സംസ്ഥാനത്ത് ബസുകളിൽ ഇനി ക്യാമറ നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് ബസുകളിൽ ഇനി മുതൽ ക്യാമറ നിർബന്ധമാക്കി. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോററ്റിയാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. കെഎസ്ആർടിസി, സ്വകാര്യ ബസ്, സ്കൂൾ ബസുകൾ എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ ഉത്തരവ് ബാധകമാകുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ഒരുബസിൽ മൂന്ന് ക്യാമറകൾ
ഒരു ബസിൽ പരമാവധി മൂന്ന് ക്യാമറകൾ വരെ കാണണമെന്നാണ് നിർദേശം. ബസിന്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയിൽ മൂന്ന് കാമറകളാണ് സ്ഥാപിക്കേണ്ടത്.മാർച്ച് 31ന് മുൻപ് ക്യാമറകൾ സ്ഥാപിക്കണമെന്നാണ് നിർദേശം.
ബസിനുള്ളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ബസിനുള്ളിൽ ക്യാമറകൾ സ്ഥാപിക്കണമെന്ന് നിർദേശം ശക്തമാക്കിയത്. ഇതിനുപുറമേ രാത്രികാലങ്ങളിൽ മദ്യപിച്ച് ബസിനുള്ളിൽ കയറി പ്രശ്നങ്ങൾ സ്രഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടും വ്യാപകമായി പരാതികൾ ഉയർന്നിരുന്നു.
ഡ്രൈവർമാരുടെ അമിതവേഗത സംബന്ധിച്ചും പരാതികളുണ്ടായിരുന്നു. ക്യാമറ സ്ഥാപിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് ഒരുപരിധി വരെ പരിഹാരം കാണാനാകുമെന്നാണ് ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നത്.
ഡ്രൈവർമാർ ഉറങ്ങിയാൽ പിടിവീഴും
ബസ് ഡ്രൈവർമാർ, വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിച്ച് മുന്നറിയിപ്പ് അലാം നൽകുന്ന ഉപകരണം സ്ഥാപിക്കണമെന്ന നിർദേശവും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ശുപാർശ ചെയ്തു.ഡ്രൈവറുടെ കണ്ണുകൾ അടഞ്ഞു പോകുന്നുവെങ്കിൽ കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന കാമറകൾ ഘടിപ്പിക്കുന്ന ഉപകരണമാണിത്. ഡാഷ് ബോർഡിൽ കാമറകൾ സ്ഥാപിക്കും. ഡ്രൈവറുടെ സീറ്റിന്റെ പിന്നിൽ കർട്ടൻ നിർബന്ധമാക്കും.