ചരിത്രത്തിൽ ആദ്യം; രാഷ്ട്രപതി ഭവൻ വിവാഹവേദിയാകുന്നു: നടക്കുന്നത് ഇവരുടെ കല്ല്യാണം
ചരിത്രത്തിൽ ആദ്യമായി രാഷ്ട്രപതി ഭവൻ വിവാഹവേദിയാകുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ അനുമതിയോടെയാണ് വിവാഹം നടക്കുന്നത്. ഫെബ്രുവരി 12നാണ് വിവാഹം നടക്കുന്നത്. രാഷ്ട്രപതി ഭവനിലെ മദർ തെരേസ ക്രൗൺ കോംപ്ലക്സിൽ വച്ചായിരിക്കും വിവാഹം നടക്കുക. എന്നാൽ ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവനിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. വിവാഹം നടക്കാൻ പോകുന്നയാളുടെ സേവനത്തിലും പെരുമാറ്റത്തിലും രാഷ്ട്രപതിയുടെ മതിപ്പുളവാക്കിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂകയുള്ളൂ. രാഷ്ട്രപതി ഭവനിൽ വിവാഹം കഴിക്കുന്ന ആദ്യ വ്യക്തി ആരാണെന്ന ആകാംക്ഷയിലാണ് രാജ്യം. രാഷ്ട്രപതി ഭവനിൽ പിഎസ്ഒ ആയി നിയമിതയായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്) ഉദ്യോഗസ്ഥയും 74-ാമത് റിപ്പബ്ലിക് ദിന പരേഡിൽ സിആർപിഎഫിന്റെ വനിതാ സംഘത്തെ നയിച്ചിരുന്നയാളുമായ പൂനം ഗുപ്തയാണ് ആദ്യമായി രാഷ്ട്രപതി ഭവനിൽ വിവാഹിതയാകാൻ ഒരുങ്ങുന്നത്.
നിലവിൽ ജമ്മു കശ്മീരിൽ അസിസ്റ്റന്റ് കമാൻഡന്റ് ആയ അവ്‌നീഷ് കുമാറാണ് വരൻ. വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നാണ് വിവരം. വിവാഹത്തിനെത്തുന്ന അതിഥികൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഗണിതശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഗ്വാളിയോറിലെ ജിവാജി സർവകലാശാലയിൽ നിന്ന് ബിഎഡും സ്വന്തമാക്കിയ വ്യക്തിയാണ് പൂനം ഗുപ്ത. 2018 ലെ യുപിഎസ്‌സി സിഎപിഎഫ് പരീക്ഷയിൽ 81-ാം റാങ്ക് നേടിയാണ് രാഷ്ട്രസേവനത്തിനായി ചുവടുവയ്ക്കുന്നത്. ബീഹാറിലെ നക്സൽ ബാധിത പ്രദേശത്തും പൂനം സേവനമനുഷ്ഠിച്ചിട്ടുണ്ട്.