒയുടെ പിഴവുകൾ ചൂണ്ടിക്കാട്ടുന്നത്.
കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് അറിഞ്ഞിട്ടും കോടതിയെ അറിയിച്ചില്ലെന്നാണ് പ്രധാന പിഴവായി ചൂണ്ടിക്കാട്ടുന്നത്. നെന്മാറയിൽ കടക്കാൻ വിലക്കുണ്ടായിരുന്നിട്ടും ഈ വിലക്ക് ലംഘിച്ച് ഒരു മാസം പ്രതി നെന്മാറയിൽ താമസിച്ചതായി എസ് പിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഒളിവിൽ പോയ ചെന്താമരയെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. വിവിധ ജില്ലകളിലായി പോലീസ് പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയുടെ ഫോൺ കോഴിക്കോട് തിരുവമ്പാടിയിൽ ഓൺ ആയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെയും പരിശോധന നടക്കുന്നുണ്ട്.