Novel

തണൽ തേടി: ഭാഗം 25

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ഞാനിപ്പോൾ നിങ്ങൾക്കൊപ്പം വരാൻ സമ്മതമാണെന്ന് പറഞ്ഞാൽ എന്നെക്കുറിച്ച് നിങ്ങൾ എന്തായിരിക്കും കരുതുന്നത്..? ആ മനസ്സിൽ ഞാൻ എന്നും ഒരു ചീത്ത പെണ്ണ് ആയിരിക്കില്ലേ.? കാമുകൻ സ്വീകരിക്കാതെ വന്നപ്പോൾ ഉടനെ അടുത്ത ബന്ധം തേടിപ്പോയ ഒരു മോശം പെണ്ണ്.!

അവൾ തന്റെ മനസിലുള്ള സംശയം ചോദിച്ചപ്പോൾ അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി

” താനങ്ങനെ ഒരുപാട് കടന്നൊന്നും ചിന്തിക്കേണ്ട, ഞാൻ താൻ ചിന്തിച്ച ഒരു രീതിയില് ആലോചിച്ചിട്ട് പോലുമില്ല….പിന്നെ ജീവിതത്തെക്കുറിച്ചുള്ള തീരുമാനമല്ലേ, ഒന്നോ രണ്ടോ ദിവസത്തേക്ക് വേണ്ടിയുള്ളതല്ലല്ലോ ജീവിതകാലം മുഴുവൻ ആവശ്യം വരുന്നൊരു കാര്യമാണ്. ഇങ്ങനെ ഒരു സാഹചര്യത്തിൽ പെട്ടെന്ന് എടുക്കേണ്ടതല്ല. ആ തീരുമാനം എടുക്കുവാനും സമയം വേണമെന്ന് എനിക്കറിയാം. ഏതായാലും നന്നായി ആലോചിച്ച് ഒരു തീരുമാനമെടുത്ത് പതിയെ എന്നോട് പറഞ്ഞാൽ മതി. അത് എന്തായാലും ഞാൻ ഓക്കേ ആണ്. നമുക്ക് തൽക്കാലം വീട്ടിലേക്ക് തന്നെ പോകാം, ഇപ്പോ പോലീസ് സ്റ്റേഷനിൽ ചെന്നു നമ്മൾ എല്ലാ കാര്യങ്ങളും പറഞ്ഞാൽ ചിലപ്പോൾ അയാളുടെ ആളുകള് നമ്മുടെ പിന്നാലെ വരും. സത്യങ്ങളൊക്കെ അവർ അറിഞ്ഞാൽ ചിലപ്പോൾ അത് തനിക്ക് ദോഷമായിട്ട് വരികയുള്ളൂ. നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് ഉള്ളതുകൊണ്ട് ആണ് അവര് കുറച്ചെങ്കിലും അടങ്ങിയിരിക്കുന്നത്. നമ്മൾ തമ്മിൽ ഒരു പരിചയവുമില്ല എന്നറിയുമ്പോൾ എങ്ങനെയാണ് അയാളെ പ്രതികരിക്കുന്നത് എന്ന് ചിലപ്പോൾ നമുക്ക് പറയാൻ പോലും പറ്റില്ല നിയമവും സ്വാധീനവും ഒക്കെ അവർക്കാണ് കൂടുതൽ, അതുകൊണ്ട്നമ്മൾ തോറ്റുപോവുക മാത്രമായിരിക്കും. തനിക്ക് എന്റെ കൂടെ വരാൻ വിശ്വാസം ഉണ്ടെങ്കിൽ കൂടെ വാ, ശേഷം ആലോചിച്ച് തന്റെ കാര്യത്തിൽ നമുക്കൊരു തീരുമാനമെടുക്കാം. ഞാൻ പറഞ്ഞ മറ്റേ കാര്യം തിരിച്ചെടുത്തിരിക്കുന്നു.

അവൻ ഒരു ചമ്മലോടെ പറഞ്ഞപ്പോൾ തനിക്ക് ഈ ലോകത്തിൽ പോകാവുന്ന ഏറ്റവും സുരക്ഷിതമായ സ്ഥലം അവനോടൊപ്പം തന്നെയാണെന്ന് അവളും മനസ്സിലാക്കി.

” പോവാല്ലേ..?

അവൻ ചോദിച്ചപ്പോൾ അവൾ അതെന്ന് അർത്ഥത്തിൽ തല ആട്ടി.

” എങ്കിൽ ജ്യൂസ് കുടിക്ക്

അവൻ പറഞ്ഞപ്പോൾ അവൾ അത് കുടിക്കാൻ തുടങ്ങി.

രണ്ടുപേരും എന്ത് മുൻപോട്ട് എന്നറിയാതെ ആ നിമിഷം ഉരുകുകയായിരുന്നു.

ബസ്റ്റാൻഡിൽ കയറി തിരികെ ബസ്സിലേക്ക് കയറിയപ്പോൾ അവൾക്കൊപ്പം തന്നെയാണ് അവനിരുന്നത്.. അവൾ മറ്റേതോ ലോകത്ത് ആണെന്ന് തോന്നിയിരുന്നു..

” അമ്മ… അമ്മയ്ക്ക് എന്ത് പറ്റിയതാ..?

അവൻ അവളോട് ചോദിച്ചു.

” ആക്സിഡന്റ് പറ്റിയത് ആണ്. എന്നെ സ്കൂളിൽ കൊണ്ടുപോയി വിട്ടിട്ട് വരുമ്പോൾ,

അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകളൊക്കെ ചുവന്നിരുന്നു. ചോദിക്കേണ്ടിയിരുന്നില്ലന്ന് ഒരു നിമിഷം അവന് തോന്നി.

” അമ്മയുടെ ബന്ധുക്കൾ ആരുമായിട്ട് അടുപ്പമില്ലേ തനിക്ക്.?

അവൻ ചോദിച്ചു

” അമ്മ മരിച്ചു കഴിഞ്ഞ് കുറച്ചു നാൾ എല്ലാവരും വരുമായിരുന്നു. പിന്നെ അച്ഛൻ മറ്റൊരു വിവാഹം കൂടി കഴിച്ചതോടെ അങ്ങനെ ആരും വരികയോ ബന്ധം പുതുകയോ ഒന്നും ചെയ്യാറില്ല.
അച്ഛന്റെ വീട്ടുകാർ മാത്രമായിട്ട് ആ ബന്ധം ഒതുങ്ങിപ്പോയി. പതിയെ പതിയെ ചെറിയമ്മ അച്ഛന്റെ വീട്ടുകാരെ അകറ്റി. ആരെയും അവർക്ക് ഇഷ്ടമായിരുന്നില്ല. അങ്ങനെ ബന്ധങ്ങളെല്ലാം നശിച്ചു എന്ന് പറയുന്നത് ആണ് സത്യം. പിന്നെ അച്ഛന്റെ ഒരു സഹോദരിയുണ്ട്. ആന്റിയുമായിട്ട് ഞാൻ ഇടയ്ക്ക് സംസാരിക്കാറുണ്ടായിരുന്നു. എങ്കിലും ഒരു പ്രശ്നം വന്നാൽ എന്നെ സഹായിക്കാനും മാത്രമുള്ള ബന്ധം ഒന്നും ആർക്കും ഇല്ല. കോളേജിൽ പഠിക്കുന്ന കാലത്തും സ്കൂളിൽ പഠിക്കുന്ന കാലത്തും ഒന്നും അധികം കൂട്ടുകാരും ഉണ്ടായിട്ടില്ല. ചിലപ്പോൾ എന്റെ ഉൾവലിഞ്ഞ പ്രകൃതം കൊണ്ടായിരിക്കും. ഞാൻ പെട്ടെന്ന് സിങ്ക് ആവില്ല. അവർക്ക് എന്നെ ഇഷ്ടമാകുമോ അങ്ങനെയൊക്കെയുള്ള ചിന്തകൾ…

അവനൊന്ന് ചിരിക്കുക മാത്രം ചെയ്തു.

” അമ്മയ്ക്ക് നല്ല വിഷമമായി ഞാൻ വന്നത് ല്ലേ..?

അവന്റെ മുഖത്തേക്ക് നോക്കി അല്പം വേദനയോടെ അവൾ പറഞ്ഞു..

” അത് പിന്നെ സ്വാഭാവികമായിട്ടും ഉണ്ടാവില്ലേ.? അമ്മ വിചാരിച്ച് വച്ചിരിക്കുന്നത് ഞാൻ വീട്ടിൽ ആരോടും പറയാതെ തന്നെ പ്രേമിച്ചു എന്നല്ലേ.? അമ്മയ്ക്ക് താൻ വന്നതല്ല ഞാൻ പറയാത്തത് ആണ് വിഷമമായത്. അമ്മയുടെ അവസ്ഥയൊക്കെ എനിക്ക് മനസ്സിലാവും, അതൊക്കെ മാറിക്കോളും

അവൻ പറഞ്ഞു ഇടയ്ക്കിപ്പോഴോ അവൻ ഫോണിൽ നോക്കാൻ തുടങ്ങിയപ്പോൾ അവൾ പുറത്തേക്ക് കാഴ്ചകളിലേക്ക് കണ്ണു നട്ടു. ബസ്സിൽ വീണ്ടും ആ പാട്ട് കേട്ടു.

“കഥയിലെ ഹൂറിയെന്നെ കാത്തിരുന്നു നിൻറെ മരതകഗൃഹം
കരുതിവെച്ചൂ നീയെനിക്കായ് സ്വപ്ന മധുരിതപുരം
ഇവിടെ നിൻ പ്രണയാലയം എൻറെ പ്രാർത്ഥനയായിടം
നമ്മളെത്തിയ പവിഴദ്വീപഹൃദം
തേടിയ തീരം ദൂരം”

ആ വരികൾ കേട്ടപ്പോൾ അറിയാതെ അവൾ അവനെ ഒന്ന് നോക്കി….


കുറച്ചു മുൻപ് അവൻ തന്നോട് ചോദിച്ച ചോദ്യം അവളുടെ ഓർമയിൽ വന്നു. ഒരു ജീവിതം തനിക്ക് വച്ച് നീട്ടി പ്രതീക്ഷ നിറചോരു ചോദ്യം. അതാണ് ആ നിമിഷം അവൾക്ക് ഓർമ്മ വന്നത്.

അവൾ അവനെ നോക്കുകയായിരുന്നു കട്ടിയുള്ള പുരികങ്ങളും വെളുത്ത മുഖവും കറുപ്പും കാപ്പിപ്പൊടി നിറവും ഇടകലർന്ന മീശയും താടിയും. സുന്ദരനാണവൻ.! നീണ്ടതും ചുരുണ്ടതുമായി ഇടകലർന്ന മുടിയിഴകൾ, ലൈറ്റ് പിങ്ക് നിറത്തിലുള്ള ചുണ്ടുകൾ ആ ദീക്ഷയ്ക്ക് ഭംഗി കൂട്ടുന്നു. ഏതൊരു പെണ്ണിനും ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ടമാകുന്ന മുഖം. സ്വഭാവവും അങ്ങനെ തന്നെ. ആരും ആഗ്രഹിച്ചു പോകും അവനെപ്പോലെ ഒരു പുരുഷനോട് ഒപ്പം ജീവിക്കാൻ
.
രണ്ടുദിവസങ്ങൾ കൊണ്ട് തന്നെ അത് മനസ്സിലാക്കിയതാണ്. ആരുമല്ലാത്ത ഒരാൾക്ക് വേണ്ടി അവൻ എടുത്ത വലിയ ത്യാഗങ്ങൾ. ഒരുപക്ഷേ വിവേകിന്റെ സ്ഥാനത്ത് ഇവനായിരുന്നുവെങ്കിൽ തന്നെ ഉപേക്ഷിച്ചു കളയുമായിരുന്നോ.? ആ ചോദ്യം അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു.. ഇങ്ങനെയൊരു സാഹചര്യത്തിൽ എന്തായിരിക്കും അവൻ ചെയ്യുന്നത്.? അതറിയാൻ അവൾക്ക് ആകാംക്ഷ തോന്നി.

” അതെ….

അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ വിളിച്ചു

അവൻ പെട്ടെന്ന് ഫോണിൽ നിന്ന് മുഖമുയർത്തി അവളുടെ മുഖത്തേക്ക് എന്ത് എന്ന് അർത്ഥത്തിൽ നോക്കി.

” ഞാനൊരു കാര്യം ചോദിച്ചാൽ തെറ്റിദ്ധരിക്കോ.?

അവന്റെ മുഖത്ത് സംശയവും ആകാംക്ഷയും ഇടകലർന്ന ഭാവം.

” ചോദിക്ക്..?.

” വിവേകിന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ നിങ്ങളെ വിശ്വസിച്ച് ഇറങ്ങി വരുന്ന ഒരു പെൺകുട്ടിയോട് എങ്ങനെയായിരിക്കും ഇടപെടുക.?

പെട്ടെന്ന് ആ മുഖത്ത് ഒരു ചിരി തെളിഞ്ഞു. കണ്ണുകളിൽ ഒരു കുസൃതിയും, അത് തനിക്ക് തോന്നിയതാണോ.? അവൾ ഒന്നും സംശയിച്ചു.

അവൻ ആകെപ്പാടെ അവളെ തന്നെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

” എന്നെ വിശ്വസിച്ച് ഇറങ്ങി വരുന്ന ഒരു പെണ്ണിന് ഒരിക്കലും ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരില്ല. കാരണം അവൾ ഇറങ്ങി വരേണ്ടി വരില്ല. ഞാൻ വിളിച്ച് ഇറക്കി കൊണ്ടുവരും.

അവന്റെ ആ വാക്കുകൾ വല്ലാത്തൊരു ബഹുമാനം അവനോട് അവൾക്ക് തോന്നാൻ കാരണം ആവുകയായിരുന്നു….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!