കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലീസ് പീഡിപ്പിക്കുന്നു; പരാതി നല്‍കി ചീഫ് കമ്മീഷണർ
തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലീസ് വേട്ടയാടുന്നതായി പരാതി. അന്വേഷണത്തിന്റെ പേരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലീസ് പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് മേധാവി പരാതി നല്‍കി. തെളിവുകളൊന്നുമില്ലാതെ വിജിലന്‍സ്-പോലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയാണെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ചീഫ് കസ്റ്റംസ് കമ്മീഷണര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
കരിപ്പൂര്‍ വിമാത്തവാളം വഴി നടക്കുന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്റെ ക്വാര്‍ട്ടേഴ്‌സില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അതൃപ്തി അറിയിച്ച് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ രംഗത്തെത്തിയത്.
ജനുവരി 18നായിരുന്നു സന്ദീപ് നെയിന്റെ ക്വാര്‍ട്ടേഴ്‌സില്‍ വിജിലന്‍സ് റെയ്ഡ് നടന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് വരെ റെയ്ഡ് തുടര്‍ന്നു. ഹരിയാനയിലെ കൈത്തലിലുള്ള സന്ദീപിന്റെ വീട്ടിലും പരിശോധന നടന്നിരുന്നു. ഉദ്യോഗസ്ഥന്റെ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം വിജിലന്‍സ് കൊണ്ടുപോയിരുന്നു. അവ തിരിച്ച് നല്‍കിയില്ലെന്നും ആരോപണം ഉയരുന്നുണ്ട്
ഇതിന് പിന്നാലെ കസ്റ്റംസ് ചീഫ് കമ്മീഷണര്‍ മനോജ് കെ അറോറ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് പരാതി നല്‍കി. കമ്മീഷണര്‍ സമര്‍പ്പിച്ച പരാതിയില്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.
എന്നാല്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിജിലന്‍സ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വീടുകളില്‍ പരിശോധന നടത്തുന്നത് നിയമം പാലിച്ചുകൊണ്ടാണ്. അത് ഇനിയും തുടരും. കോടതിയുടെ അനുമതിയോടെയാണ് പരിശോധന നടന്നത്. നിയമം പാലിച്ചുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥന് എവിടെ വേണമെങ്കിലും പരിശോധന നടത്താമെന്നും വിജിലന്‍സ് വ്യക്തമാക്കി.