പ്രണയം: ഭാഗം 22
എഴുത്തുകാരി: കണ്ണന്റെ രാധ
ഇഷ്ടമാടോ..! ഇത്രയും കാലം എന്നെ മനസ്സിൽ വിചാരിച്ചു കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയെ എങ്ങനെയാ ഞാൻ ഇഷ്ടപ്പെടാതിരിക്കുന്നെ.? സത്യം ഇഷ്ട്ടം ആണ്..! ഞാൻ വിളിക്കാം,
അവളുടെ കവിളിൽ ഒന്നുകൂടി തഴുകിയാണ് അവൻ അവിടെ നിന്നും ഇറങ്ങിയത്
തിരികിയുള്ള യാത്രയിൽ മുഴുവൻ അവൻ ആലോചിച്ചത് അവളെക്കുറിച്ചാണ്…
താൻ പോലും അറിയാതെ എപ്പോഴോ അവൾ തന്റെ മനസ്സിൽ കുടിയേറിയിരിക്കുന്നു എന്ന് അവൻ ഓർത്തും. ഒരു ചിരി അവനിൽ നിറഞ്ഞിരുന്നു.
എപ്പോഴാണ് താൻ അവളെ സ്നേഹിച്ചു തുടങ്ങിയത്.?
അവളെ പറഞ്ഞു മനസ്സിലാക്കാൻ വേണ്ടി ആയിരുന്നില്ലേ ഇങ്ങോട്ട് വന്നത്. എന്നിട്ട് എന്താണ് താൻ ചെയ്യുന്നത്.? പ്രണയം തന്റെ ഹൃദയത്തിൽ ആധിപത്യം നേടിയോ.? താൻ പോലും അറിയാതെ അവളുടെ നിർമലമായ മുഖത്ത് നോക്കി താൻ പറഞ്ഞു പോവാരുന്നു പ്രണയം. നിമി നേരം കൊണ്ട് ഒരുവൾ മനസ്സ് കട്ടെടുത്തു കഴിഞ്ഞു
ഇത് തന്റെ വീട്ടിലോ അവളുടെ വീട്ടിലോ ഒരിക്കലും സമ്മതിക്കില്ലെന്ന് 100% ഉറപ്പാണ്. . എങ്കിൽപോലും അവളുടെ സ്നേഹം കാണുമ്പോൾ അവളെ അകറ്റി നിർത്താൻ തോന്നുന്നില്ല. അത്രത്തോളം താനും ചെറിയ സമയം കൊണ്ട് അവളെ ഇഷ്ടപ്പെട്ടു പോയി.
അവൾ തന്റെ ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുന്നു. കലർപ്പില്ലാത്ത സ്നേഹം ഇങ്ങോട്ട് കിട്ടുമ്പോൾ അത് തിരസ്കരിക്കാൻ ആർക്കെങ്കിലും കഴിയുമോ.?
തിരികെ വീട്ടിലേക്ക് വന്നപ്പോൾ അമ്മയു ഉറങ്ങാതെ കാത്തിരിക്കുന്നുണ്ട്, അല്ലെങ്കിലും എവിടെയെങ്കിലും പോയി വന്നാൽ താൻ ഭക്ഷണം കഴിച്ചിട്ടില്ലെങ്കിൽ കഴിക്കുന്നത് വരെ അമ്മ ഉറങ്ങാതിരിക്കുന്നത് പതിവാണ്…
” നീ വല്ലതും കഴിച്ചോ.?
അമ്മ ചോദിച്ചപ്പോൾ ഇല്ലന്ന് ചുമൽ കൂച്ചി കാണിച്ചു.
” എനിക്കറിയാമായിരുന്നു, അപ്പോൾ എഴുന്നേറ്റ് പോകാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്ന്..
” അതുകൊണ്ട് മാത്രമല്ല എന്റെ അമ്മ കുട്ടി ഇങ്ങനെ എന്നെ കാത്തിരിക്കുന്ന് എനിക്ക് ഉറപ്പല്ലേ. അതുകൊണ്ട് കൂടിയാ കഴിക്കാഞ്ഞത്…
സ്നേഹത്തോടെ അവനത് പറഞ്ഞപ്പോൾ അവൻ വല്ലാത്ത സന്തോഷത്തിലാണെന്ന് സുധയ്ക്ക് തോന്നിയിരുന്നു.
” ഇന്ന് എന്തുപറ്റി ഭയങ്കര സന്തോഷം..?
സുധ ചോദിച്ചു
ഒന്നുമില്ലന്ന് അവൻ പറഞ്ഞു വേഗം കൈ കഴുകി. അമ്മ വിളമ്പിയ ഭക്ഷണം കഴിച്ചു.
അന്നത്തെ രാത്രി കീർത്തനയ്ക്ക് ഉറങ്ങാൻ പറ്റിയില്ല. എത്ര കാലമായി താൻ ആഗ്രഹിച്ചതാണ് ഈ നിമിഷങ്ങൾ ഒക്കെ, അതാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. അവന്റെ തഴുകൽ കൊണ്ട് ചുവന്നുപോയ തന്റെ കവിളകം അവൾ ഒന്ന് തൊട്ടു നോക്കി..
കഴിഞ്ഞതൊക്കെ ഇപ്പോഴും സ്വപ്നമാണോ സത്യമാണോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. പക്ഷേ കൈകളിലെപ്പോഴും അവന്റെ ചൂട് നിറഞ്ഞിരിക്കുന്നു. കഴിഞ്ഞ രാത്രി തന്റെ സ്വപ്നങ്ങൾ എല്ലാം നഷ്ടമായി എന്ന് കരുതിയതാണ്. അവന് തന്നെ ഇഷ്ടമായിരുന്നില്ലെങ്കിൽ ഒരിക്കലും താൻ അവനെ നിർബന്ധിക്കുമായിരുന്നില്ല.
പക്ഷേ തന്റെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട് അവൻ തന്നെ കാണാൻ എത്തിയ നിമിഷം ശരിക്കും അമ്പരന്നു പോയിരുന്നു. അവൾ ചിന്തിച്ചു.
പ്രണയം അങ്ങനെയാണല്ലോ അത്രമേൽ മനോഹരം ആണെങ്കിൽ അത് നമ്മെ തേടിയെത്തും. സന്തോഷത്താൽ ഹൃദയം നിറയുകയാണ്. അവന്റെ ശബ്ദം ഒരിക്കൽ കൂടി കേൾക്കണം എന്ന് അവൾക്ക് തോന്നി..
ഈ സമയത്ത് വിളിക്കുന്നത് ശരിയാണോ അവൾ സ്വയം ചോദിച്ചു, രണ്ടും കൽപ്പിച്ച ഫോൺ എടുത്തു അവൾ അവന് ഇഷ്ടമാകുമോ ഇല്ലയോ എന്ന് സംശയം തോന്നിയെങ്കിലും അവൾ ഫോൺ എടുത്ത് അവന്റെ നമ്പർ ഡയൽ ചെയ്തു.
നന്ദൻ ആവട്ടെ ഫോൺ കയ്യിൽ എടുത്ത് അവളെ വിളിക്കണോ വേണ്ടയോ എന്നുള്ള സംശയത്തിൽ ഇരിക്കുകയാണ്. സമയം നന്നേ രാത്രിയായിരിക്കുന്നു. ഈ സമയത്ത് താൻ ഫോൺ വിളിച്ചാൽ അത് മോശമാവുമോ എന്നൊരു സംശയം ഉള്ളതുകൊണ്ട് ഫോൺ വിളിക്കാൻ മടിച്ച് ഫോണും കയ്യിൽ പിടിച്ചിരിക്കുകയാണ് നന്ദൻ…
അപ്പോഴാണ് കീർത്തനയുടെ ഫോൺ ഇങ്ങോട്ട് വരുന്നത്.
ഒറ്റ റിങ്ങിൽ തന്നെ ഫോൺ എടുക്കപ്പെട്ടു
“നന്ദേട്ടാ…..
അവളുടെ കുപ്പിവള കിലുങ്ങും പോലെയുള്ള ശബ്ദം. അല്ലെങ്കിലും ഈ വിളി ആണല്ലോ തന്നെ എപ്പോഴും കീഴ്പ്പെടുത്തി കളയുന്നത്. ഈ വിളിയിൽ ആണല്ലോ അവളുടെ പ്രണയം താൻ കണ്ടുപിടിച്ചതും.
നന്ദേട്ടാ എന്ന അവളുടെ വിളിയിൽ എല്ലാമുണ്ട്, അവൾക്ക് തന്നോടുള്ള പ്രണയം, ഇഷ്ടം, മോഹം, സ്വപ്നം അങ്ങനെയല്ലാം… അവളുടെ വിളിയുടെ ഓരോ ടോണിനും ഓരോ അർത്ഥങ്ങളാണ്..
” ഉറങ്ങിയില്ലായിരുന്നോ.?
അവൻ ചോദിച്ചു
” ഉറക്കം വന്നില്ല,..
ശബ്ദം കുറച്ചാണ് അവൾ സംസാരിക്കുന്നത്
” എന്താ ആരെങ്കിലും അടുത്തുണ്ടോ.?
അവൻ ചോദിച്ചു
” ഇല്ല, രാഗിണി ചേച്ചി നല്ല ഉറക്കം ആണ്. ഉണർത്തേണ്ട എന്ന് കരുതി.. നന്ദേട്ടൻ ഭക്ഷണം കഴിച്ചോ..?
” ഇപ്പൊ കഴിച്ച് ഇങ്ങോട്ട് വന്ന് കിടന്നതേയുള്ളൂ,
” നാളെ രാവിലെ അച്ഛൻ വരും. ചിലപ്പോൾ നാളെത്തന്നെ ഡിസ്ചാർജ് കാണും, അപ്പൊ എനിക്ക് വീട്ടിൽ പോകാൻ പറ്റും. നാളെ വൈകുന്നേരം പറ്റിയാൽ ഞാൻ അമ്പലത്തിലേക്ക് വരാം നന്ദേട്ടൻ അങ്ങോട്ട് വരൂമോ..
വന്നല്ലേ പറ്റൂ..!
ചെറു ചിരിയോടെ അവൻ ചോദിച്ചു..
“നന്ദേട്ടാ…
“എന്തോ…
” എനിക്കിപ്പോഴും എല്ലാം ഒരു അത്ഭുതം ആയിട്ടാ തോന്നുന്നത് എത്ര വർഷമായിട്ട് ഞാൻ ആഗ്രഹിച്ചാണെന്ന് അറിയാമോ.? ഇപ്പോൾ എനിക്ക് തോന്നുവാ കുറച്ചൂടെ മുൻപേ ഞാൻ എന്റെ ഇഷ്ടം നന്ദേട്ടനോട് പറയേണ്ടതായിരുന്നു..
അവന്റെ പതിഞ്ഞ ചിരി അവള് കേട്ടു
” ചിരിക്കുവാണോ? നന്ദേട്ടൻ ഇപ്പോഴും ഇതൊരു തമാശയായിട്ടാണോ കാണുന്നത്.?
അവള് പെട്ടെന്ന് സീരിയസ് ആയി
” ഒത്തിരി ഒന്നുമില്ല ഒരു സ്ക്രൂ എവിടെയോ പോയി കിടക്കാ.. അത് ആദ്യം കണ്ടപ്പോൾ എനിക്ക് തോന്നിയിരുന്നു.
അവൻ പറഞ്ഞു
“നന്ദേട്ടാ…
കൊഞ്ചികൊണ്ട് അവൾ വിളിച്ചു.
” എന്തോ….
ചിരിച്ചുകൊണ്ട് ഒരു പ്രത്യേക ടോണിൽ അവൻ മറുപടി കൊടുത്തു..
” ഒരു ദിവസം നൂറ് തവണ നന്ദേട്ടാ നന്ദേട്ട എന്ന് വിളിച്ചോളാം എന്ന് തനിക്ക് എന്തെങ്കിലും നേർച്ച ഉണ്ടോ.?
ചിരിയോടെ അവൻ ചോദിച്ചപ്പോൾ അവളും ചിരിച്ചു പോയിരുന്നു..
” കിടന്നുറങ്ങ് പെണ്ണെ, ഇനി സമാധാനമായിട്ട് ഉറങ്ങാലോ.
” എനിക്ക് ഉറക്കം വരുന്നില്ല ഇന്ന് മുഴുവൻ ഇങ്ങനെ സംസാരിച്ചിരിക്കാൻ തോന്നുന്നു
” പക്ഷേ എനിക്ക് നന്നായിട്ട് ഉറക്കം വരുന്നുണ്ട്, തനിക്ക് സംസാരിച്ച് അവിടെ ഇരുന്നാൽ മതി. എനിക്ക് നാളെ നേരം വെളുക്കുമ്പോൾ പണിക്ക് പോണം…
അവൻ പറഞ്ഞു
” അയ്യോ ഞാനത് മറന്നു പോയി. നന്ദേട്ടൻ കിടന്നോ ഗുഡ് നൈറ്റ്.
അവൾ പെട്ടെന്ന് ഫോൺ വയ്ക്കാൻ ഒരുങ്ങിയപ്പോൾ അവന് പാവം തോന്നി..
” കീർത്തന…
ആർദ്രമായി അവൻ വിളിച്ചു
“എന്തോ….
” ഐ ലവ് യു…
അവനത് പറഞ്ഞപ്പോൾ അവളുടെ ശരീരത്തിൽ മുഴുവൻ ഒരു തരിപ്പ് അനുഭവപ്പെട്ടു
…..തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…