അണ്ടർ 19 വനിത ലോകകപ്പിൽ ഇന്ത്യ ചാമ്പ്യന്മാർ; ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കിരീട നേട്ടം
അണ്ടർ 19 വനിത ലോകകപ്പിൽ ഇന്ത്യ തുടർച്ചയായി രണ്ടാം തവണയും കപ്പ് ജേതാക്കളായി. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തി ലോക കിരീടം സ്വന്തമാക്കിയത്. കിരീട നേട്ടത്തിൽ മലയാളി താരം വി ജെ ജോഷിതയും ഭാഗമായി. താരം ടൂർണമെന്റിൽ ഉടനീളമായി 6 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയുടെ എല്ലാ ഡിപ്പാർട്മെന്റും പൂർണ ആധിപത്യമാണ് കാഴ്ച വെച്ചത്.
ആദ്യം ബാറ്റ് ചെയ്യ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 82 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 11 .2 ഓവറിൽ ലക്ഷ്യം മറികടന്നു.
ടോസ് നഷ്ടപെട്ട ഇന്ത്യയെ ഫീൽഡിങ്ങിനു അയച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായികൊണ്ടിരുന്നു. ഇന്ത്യൻ സ്പിന്നർമാർ മികച്ച പ്രകടനമാണ് കളിക്കളത്തിൽ കാഴ്ച വെച്ചത്. ഗോങ്കടി തൃഷ നാല് ഓവറിൽ 15 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ആയുഷി ശുക്ല നാല് ഓവറിൽ രണ്ട് മെയ്ഡൻ ഉൾപ്പെടെ ഒമ്പത് റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റെടുത്തു. നാല് ഓവറിൽ ആറ് റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ പരുണിക സിസോദിയയും സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മീകെ വാന്‍ വൂസ്റ്റ് 23 റൺസ് നേടി ടോപ് സ്കോററായി. 16 റൺസുമായി ജെമ്മ ബോത്തയും 15 റൺസുമായി ഫയ് കൗളിംഗ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. 8 റൺസെടുത്ത ജി കമലാനിയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യയുടെ ടോപ് സ്കോററായി ഗോങ്കടി തൃഷ 44 റൺസോടെയും സനിക ചാല്‍ക്കെ 26 റൺസോടെയും പുറത്താകാതെ നിന്നു.