USA

താരിഫ് ചുമത്തിയ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയ്ക്ക് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: കാനഡക്കും മെക്‌സിക്കോക്കും വന്‍തീരുവ ചുമത്തിയ അമേരിക്കന്‍ നടപടിയോട് ഉടനടി പ്രതികരിച്ച് ഇരുരാജ്യങ്ങളും രംഗത്ത്. കനേഡിയന്‍ 155 ബില്യണ്‍ ഡോളറിന്റെ യുഎസ് ഇറക്കുമതിക്ക് മേല്‍ കാനഡ 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രൂഡോ വ്യക്തമാക്കി. 30 ബില്യണ്‍ ഡോളര്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ബാക്കി 21 ദിവസത്തിനകം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ പുതിയ നികുതി നിരക്കിനെതിരെ ചൈനയും രംഗത്തെത്തി. പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് ചൈന വ്യക്തമാക്കി.

മെക്‌സിക്കോയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി താരിഫും താരിഫ് ഇതര നടപടികളും ഉള്‍പ്പെടുന്ന പ്ലാന്‍ ബി നടപ്പിലാക്കാന്‍ സാമ്പത്തിക മന്ത്രിയോട് പറഞ്ഞതായി മെക്സിക്കോയുടെ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത് ഗ്രൂപ്പുകളുമായി മെക്‌സിക്കോ സര്‍ക്കാരിന് സഖ്യമുണ്ടെന്ന അമേരിക്കയുടെ ആരോപണത്തിനും അവര്‍ തിരിച്ചടിച്ചു. ക്രിമിനല്‍ സംഘടനകളുമായുള്ള സഖ്യത്തെക്കുറിച്ച് മെക്‌സിക്കന്‍ സര്‍ക്കാരിനെതിരെ വൈറ്റ് ഹൗസ് നടത്തിയ അപവാദം തള്ളുന്നുവെന്നും ഷെയിന്‍ബോം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ എഴുതി.

ചൊവ്വാഴ്ച മുതല്‍ കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള കനേഡിയന്‍ ഊര്‍ജ്ജ ഉല്‍പന്നങ്ങള്‍ ഒഴികെയുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 25 ശതമാനം തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. അനധികൃത കുടിയേറ്റത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നുമുള്ള വലിയ ഭീഷണി ചൂണ്ടിക്കാട്ടിട്ടാണ് നികുതി വര്‍ധിപ്പിച്ചത്. ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുകയും ചെയ്തു. ഭാവിയില്‍ യൂറോപ്യന്‍ യൂണിയനിലും അധിക തീരുവ ചുമത്തുമെന്നും ട്രംപ് പറഞ്ഞു

Related Articles

Back to top button
error: Content is protected !!