ആദിവാസി വകുപ്പിന്റെ തലപ്പത്ത് ഉന്നതകുലജാതര്‍ വരണം: സുരേഷ് ഗോപി
ന്യൂഡല്‍ഹി: ആദിവാസി വകുപ്പിന്റെ തലപ്പത്ത് ഉന്നതകുലജാതര്‍ വരണമെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തനിക്ക് ആദിവാസി ക്ഷേമ വകുപ്പ് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഉന്നതകുലജാതന്‍ വകുപ്പ് മന്ത്രിയായാല്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹിയില്‍ മയൂര്‍ വിഹാറില്‍ ബിജെപി കേരള ഘടകം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
2016 ല്‍ എംപിയായത് മുതല്‍ മോദിജിയോട് ആവശ്യപ്പെടുന്നതാണ് തനിക്ക് സിവില്‍ ഏവിയേഷന്‍ വേണ്ട, ട്രൈബല്‍ വകുപ്പ് മതിയെന്ന്. നമ്മുടെ നാടിന്റെ ശാപമാണിത്. ട്രൈബല്‍ വകുപ്പ് മന്ത്രി ട്രൈബ് അല്ലാത്ത ആളാകാറില്ല. തന്റെ ആഗ്രഹമാണത്. ഒരു ഉന്നതകുലജാതന്‍ ട്രൈബുകളുടെ ഉന്നമനത്തിന് വേണ്ടി മന്ത്രിയാകണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളുണ്ടെങ്കില്‍ അദ്ദേഹത്തെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായി മന്ത്രിയാക്കണം. അത്തരത്തിലുള്ള പരിവര്‍ത്തനം നമ്മുടെ ജനാധിപത്യത്തില്‍ ഉണ്ടാകണം. ജാതിയില്‍ ഉന്നതരെന്ന് നമ്മള് കരുതുന്ന ബ്രാഹ്മണനോ നായിഡുവോ ഗോത്രവിഭാഗത്തിന്റെ കാര്യങ്ങള്‍ നോട്ടക്കെ.
ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ വലിയ വ്യത്യാസങ്ങളുണ്ടാകും. ഇക്കാര്യം താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനെല്ലാം കുറച്ച് ചിട്ടവട്ടങ്ങളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു
അതേസമയം, ബജറ്റിനെ കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു. കേരളത്തിന് എന്ത് വേണമെന്ന് വെറുതേ പുലമ്പിയാല്‍ പോരാ, ബജറ്റ് വകയിരുത്തുന്നത് ഓരോ മേഖലയിലേക്കാണ്. കേരളം നിലവിളിക്കുകയല്ല, കിട്ടുന്ന പണം കൃത്യമായി ചിലവഴിക്കുകയാണ് വേണ്ടത്.
കേരളമെന്നോ ബീഹാര്‍ എന്നോ ബജറ്റില്‍ വേര്‍തിരിച്ചിട്ടില്ല. 2024 ജൂണ്‍ വരെ ഈ ദുരന്തവും രാജ്യത്തെ മറ്റൊരു ദുരന്തവും ഒറ്റക്കെട്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ അതിലെ രണ്ടെണ്ണം ഡല്‍ഹിയില്‍ അടികൂടുന്നു. 2047 ഓടെ വികസിത രാജ്യമെന്നത് നടത്തിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.