നെന്മാറ ഇരട്ടക്കൊല: ഗുരുതര വീഴ്ച പറ്റിയ എസ് എച്ച് ഒക്ക് സസ്‌പെന്‍ഷന്‍
പോലീസ് വീഴ്ച പ്രതിക്ക് കൊലക്കുള്ള സൗകര്യമായി
നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പോലീസിന്റെ ഗുരുതര വീഴ്ച വ്യക്തമായതോടെ എസ് എച്ച് ഒക്കെതിരെ നടപടി. നെന്മാറ സ്റ്റേഷനിലെ എസ് എച്ച് ഒ മഹേന്ദ്ര സിംഗിനെ സസ്‌പെന്‍ഡ് ചെയ്തു. ഇരട്ട കൊലപാതക കേസില്‍ എസ്.എച്ച്.ഒയ്ക്ക് വീഴ്ച പറ്റിയെന്ന എസ്പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് വകുപ്പ് തല നടപടി.
പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കൃത്യമായ നടപടി സ്വീകരിക്കുന്നതില്‍ ഉദ്യോ?ഗസ്ഥന് വീഴ്ച പറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്ന എസ്.എച്ച്.ഒയുടെ വിശദീകരണം തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് എസ്പി സമര്‍പ്പിച്ചതെന്നുള്ള വിവരങ്ങള്‍ മുമ്പ് പുറത്തുവന്നിരുന്നു. നെന്മാറ പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയ വിവരമറിയിച്ചിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നത് ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുത്തില്ല, പഞ്ചായത്തില്‍ പോലും പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെയാണ് പ്രതി ചെന്താമര ഒരു മാസത്തോളംവീട്ടില്‍ വന്ന് താമസിച്ചത്. ഇക്കാര്യം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും വേണ്ട ഗൗരവം പൊലീസ് കൊടുത്തില്ലെന്നും എസ് പിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
തിങ്കാളാഴ്ച രാവിലെയായിരുന്നു നെന്മാറ പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. പോത്തുണ്ടി സ്വദേശികളായ സുധാകരന്‍, അമ്മ മീനാക്ഷി എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. 2019 ല്‍ സുധാകരന്റെ ഭാര്യയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഇതിന് ശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലില്‍ കഴിയുന്നതിനിടെ 2022 ല്‍ കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടക്കരുതെന്നായിരുന്നു ഉപാധി. 2023 ല്‍ നെന്മാറ പഞ്ചായത്ത് പരിധി മാത്രമാക്കി ഇളവ് ചുരുക്കി. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടില്‍ താമസിച്ചത്.