ഒന്നര മാസത്തിനിടെ 9 വീടുകളിൽ നിന്ന് 25 പവനും 4.30 ലക്ഷം രൂപയും കവർന്നു; ഓന്തുഷാജി പിടിയിൽ
താമരശ്ശേരിയിൽ നടന്ന മോഷണപരമ്പരയുമായി ബന്ധപ്പെട്ട് അന്തർ സംസ്ഥാന മോഷ്ടാവായ ഓന്തുഷാജി പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് പടിഞ്ഞാറ്റതിൽ എ ഷാജിമോൻ എന്ന ഓന്തുഷാജി. തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്നാണ് താമരശ്ശേരി പോലീസ് ഇയാളെ പിടികൂടിയത്
സംസ്ഥാനത്ത് നടന്ന സമാനമായ മോഷണരീതികൾ പരിശോധിച്ചും സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് കാരന്തൂർ, കൊടുവള്ളി എന്നിവിടങ്ങളിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു ഓന്തുഷാജി.
രണ്ട് വർഷം മുമ്പ് താമരശ്ശേരി പൊടുപ്പിൽ ഇയാൾ സ്വന്തമായി വീട് വാങ്ങിയിരുന്നു. ഇവിടെ വെൽഡിംഗ് ജോലിയും ആരംഭിച്ചു. കഴിഞ്ഞ നവംബറിലാണ് ആദ്യ മോഷണം നടന്നത്. ഒന്നര മാസങ്ങൾക്കിടെ ഒമ്പത് വീടുകളിൽ നിന്നായി 25 പവൻ സ്വർണവും പണവും ഇയാൾ കവർന്നു.
25 പവൻ സ്വർണവും 4.30 ലക്ഷം രൂപയുമാണ് ഒമ്പത് വീടുകളിൽ നിന്നായി കവർന്നത്. ജില്ലയിൽ തന്നെ പന്തീരങ്കാവ്, പെരുമൺപുറ, പെരുമണ്ണ, പട്ടേരി ക്രോസ് റോഡ്, കുറ്റിക്കാട്ടൂർ, കൊടുവള്ളി, ചുണ്ടപ്പുറം, ആനശ്ശേരി എന്നിവിടങ്ങളിലും മോഷണം നടത്തിയതായി ഓന്തുഷാജി സമ്മതിച്ചു. 2015 മുതൽ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലായി അമ്പതോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.